തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയെന്ന് കണ്ടെത്തി സസ്പെൻഡ് ചെയ്തെങ്കിലും വ്യവസായ ഡയറക്ടർ കെ. ഗോപാലകൃഷ്ണനെതിരെ തുടർനടപടികളിൽ സർക്കാറിന് മൗനം. സസ്പെൻഷൻ ഉത്തരവിൽ ഗുരുതര ആരോപണങ്ങളാണുള്ളതെങ്കിലും ഇതു പ്രകാരം കേസെടുക്കാൻ പൊലീസും തയാറായിട്ടില്ല. അതേസമയം, ഗോപാലകൃഷ്ണന്റെ വിശദീകരണം കേൾക്കാനും വിശദമായ അന്വേഷണത്തിനും നീക്കമുണ്ട്. വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് സൂചനയെങ്കിലും ഇക്കാര്യത്തിലും തീരുമാനമായിട്ടില്ല. സസ്പെൻഷൻകൊണ്ട് കേസ് അവസാനിപ്പിക്കുന്നതിനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. അതേസമയം, വിഷയം ഒതുക്കിയാൽ രാഷ്ട്രീയ ആരോപണങ്ങൾ ഉയരുമോ എന്ന ആശങ്കയിലാണ് സർക്കാറും.
അഖിലേന്ത്യ സർവിസ് പെരുമാറ്റചട്ടലംഘനത്തിന് പുറമേ, ജനാധിപത്യമൂല്യങ്ങൾക്ക് എതിരാണ് ഗോപാകൃഷ്ണന്റെ നടപടിയെന്നാണ് സസ്പെൻഷൻ ഉത്തരവിലുള്ളത്. ഫോൺ ഹാക്ക് ചെയ്തെന്ന ഗോപാലകൃഷ്ണന്റെ വാദം ശരിയല്ലെന്ന് ഡി.ജി.പിയും സർക്കാറിനെ അറിയിച്ചിരുന്നു. ഗോപാലകൃഷ്ണൻ കുറ്റം ചെയ്തെന്ന് തെളിയിക്കണമെങ്കിൽ ഗ്രൂപ്പുണ്ടാക്കിയതിലെ പങ്കിന് കൃത്യമായ തെളിവ് വേണമെന്നാണ് പൊലീസ് നിലപാട്.
ഫോൺ പലവട്ടം ഫോർമാറ്റ് ചെയ്ത് വിവരങ്ങളെല്ലാം ഒഴിവാക്കിയതാണ് വെല്ലുവിളി. അതേ സമയം ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണനാണെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുമ്പോഴാണ് പൊലീസ് സാങ്കേതികത്വത്തിൽ പിടിമുറിക്കുന്നത്. ഇതിനിടെ സർവിസ് ചട്ടലംഘനം ആരോപിച്ച് സസ്പെൻഡ് ചെയ്തതിനെ ചോദ്യം ചെയ്ത് എൻ. പ്രശാന്ത് അഡ്അമിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിക്കുമെന്നാണ് വിവരം. ഉദ്യോഗസ്ഥർക്കിടയിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമിച്ചെന്നതാണ് പ്രശാന്തിനെതിരായ ആരോപണം. അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ മറ്റൊരു ഉദ്യോഗസ്ഥനെ വിമർശിക്കുന്നത് എങ്ങനെ ഉദ്യോഗസ്ഥർക്കിടയിൽ ചേരിതിരിവുണ്ടാക്കലാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.