തിരുവനന്തപുരം: ജീവനക്കാരുടെയും സഹകാരികളുടെയും ബാധ്യത വാർഷിക പൊതുയോഗത്തിൽ വെളിപ്പെടുത്തണമെന്നതടക്കമുള്ള നിർദേശങ്ങളോടെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബിൽ. ജീവനക്കാരും സഹകാരികളും ബന്ധുക്കളുടെയും ബിനാമികളുടെയും പേരിൽ വായ്പയെടുത്ത് തിരിച്ചടക്കാത്ത സംഭവങ്ങൾ വകുപ്പിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഇങ്ങനെയെടുത്ത വായ്പകൾ തിരിച്ചടക്കാതെ വലിയ ബാധ്യത സഹകരണ വകുപ്പിനുണ്ട്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വരുന്നതുവരെ പലരും ഇത് തിരിച്ചടക്കാറില്ല. ഒരു സംഘത്തിലെ 32 ജീവനക്കാർ ചേർന്ന് ചില ആനുകൂല്യങ്ങൾ പങ്കിട്ടെടുത്തതടക്കം ക്രമക്കേടുകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. വാർഷിക പൊതുയോഗത്തിൽ ബാധ്യത വിവരം റിപ്പോർട്ട് ചെയ്യണമെന്ന ഭേദഗതി കൊണ്ടുവന്നത് ഇത് തടയാനാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ, ഇത്തരത്തിൽ സംസ്ഥാനത്ത് എത്ര സംഘങ്ങൾ എത്ര രൂപയുടെ ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന കണക്കെടുത്തില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങളാണ് ശ്രദ്ധയിൽപെട്ടതെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഓഡിറ്റിൽ നിന്നും മറ്റും ഒഴിവാകാനായി ലാഭത്തിലുള്ള സംഘങ്ങൾ ഏതാനും പേരെ ഉൾപ്പെടുത്തി പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കി ആനുകൂല്യം പറ്റുന്നത് തടയാനും നിയമം വ്യവസ്ഥ ചെയ്യുന്നു. നിലവിലുള്ള ഇത്തരം അനുബന്ധ സ്ഥാപനങ്ങൾക്ക് തുടരാമെങ്കിലും പുതുതായി ആരംഭിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
സഹകരണ മേഖലയിൽ സമഗ്ര മാറ്റം കൊണ്ടുവരാനും ക്രമക്കേടുകൾ ഒഴിവാക്കാനും ലക്ഷ്യമിട്ട് തയാറാക്കിയ കേരള സഹകരണ സംഘം സമഗ്ര ഭേദഗതി ബില്ലിന് കേരള നിയമസഭ ഐകകണ്ഠ്യേന അംഗീകാരം നൽകി. ഒരേ വ്യക്തികൾ തന്നെ ദീർഘകാലമായി ഭാരവാഹികളായി തുടരുന്ന സംഘങ്ങളിലാണ് കൂടുതൽ ക്രമക്കേടെന്ന് മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് വായ്പ സഹകരണ സംഘങ്ങളുടെ ഭാരവാഹികൾ തുടർച്ചയായി മൂന്ന് തവണയിൽ കൂടുതൽ ഭരണസമിതി അംഗങ്ങളായി തുടരാൻ പാടില്ലെന്ന ഭേദഗതി ഉൾപ്പെടുത്തിയത്.
വായ്പ സംഘങ്ങളിൽ ഭരണസമിതി അംഗങ്ങൾക്ക് മൂന്ന് ടേം വ്യവസ്ഥ, പ്രാഥമിക വായ്പ സംഘങ്ങൾ, മറ്റ് വായ്പ സംഘങ്ങൾ, പ്രാഥമിക സംഘങ്ങൾ എന്നിവയുടെ നിർവചനങ്ങളിൽ കാലോചിതമായ മാറ്റം, യുവസംഘങ്ങൾ രൂപവത്കരിക്കാനുള്ള വ്യവസ്ഥ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ തുടങ്ങിയവർക്കായി സോഷ്യൽ സഹകരണ സംഘങ്ങൾ രൂപവത്കരിക്കാനുള്ള വ്യവസ്ഥ, അഡ്മിനിസ്ട്രേറ്റിവ് ഓഡിറ്റ്, സംഘങ്ങൾക്ക് പൊതുസോഫ്റ്റ് വെയർ, കമ്പ്യൂട്ടർ അധിഷ്ഠിത അക്കൗണ്ടിങ്ങും ഓഡിറ്റും, ടീം ഓഡിറ്റ് തുടങ്ങിയവ വ്യവസ്ഥകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സഹകരണ സംഘങ്ങളിലെ നിയമനങ്ങളുടെ സുതാര്യത ഉറപ്പുവരുത്താനായി വനിതാ ഫെഡ്, ലേബർ ഫെഡ്, ടൂർ ഫെഡ്, ഹോസ്പിറ്റൽ ഫെഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ നിയമനങ്ങൾ പി.എസ്.സിക്ക് വിടും. ജൂനിയർ ക്ലർക്കിന് മുകളിലുള്ള നിയമനങ്ങളും പരീക്ഷ ബോർഡിന് നൽകാൻ വ്യവസ്ഥ ചെയ്തു. ഭിന്നശേഷിക്കാരുടെ സംവരണം മൂന്നിൽ നിന്ന് നാല് ശതമാനമാക്കി. ഒ.ബി.സി വിഭാഗങ്ങൾക്ക് നിയമനസംവരണം പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുന്നതുൾപ്പെടെ 56 വ്യവസ്ഥകളാണ് ഭേദഗതിയായും കൂട്ടിച്ചേർക്കലായും ഉൾപ്പെടുത്തിയത്.
• ഭരണസമിതിക്ക് പകരമായി നിയോഗിക്കുന്ന അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങൾ അതത് സംഘത്തിലെ അംഗങ്ങളാകണം.
• സഹകരണസംഘം രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കേണ്ട കാലാവധി 90 ദിവസമെന്നത് 60 ദിവസമാക്കി.
• വസ്തുജാമ്യത്തിൽ നൽകുന്ന 10 ലക്ഷത്തിന് മുകളിലുള്ള വായ്പക്ക് മൂല്യനിർണയ സമിതിയെ നിയോഗിക്കും.
• യുവജന പ്രാതിനിധ്യം ഉറപ്പുവരുത്താൻ ഭരണസമിതിയിൽ 40 വയസ്സിന് താഴെയുള്ള ഒരു വനിതക്കും മറ്റൊരു വ്യക്തിക്കും സംവരണം
• ക്രമക്കേടുകൾക്കെതിരായ അന്വേഷണം തീർപ്പാക്കാനുള്ള കാലപരിധി കുറച്ചു. നഷ്ടോത്തരവാദിത്തം തിട്ടപ്പെടുത്താനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി
• സഹകരണ ആർബിട്രേഷൻ കോടതികളിലെ പ്രിസൈഡിങ് ഓഫിസറായി ജുഡീഷ്യൽ സർവിസിൽ നിന്നുള്ള ഉദ്യോഗസ്ഥരെ നിയമിക്കും
തിരുവനന്തപുരം: സഹകരണ നിയമഭേദഗതിക്കനുസൃതമായി സഹകരണ ചട്ടങ്ങള്‍ തയാറാക്കാൻ സമിതി രൂപവത്കരിക്കാന്‍ തീരുമാനിച്ചതായി മന്ത്രി വി.എന്‍. വാസവന്. സഹകരണ സംഘം രജിസ്ട്രാര്‍ കണ്‍വീനറായ ഏഴംഗ സമിതിയാകും ചട്ടങ്ങള്‍ രൂപപ്പെടുത്തുക. ഈ കമ്മിറ്റിയില്‍ നാലംഗങ്ങള്‍ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരും മൂന്നുപേർ സഹകരണ മേഖലയിലെ വിദഗ്ധരുമാകും -മന്ത്രി വാർത്തക്കുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.