തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കടക്കം ശിക്ഷയിളവ് നൽകുന്നത് സര്‍ക്കാറിന്റെ പരിഗണനയിലില്ലെന്ന് നിയമസഭയിൽ ആവർത്തിച്ച് സർക്കാർ. ഇതു സംബന്ധിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. പ്രത്യേക ഇളവ് അനുവദിക്കരുതെന്ന് കോടതി പ്രഖ്യാപിച്ചവർക്ക് ശിക്ഷയിളവിന് അര്‍ഹതയില്ലെന്ന് മുഖ്യമന്ത്രിക്കുവേണ്ടി എം.ബി. രാജേഷ് അറിയിച്ചു.
ടി.പി കേസിൽ ശിക്ഷിക്കപ്പെട്ടവര്‍ക്ക് 20 വര്‍ഷം തടവ് പൂര്‍ത്തിയാക്കുംമുമ്പ് ഇളവ് അനുവദിക്കരുതെന്ന് ഹൈകോടതി ഉത്തരവുണ്ട്. ശിക്ഷയിളവ് സംബന്ധിച്ച് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയത് മാനദണ്ഡപ്രകാരമല്ല. ഇതു സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ ജയില്‍ മേധാവി സൂപ്രണ്ടിനോട് വിശദീകരണം തേടിയിരുന്നു. ഈ കേസിലെ പ്രതികളെ ഒഴിവാക്കി ശിക്ഷയിളവിനുള്ളവരുടെ അന്തിമപട്ടിക നല്‍കുമെന്ന് വ്യക്തമാക്കി ജയില്‍ മേധാവി പത്രക്കുറിപ്പും ഇറക്കി.
ശിക്ഷയിളവിന് പരിഗണിക്കുന്ന തടവുകാരുടെ വിവരങ്ങള്‍ ആരാഞ്ഞ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ജില്ല പൊലീസ് മേധാവിക്ക് നല്കിയ കത്തും ഇക്കാര്യത്തില്‍ ജയില്‍ ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് ജയില്‍ സൂപ്രണ്ട് നല്കിയ വിശദീകരണവും മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഈ കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുമെന്ന് മറുപടിയിൽ വ്യക്തമാക്കി.
കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മറ്റ് പ്രതികളും ശിക്ഷായിളവ് പട്ടികയിൽ ഉൾപ്പെട്ടതായി സൂചന. നാലുമുതൽ ആറുവരെ പ്രതികളായ ടി.കെ. രജീഷ്, കെ.കെ. മുഹമ്മദ് ഷാഫി, എസ്. സിജിത്ത് എന്നിവരുടെ പേരുവിവരമടങ്ങുന്ന പട്ടിക പുറത്തായതോടെ മറ്റുള്ളത് പൂഴ്ത്തിയെന്നാണ് വിവരം. ടി.പി കേസിലേത് ഉൾപ്പെടെ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന 188 തടവുകാരുടെ പട്ടികയാണ് പൊലീസ് റിപ്പോർട്ട് തേടി സംസ്ഥാനത്തെ വിവിധ ജില്ല പൊലീസ് മേധാവികൾക്ക് അയച്ചത്.
കണ്ണൂർ സിറ്റി, കോഴിക്കോട് റൂറൽ, പുതുച്ചേരിയുടെ ഭാഗമായ മാഹി എന്നീ സ്റ്റേഷൻ പരിധികളിൽ ഉൾപ്പെടുന്നവരാണ് ടി.പി കേസ് പ്രതികൾ. കേന്ദ്രഭരണ പ്രദേശമായതിനാൽ മാഹിയിലേക്ക് കത്ത് അയച്ചിട്ടില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി പിന്നീട് അയക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.
ശിക്ഷായിളവ് നൽകേണ്ട പട്ടിക തയാറാക്കുന്നതിൽ ജയിൽ സൂപ്രണ്ടിന് അസാധാരണ തിടുക്കമുണ്ടായെന്നാണ് കണ്ടെത്തൽ. 20 വർഷം കഴിയാതെ ഒരിളവും പാടില്ലെന്ന് ഹൈകോടതി നിർദേശിച്ച ടി.പി കേസ് പ്രതികളുടെ പേര് ഉൾപ്പെടുത്തുന്ന കാര്യത്തിൽ ജയിൽ വകുപ്പ് ആസ്ഥാനത്തുനിന്ന് അഭിപ്രായം തേടിയിട്ടില്ല. പട്ടിക തയാറാക്കുന്നതിൽ ജയിൽ ഉപദേശക സമിതിക്ക് നേരിട്ട് പങ്കില്ലെങ്കിലും ഉദ്യോഗസ്ഥർ ബാഹ്യസ്വാധീനത്തിന് വഴങ്ങിയോ എന്നാണ് സംശയം.
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷ ഇളവുനൽകാനുള്ള നീക്കത്തെച്ചൊല്ലി നിയമസഭ പ്രക്ഷുബ്ധമായി. ശിക്ഷയിളവിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൊണ്ടുവന്ന സബ്മിഷനും മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എം.ബി. രാജേഷ് നൽകിയ മറുപടിയുമാണ് സഭയെ ബഹളത്തിൽ മുക്കിയത്. ഇരിപ്പിടംവിട്ട് സ്പീക്കറുടെ ഡയസിന് മുന്നിലെത്തിയ പ്രതിപക്ഷാംഗങ്ങൾ പ്ലക്കാർഡുകളുയർത്തി മുദ്രാവാക്യം മുഴക്കി. തുടർന്ന് സർക്കാർ നിലപാടിനെതിരെ പ്രതിഷേധമുയർത്തി പ്രതിപക്ഷം വാക്കൗട്ട് നടത്തി.
ടി.പി വിഷയത്തിൽ അടിയന്തര പ്രമേയത്തിന് ചൊവ്വാഴ്ച അവതരണാനുമതി നിഷേധിച്ച സർക്കാർ ശിക്ഷയിളവിന് നീക്കമില്ലെന്ന് വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സബ്മിഷൻ അവതരിപ്പിക്കുന്നതിന് മുമ്പാണ് ശിക്ഷയിളവിന് പൊലീസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത തീരുമാനം പുറത്തുവന്നത്. ശിക്ഷയിളവ് നീക്കത്തിൽ സർക്കാറിന് പങ്കില്ലെന്നും ഉദ്യോഗസ്ഥരാണ് കുറ്റക്കാരെന്നും സ്ഥാപിക്കാനായിരുന്നു സർക്കാർ ശ്രമം.
ടി.പി കേസിൽ ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നീ പ്രതികൾക്ക് പുറമേ, ട്രൗസർ മനോജിനുകൂടി ഇളവു നൽകാൻ നീക്കം നടന്ന വിവരങ്ങൾ വി.ഡി. സതീശൻ ഉന്നയിച്ചു. കണ്ണൂർ ജയില്‍ സൂപ്രണ്ട് സിറ്റി പൊലീസ് കമീഷണര്‍ക്ക് അയച്ച കത്തിലെ ഉള്ളടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കൊലക്കേസ് പ്രതികള്‍ക്ക് 14 വര്‍ഷം പൂര്‍ത്തിയാകുന്നതു വരെ ശിക്ഷയിളവ് കൊടുക്കേണ്ടെന്ന നേരത്തേയുള്ള വ്യവസ്ഥ സർക്കാർ പിന്നീട് മാറ്റിയതും സതീശൻ സഭയുടെ ശ്രദ്ധയിൽപ്പെടുത്തി. കേരള ജയിൽ നിയമം 78(20) വകുപ്പ് അനുസരിച്ച് ശിക്ഷാകാലാവധിയുടെ മൂന്നില്‍ ഒന്നിൽ താഴെയായിരിക്കണം ആകെ പരോളെന്ന് വ്യക്തമാക്കുന്നുണ്ട്.
ടി.പി കേസ് പ്രതികള്‍ മിക്കപ്പോഴും പരോളിലാണ്. അവര്‍ക്ക് ശിക്ഷയിളവ് നല്കണമെങ്കില് ഈ നിയമം തടസ്സമാകുമെന്ന് കണ്ടാണ് 2022ലെ ഉത്തരവിൽ ജയിൽ നിയമത്തിലെ ഇതുമായി ബന്ധപ്പെട്ട വകുപ്പ് നീക്കിയത്. പ്രതി മുഹമ്മദ് ഷാഫിക്കുവേണ്ടി ചൊക്ലി പൊലീസും അണ്ണന് സിജിത്തിനുവേണ്ടി പാനൂര്‍ പൊലീസും കെ.കെ. രമയില്‍നിന്ന് മൊഴിയെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ട് ട്രൗസര്‍ മനോജിനുവേണ്ടിയും രമയുടെ മൊഴി രേഖപ്പെടുത്തി. ടി.പി കേസ് പ്രതികള്‍ക്ക് ഒരുകാരണവശാലും ശിക്ഷയിളവ് നല്‍കില്ലെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ പുറപ്പെട്ടതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച സഭയിലെത്തിയിരുന്നില്ല. പ്രതിപക്ഷ നേതാവ് സബ് മിഷൻ അവതരിപ്പിക്കുമ്പോൾ സ്പീക്കർ എ.എൻ. ഷംസീറിന് പകരം ഡെപ്യൂട്ടി സ്പീക്കറായിരുന്നു ചെയറിൽ. സഭ ബഹളത്തിൽ മുങ്ങിയതോടെ സ്പീക്കർ എത്തി സഭയുടെ നിയന്ത്രണം ഏറ്റെടുത്തു.
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ കേസിൽ നിയമസഭയിൽ മറുപടി പറയുന്നതിൽനിന്ന് മാറിനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടി.പി കേസുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയം വന്നപ്പോൾ മാറിനിന്ന മുഖ്യമന്ത്രി ഇതുസംബന്ധിച്ച സബ്മിഷനുള്ള മറുപടിക്കും ഹാജരായില്ല. ടി.പിയുടെ വിധവ കെ.കെ. രമയുമായി സഭയിൽ നേരിട്ടുള്ള പോരാട്ടത്തിൽനിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നെന്നാണ് പ്രതിപക്ഷ ആക്ഷേപം.
പ്രതികൾക്ക് ശിക്ഷയിളവ് നൽകാനുള്ള നീക്കത്തിനെതിരെ ചൊവ്വാഴ്ചയാണ് രമ അടിയന്തരപ്രമേയം കൊണ്ടുവന്നത്. നോട്ടീസിന് മറുപടി പറയേണ്ടിയിരുന്നത് വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയായിരുന്നു. അന്ന് ആ സമയത്ത് മുഖ്യമന്ത്രി സഭയിൽ വന്നില്ല. ശിക്ഷയിളവിന് നീക്കമില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെന്ന് വിശദീകരിച്ച് സ്പീക്കർ എ.എൻ. ഷംസീർ പ്രമേയം തള്ളി. സ്പീക്കറല്ല, വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല.
വ്യാഴാഴ്ച ടി.പി കേസ് വിഷയത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കൊണ്ടുവന്ന സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി പറഞ്ഞത് മന്ത്രി എം.ബി. രാജേഷാണ്.
സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഡൽഹിയിൽ പോകേണ്ടതിനാലാണ് മുഖ്യമന്ത്രി വ്യാഴാഴ്ച സഭയിൽ വരാതിരുന്നതെന്നാണ് സി.പി.എം വിശദീകരിക്കുന്നത്. ഇരട്ടച്ചങ്കന് കെ.കെ. രമയുടെ ചോദ്യങ്ങളെ നേരിടാൻ ഭയമാണെന്ന് സതീശൻ കുറ്റപ്പെടുത്തി. പിണറായി വിജയന്റെ മുഖത്ത് നോക്കി കുറേ ചോദ്യങ്ങൾ ചോദിക്കാനുണ്ടെന്നും മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നും രമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.