കൊച്ചി: സംസ്ഥാന-ജില്ല തലങ്ങളിലെ ഉപഭോക്തൃ സംരക്ഷണ കൗൺസിൽ (കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ) രൂപവത്കരണം സംബന്ധിച്ച മുഴുവൻ രേഖകളും ഹാജരാക്കണമെന്ന് ഹൈകോടതി. വ്യാഴാഴ്ച രേഖകൾ ഹാജരാക്കാനാണ് സർക്കാറിന് നിർദേശം നൽകിയിരിക്കുന്നത്. സംസ്ഥാന, ജില്ലതല കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലുകൾ പൂർണ സജ്ജമല്ലെന്ന് അടക്കം കാട്ടി അഭിഭാഷക പരിഷത്ത് കൊല്ലം ജില്ലാ സെക്രട്ടറി സി.കെ. മിത്രൻ നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
സംസ്ഥാനതലത്തിലും ഒമ്പത് ജില്ലയിലും കൗൺസിൽ നിലവിൽ വന്നതായി കഴിഞ്ഞദിവസം സർക്കാർ അറിയിച്ചിരുന്നു. ഇതടക്കം ഒട്ടേറെ കാര്യങ്ങൾ വിശദമാക്കിയായിരുന്നു വിശദീകരണം. എന്നാൽ, കൗൺസിൽ രൂപവത്കരിച്ചത് എന്ന് എന്നുപോലും വ്യക്തമാക്കാത്തതാണ് വിശദീകരണ പത്രികയെന്ന് കോടതി വിമർശിച്ചു. തുടർന്ന്, ഗവ. സെക്രട്ടറി ഹാജരാകണമെന്ന നിലപാട് കോടതി സ്വീകരിച്ചെങ്കിലും സർക്കാറിന്റെ വിശദീകരണത്തെ തുടർന്ന് തൽക്കാലം രേഖകൾ ഹാജരാക്കിയാൽ മതിയെന്ന് വ്യക്തമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.