ഇടതുസ്ഥാനാർഥി: സഭയിലേക്ക് നീണ്ട് കലഹം

കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ഇടതു സ്ഥാനാർഥി പ്രഖ്യാപന വിവാദം സിറോ മലബാർ സഭയിലേക്കും നീളുന്നു. സഭയുടെ നോമിനിയാണ് ഇടതു സ്ഥാനാർഥിയെന്ന ആരോപണം ശക്തമായതോടെ നിഷേധിച്ച് സഭക്കുതന്നെ രംഗത്തിറങ്ങേണ്ടിവന്നു. സിറോ മലബാര്‍ സഭ സ്ഥാപനമായ ലിസി ആശുപത്രിയില്‍ വാർത്തസമ്മേളനം നടത്തിയ സ്ഥാനാർഥിയുടെ നടപടിക്കെതിരെ എതിർപ്പുയർന്നതോടെ അടങ്ങിക്കിടന്ന സഭ വിഭാഗീയതയുടെ അരങ്ങും ഉണർന്നു.

സ്ഥാനാർഥിയെ പ്രഖ്യാപിച്ച വ്യാഴാഴ്ചതന്നെ സഭ നോമിനിയാണ് ഇടതുസ്ഥാനാർഥി ഡോ. ജോ ജോസഫ് എന്ന വിവാദം ഉടലെടുത്തിരുന്നു. എൽ.ഡി.എഫ് ഇത് നിഷേധിച്ചെങ്കിലും ആരോപണം കെട്ടടങ്ങാത്ത സാഹചര്യത്തിൽ സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ വാർത്തസമ്മേളനം വിളിച്ച് ഒരിക്കൽകൂടി വ്യക്തത വരുത്തി. സഭ നടത്തുന്ന ആശുപത്രിയിലെ ഡോക്ടർ എന്ന നിലയിൽ അവിടെവെച്ച് മാധ്യമങ്ങളെ കണ്ടു എന്നതുകൊണ്ട് സഭ സ്ഥാനാർഥിയാണ് അദ്ദേഹമെന്ന് പറയാനാവില്ലെന്നായിരുന്നു ജില്ല സെക്രട്ടറിയുടെ ന്യായീകരണം. ഇതിനുപിന്നാലെ സിറോ മലബാർ സഭതന്നെ ഔദ്യോഗിക പത്രക്കുറിപ്പിലൂടെ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തി. എൽ.ഡി.എഫ് സ്ഥാനാർഥിയെ തീരുമാനിക്കുന്നതിൽ ഇടപെട്ടിട്ടില്ലെന്നും പ്രചാരണം വസ്തുതവിരുദ്ധമാണെന്നും സിറോ മലബാർ മീഡിയ കമീഷന്‍റെ പേരിലുള്ള പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം പ്രചാരണങ്ങൾക്കു പിന്നിൽ സ്ഥാപിത താൽപര്യക്കാരാണ്. രാഷ്ട്രീയ നിലപാടുകൾക്കനുസരിച്ചാണ് മുന്നണികള്‍ സ്ഥാനാർഥികളെ നിശ്ചയിച്ചത്. അതിൽ സഭയുടെ ഇടപെടൽ ആരോപിക്കുന്നവർക്ക് ദുരുദ്ദേശ്യമുണ്ട്. വ്യക്തമായ രാഷ്ട്രീയ-സാമൂഹിക അവബോധമുള്ള തൃക്കാക്കരയിലെ വോട്ടർമാർ ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പിനെ സമീപിക്കുമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.

എന്നാൽ, സഭ സ്ഥാപനമായ ആശുപത്രിയില്‍ ഡോ. ജോ ജോസഫ് വാര്‍ത്തസമ്മേളനം നടത്തിയതിനെ സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട് വിമർശിച്ചു. സഭ നടത്തുന്ന ആശുപത്രിയിലല്ല, പാര്‍ട്ടി ഓഫിസിലാണ് മാധ്യമങ്ങളെ കാണേണ്ടിയിരുന്നത്. സ്ഥാനാർഥി നിർണയത്തിൽ കര്‍ദിനാള്‍ ഇടപെട്ടെങ്കില്‍ തെറ്റാണ്. സഭ എല്ലാ കാര്യങ്ങളിലും കുറച്ചുകൂടി ജാഗ്രത പുലർത്തേണ്ടതുണ്ട്. യാദൃച്ഛികമായി സംഭവിച്ചതാണെന്ന് പറയാമെങ്കിലും ഇത് നൽകുന്ന സന്ദേശം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. ഇക്കാര്യത്തിൽ സി.പി.എം വലിയ വിലകൊടുക്കേണ്ടിവരുമെന്നും ഫാ. പോള്‍ തേലക്കാട് പറഞ്ഞുവെച്ചു. ഫാ. തേലക്കാടിന്‍റെ ആരോപണം ലിസി ആശുപത്രി ഡയക്ടർ ഫാ. പോൾ കരേടൻ തള്ളി. സ്ഥാനാർഥി വാർത്തസമ്മേളനം നടത്തിയിട്ടില്ലെന്നും സ്ഥാനാർഥിയെ കാണാൻ മാധ്യമപ്രവർത്തകർ ആശുപത്രിയിൽ എത്തിയപ്പോൾ അവിടെ അതിനുള്ള അവസരം ഒരുക്കുക മാത്രമാണ് ചെയ്തതെന്നും ഫാ. പോൾ കരേടൻ വിശദീകരിച്ചു.

ഡോ. ജോ ജോസഫിനെ കർദിനാൾ ആലഞ്ചേരിയുടെ സ്ഥാനാർഥിയായി മാത്രം ആരോപിച്ചാൽ മതിയെന്നും എറണാകുളം അതിരൂപതയുടെ തലയിൽ കെട്ടിവെക്കാൻ നോക്കേണ്ടെന്നും ചൂണ്ടിക്കാട്ടി അൽമായ മുന്നേറ്റം എറണാകുളം അതിരൂപത സമിതിയും രംഗത്തെത്തി. സ്ഥാനാർഥി എറണാകുളം അതിരൂപതയുടെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാൾ മാത്രമാണെന്നും അതിരൂപതയുമായി ഒരു ബന്ധവുമില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു. കർദിനാളിനെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് രംഗത്തുള്ളവരാണ് ഈ സംഘടന. ഇടതുസ്ഥാനാർഥിയുടെ വരവ് സഭയിലെ ആഭ്യന്തര കലഹം വീണ്ടും മൂർച്ഛിക്കുന്ന അവസ്ഥയിലേക്കാണ് എത്തിച്ചിരിക്കുന്നത്. അതേസമയം, സഭയെ നേരിട്ട് പറയാതെ സൂക്ഷ്മതയോടെയുള്ള നീക്കമാണ് ഇക്കാര്യത്തിൽ യു.ഡി.എഫ് നടത്തുന്നത്.

Tags:    
News Summary - Controversy over Left candidate in Thrikkakara constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.