കൊച്ചി: പുതിയ കാലത്തെ സാങ്കേതിക വെല്ലുവിളികൾ നേരിടാൻ കേരളത്തിലെ സഹകരണ പ്രസ്ഥാനം ശക്തമാണെന്നു മന്ത്രി പി. രാജീവ്. ഉദയംപേരൂർ സഹകരണ ബാങ്കിന്റെ ശതാബ്ദി സ്മാരക മന്ദിരം ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സഹകരണ മേഖല ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്നു വ്യത്യസ്തമായി ഏറെ ക്രിയാത്മക സംഭാവന നൽകിയിട്ടുള്ള സംവിധാനമാണ്. ഇപ്പോൾ പുതിയ കാലത്തിന്റെ പല വെല്ലുവിളികളെയും അവർ നേരിടുന്നു. ബാങ്കിങ് സംവിധാനം കൈകാര്യം ചെയ്യുന്നവർ സാങ്കേതിക വിദ്യയെക്കുറിച്ചു നല്ല ധാരണ ഉള്ളവരായിരിക്കണം. അതുകൊണ്ടാണ് സഹകരണ ബാങ്ക് ബോർഡിൽ അത്തരം പ്രാതിനിധ്യം വേണമെന്ന് സർക്കാർ നിഷ്കർഷിച്ചത്. അടുത്ത കാലത്തുണ്ടായ ചില പ്രശ്നങ്ങൾ അപൂർവമാണെങ്കിലും ആവർത്തിക്കപ്പടാൻ പാടില്ല എന്നതിനാലാണു നിയമം തന്നെ ഭേദഗതി ചെയ്തത്.
ഇതിനായി നിയമസഭയിൽ അവതരിപ്പിച്ച ബില്ല് സെലക്ട് കമ്മിറ്റിക്ക് വിട്ടു. കേരളത്തിലുടനീളം സഞ്ചരിച്ച കമ്മിറ്റി അംഗങ്ങൾ കക്ഷിരാഷ്ട്രീയത്തിനതീതമായി അനുഭവ സമ്പത്തുള്ള വ്യക്തിത്വങ്ങളുടെ അഭിപ്രായങ്ങൾ സമാഹരിച്ചിട്ടാണ് റിപ്പോർട്ട് തയാറാക്കി സമർപ്പിച്ചതും ബില്ല് നിയമസഭ പാസാക്കിയതും.
സഹകരണ ബാങ്ക് എങ്ങിനെ പ്രവർത്തിക്കുന്നു എന്നതിന്റെ പ്രധാന അളവുകോൽ എത്ര നിക്ഷേപം, വായ്പ എന്നതു മാത്രമല്ല. ബാങ്ക് പ്രവർത്തിക്കുന്ന മേഖലയിലെ മനുഷ്യരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റം ഉണ്ടാക്കാൻ പറ്റും എന്നതു കൂടിയാണെന്ന് മന്ത്രി പറഞ്ഞു.
ജീവിത നിലവാരം ഉയർത്താൻ കഴിഞ്ഞിട്ടുണ്ടോ എന്നത് പ്രധാനപ്പെട്ടതാണ്. സഹകരണ ബാങ്ക് എല്ലാവർക്കും ഒരു സൗകര്യമാണ്. കല്യാണ ആവശ്യം വിദ്യാഭ്യാസ ആവശ്യം അല്ലെങ്കിൽ പെട്ടെന്നു പണത്തിന് ആവശ്യം വന്നാൽ ഓടിച്ചെല്ലാവുന്ന ഒരു സംവിധാനമാണ് നമ്മുടെ സഹകരണ ബാങ്കുകൾ. തൊഴിൽ സൃഷ്ടിക്കുന്നതിലും ബാങ്കുകൾ കുറേകൂടി ക്രിയാത്മകമായി ഇടപെടണം.
കാർഷിക പശ്ചാത്തല സൗകര്യ വികസനത്തിന് നബാർഡ് രണ്ടുകോടി രൂപ വരെ വായ്പ ബാങ്കുകൾക്ക് ചെറിയ പലിശക്കു നൽകുന്നുണ്ട്. സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത് എല്ലാ വീട്ടിലും ഒരു തൊഴിൽ അല്ലെങ്കിൽ സംരംഭം എത്തിക്കാൻ പറ്റുമോ എന്നതാണ്. അതിനുള്ള വിഭവശേഷി നമ്മുടെ വീടുകളിലുണ്ട്. അത് കണ്ടെത്തി അവർക്ക് ആവശ്യമായ പരിശീലനം കൊടുത്ത് ഈ മേഖലയിൽ കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കെ. ബാബു എം.എൽ.എ സോളാർ വായ്പ വിതരണം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എസ്. ലിജു യോഗത്തിൽ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.