തിരുവനന്തപുരം: ജല അതോറിറ്റിയിൽനിന്ന് സാങ്കേതിക അംഗമായി വിരമിച്ച ഉദ്യോഗസ്ഥന് കരാറടിസ്ഥാനത്തിൽ പുനർനിയമനം നൽകിയതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫിസേഴ്സാണ് (അക്വ) പരാതി നൽകിയത്. ജല അതോറിറ്റിയിലെ എൻജിനീയറിങ് സാങ്കേതിക വിഭാഗത്തിലെ ഉയർന്ന തസ്തികയാണ് ടെക്നിക്കൽ മെമ്പറുടേത്. മേയ് 31ന് വിരമിച്ചയാൾക്ക് മൂന്നുമാസത്തേക്കാണ് കാലാവധി നീട്ടി നൽകിയത്. ഇത് തുടർന്നും നീട്ടാൻ നീക്കം നടക്കുന്നുണ്ടത്രെ.
ജല അതോറിറ്റി തലപ്പത്തെ കരാർ നിയമന നീക്കം സംബന്ധിച്ച് നേരത്തേ ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
കഴിഞ്ഞ വർഷവും ഇപ്പോഴത്തേതിന് സമാനമായി വിരമിച്ചയാൾക്ക് നാല് തവണയായി ഉത്തരവിറക്കി പുനർനിയമനം നൽകി. ജല അതോറിറ്റി രൂപവത്കരിച്ച ശേഷം കഴിഞ്ഞ വർഷം മുതലാണ് വിരമിച്ചവർക്ക് പുനർനിയമനം നൽകുന്ന പ്രവണത ആരംഭിച്ചത്. ഇത് സർവിസിലുള്ള ജീവനക്കാർക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ടെക്നിക്കൽ മെമ്പർ സ്ഥാനത്തേക്ക് ചീഫ് എൻജിനീയർമാരിൽ ഒരാളെ സെലക്ട് ചെയ്ത് നിയമിക്കണമെന്നാണ് കേരള വാട്ടർ അതോറിറ്റി ആക്ടിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇതുപ്രകാരം യോഗ്യതയുള്ള വനിതയടക്കം നാല് ചീഫ് എൻജിനീയർമാർ സർവിസിലുള്ളപ്പോഴാണ് വിരമിച്ചയാളെ വിപുല അധികാരമുള്ള ടെക്നിക്കൽ മെമ്പർ സ്ഥാനത്ത് തുടരാൻ അനുവദിച്ചത്. കഴിഞ്ഞ വർഷം വിരമിച്ചയാൾക്ക് ടെക്നിക്കൽ മെമ്പറായി പുനർനിയമനം നൽകിയതിനെതിരെ നാല് ദിവസം ഓഫിസർമാർ സത്യഗ്രഹം നടത്തിയിരുന്നു. തുടർന്ന് 2024 ഫെബ്രുവരിയിലാണ് പുതിയ ടെക്നിക്കൽ മെംബറെ നിയമിച്ചത്. മേയ് 31ന് ഇദ്ദേഹം വിരമിച്ച ഒഴിവിൽ സർവിസിൽനിന്നുള്ളയാളെ ടെക്നിക്കൽ മെംബറാക്കേണ്ടതാണെങ്കിലും അതുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.