ഓർഡർ ചെയ്ത ഓണസദ്യ എത്തിച്ചില്ല; റെസ്റ്റോറന്റിന് 40,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ ഫോറം

കൊച്ചി: ഓർഡർ ചെയ്ത ഓണസദ്യ എത്തിച്ചു നല്‍കാത്തതിന് റെസ്റ്റോറന്റ് 40,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ ഫോറം. വൈറ്റിലയിലെ റെസ്റ്റോറന്റിനാണ് പിഴ വിധിച്ചത്. സദ്യയ്ക്കായി ഈടാക്കിയ 1295 രൂപ മടക്കി നൽകുന്നതിനോടൊപ്പം നഷ്ടപരിഹാരവും കോടതിച്ചെലവായി 5,000 രൂപ നൽകാനും ഉപഭോക്തൃ ഫോറം ഉത്തരവിട്ടു.

2021 ഓഗസ്റ്റിലായിരുന്നു സംഭവം നടന്നത്. 1295 രൂപ മുൻകൂറായി അടച്ചാണ് സദ്യ ബുക്ക് ചെയ്തതെന്ന് പരാതിക്കാരിയായ ബിന്ദ്യ വി സുതൻ പറയുന്നു. അഞ്ചു പേർക്കുള്ള സദ്യയാണ് ബുക്ക് ചെയ്തിരുന്നത്. ഓണദിവസം അതിഥികൾ വീട്ടിൽ ഉണ്ടായിരുന്നു. അതുകൊണ്ടാണ് സദ്യ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നത്. എന്നാൽ സമയം കഴിഞ്ഞും സദ്യ എത്താതായതോടെ റെസ്റ്റോറന്റിനെ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചില്ല.

ഫ്ലാറ്റിൽ എത്തിക്കുമെന്നാണ് റെസ്റ്റോറന്റ് വാഗ്ദാനം നൽകിയത്. എന്നാൽ സമയത്ത് സദ്യ ലഭിച്ചില്ല. ഇത് റെസ്റ്റോറന്റിനെ അറിയിച്ചപ്പോൾ അവർ ഒഴിവുകഴിവുകൾ‌ പറയുകയും പണം മടക്കിത്തരാമെന്ന് അറിയിക്കുകയും ചെയ്തതിരുന്നു. എന്നാൽ തനിക്ക് നേരിട്ട മാനസിക, ശാരീരിക ബുദ്ധിമുട്ടിന് നഷ്ടപരിഹാരം വേണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടു. സേവനം നൽകുന്നതിൽ ഗുരുതരമായ വീഴ്ചയാണ് റെസ്റ്റോറന്റിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഡി.ബി. ബിനുവിന്റെ നേതൃത്വത്തിലുള്ള ഉപഭോക്തൃ ഫോറം വിലയിരുത്തി.

Tags:    
News Summary - Consumer forum ordered restaurant to pay Rs 40,000 compensation for non-delivery of Onam Sadya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.