തിരുവനന്തപുരം: പാര്‍ട്ടിക്കാരുടെ നിയമനത്തിനായുള്ള തിരുവനന്തപുരം കോർപറേഷൻ മേയറുടെ കത്തിനെ ചൊല്ലിയുള്ള വിവാദത്തിലും കുടുങ്ങി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ആനാവൂർ നാഗപ്പനെ ഉൾപ്പെടെ കുടുക്കുന്ന വിഷയം വിവാദമായതോടെ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലുമുണ്ടായി. കോർപറേഷന്റെ താല്‍ക്കാലിക ഒഴിവുകളിലെ നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കി മണിക്കൂറുകൾക്കകം മന്ത്രി എം.ബി. രാജേഷിന്റെ അറിയിപ്പ് പുറത്തുവന്നു.
സി.പി.എം നിർദേശാനുസരണമാണ് എം.ബി. രാജേഷ് വിഷയത്തിൽ ഇടപെട്ടത്. വിഷയം തണുപ്പിക്കാനാണ് സി.പി.എം ശ്രമിച്ചതെങ്കിലും മേയർ ആര്യ രാജേന്ദ്രന്റെ നടപടി സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. സർക്കാറിന്റെ വിവിധ സ്ഥാനങ്ങളിലേക്ക് പാർട്ടി നിയമനം നടക്കുന്നെന്ന ആക്ഷേപം നിലവിലുണ്ടെങ്കിലും അത് തെളിയിക്കുന്ന രേഖകളൊന്നും പുറത്തുവന്നിരുന്നില്ല. എന്നാൽ ആര്യ രാജേന്ദ്രനും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ഡി.ആർ. അനിലും ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന് നൽകിയതെന്ന പേരിൽ കത്തുകൾ പുറത്തുവന്നതോടെ സി.പി.എം വെട്ടിലായി. ഈ കത്തുകൾ യഥാർഥമാണോ വ്യാജമാണോയെന്നും ഇതുവരെ പാർട്ടി വ്യക്തമാക്കാത്തത് ദുരൂഹത വർധിപ്പിക്കുകയാണ്.
സർവകലാശാലകളിൽ അനധികൃത നിയമനങ്ങൾ നടക്കുന്നെന്ന ഗവർണറുടെ ആരോപണത്തെ തുടർന്ന് ഗവർണർക്കെതിരെ പ്രക്ഷോഭം ഉൾപ്പെടെ ആസൂത്രണം ചെയ്യാൻ ചേർന്ന യോഗത്തിനിടെ ഇത്തരമൊരു ആക്ഷേപം പാർട്ടിക്കെതിരെ ഉയർന്നതോടെ സി.പി.എമ്മിന് താൽക്കാലികമായെങ്കിലും മുഖംരക്ഷിക്കാൻ ഇടപെടേണ്ടിവന്നു. നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കൈമാറാൻ നിർദേശം നൽകുകയായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന നിലയിൽ ആര്യ രാജേന്ദ്രനെ ചുമതല ഏൽപ്പിക്കുമ്പോൾതന്നെ സി.പി.എമ്മിൽ അസ്വാരസ്യങ്ങൾ ഉയർന്നിരുന്നു. യോഗ്യതയുള്ള പലരെയും ഒഴിവാക്കിയാണ് വിദ്യാർഥിനിയായ ആര്യയെ മേയറാക്കിയത്. എന്നാൽ മേയർ എന്ന നിലയിൽ വിവാദങ്ങളുടെ പരമ്പര തന്നെ ആര്യ രാജേന്ദ്രനുണ്ടാക്കിയത് സി.പി.എമ്മിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.