തിരുവനന്തപുരം: തനിക്കെതിരായ യുവനടിയുടെ പീഡന പരാതിയുടെ പകർപ്പും എഫ്.ഐ.ആർ പകർപ്പും ആവശ്യപ്പെട്ട് നടൻ സിദ്ദിഖ് കോടതിയെ സമീപിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. യുവനടിയുടെ പരാതിയിൽ സിദ്ദീഖിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ വകുപ്പുകൾ പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകളനുസരിച്ചാണ് കേസ്.
യുവനടി നൽകിയ പരാതിയുടെ തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചു വരികയാണ്. വഞ്ചിയൂര്‍ സഖിയിൽവെച്ച് മ്യൂസിയം എസ്.ഐ ആശ ചന്ദ്രൻ നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരിയുടെ വൈദ്യ പരിശോധനയും നടത്തി. രഹസ്യ മൊഴിക്കായി മജിസ്ട്രേറ്റിന് അപേക്ഷ നൽകും. 2016ൽ മാസ്ക്കറ്റ് ഹോട്ടലിൽ സിദ്ദീഖ് ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് കേസ്. പരാതിക്കാരിയെ തിരുവനന്തപുരത്തുവെച്ച് കണ്ടിരുന്നതായി സിദ്ദീഖ് നേരത്തേ സമ്മതിച്ചിട്ടുണ്ട്.
പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സിദ്ദീഖിന്‍റെ പരാതിയും അന്വേഷണസംഘത്തിന് മുന്നിലുണ്ട്. നടിയുടെ പരാതിയിൽ പറഞ്ഞ കാലയളവിൽ സിദ്ദിഖ് മാസ്കറ്റ് ഹോട്ടലിൽ താമസിച്ചിരുന്നു എന്നതിനു പൊലീസിനു തെളിവു ലഭിച്ചതായാണ് വിവരം. 2016 ജനുവരി 28നാണു സിദ്ദിഖ് മുറിയെടുത്തതെന്നു ഹോട്ടൽ രേഖകളിലുണ്ട്. സിദ്ദിഖ് ഹോട്ടലിലുണ്ടായിരുന്നതായി പരാതിക്കാരി പൊലീസിനോടു പറഞ്ഞതും ഇതേ കാലയളവായിരുന്നു. ഹോട്ടലിൽ വച്ച് നടിയെ കണ്ടിട്ടില്ലെന്നാണ് സിദ്ദീഖിന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.