ബ്രഹ്‌മപുരം മാലിന്യ പ്ലാന്‍റിലെ അഴിമതിയെ കുറിച്ച് സമഗ്രമായി അന്വേഷിക്കണം -കെ. സുധാകരൻ

തിരുവനന്തപുരം: ബ്രഹ്‌മപുരം മാലിന്യസംസ്‌കരണ പ്ലാന്റില്‍ സംസ്ഥാന സര്‍ക്കാരും കൊച്ചി കോര്‍പറേഷനും നടത്തിയ 54 കോടി രൂപയുടെ അഴിമതി മൂലമാണ് കൊച്ചി നഗരവാസികളും പരിസരവാസികളും ഒരാഴ്ചയായി തീച്ചൂളയില്‍ ജീവിക്കേണ്ടി വന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ടെണ്ടര്‍ കിട്ടിയ കമ്പനി മനഃപൂര്‍വം പ്ലാന്റിനു തീയിട്ടതായി പറയുന്നു. ഇതിലെ അഴിമതിയെ കുറിച്ച് കോര്‍പറേഷനില്‍ യു.ഡി.എഫ് അംഗങ്ങള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ എല്ലാ ഇടപാടുകളെ കുറിച്ചും സമഗ്രമായി അന്വേഷിക്കണം. അഴിമതിയില്‍ മുങ്ങിയ കൊച്ചി കോര്‍പറേഷനെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല അതീവ ഗുരുതരമായ അവസ്ഥയിലൂടെ കടന്നുപോകുന്നു. വിസിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സര്‍വകലാശാലകള്‍ കടുത്ത പ്രതിസന്ധിയിലാണ്. 66 ഗവണ്‍മെന്റ് കോളജുകളിലും ഇപ്പോള്‍ ഇന്‍- ചാര്‍ജ് ഭരണം നടക്കുന്നു. സി.പി.എമ്മിന്റെ രാഷ്ട്രീയവത്കരണമാണ് ഉന്നത വിദ്യാഭ്യസമേഖലയെ ഈജിയന്‍ തൊഴുത്താക്കിയത്. മുഖ്യമന്ത്രി, ഗവര്‍ണര്‍, വിദ്യാഭ്യാസമന്ത്രി എന്നിവര്‍ ഇതിലെ കൂട്ടുപ്രതികളാണ്.

രാഷ്ട്രീയവത്കരണത്തെ തുടര്‍ന്ന് സര്‍വകലാശാലകളിലുണ്ടായ പ്രതിസന്ധിയില്‍ മനംമടുത്ത വിദ്യാർഥികള്‍ കേരളത്തിനു പുറത്തുള്ള സര്‍വകലാശാലകളിലേക്ക് പലായനം ചെയ്യുന്നു. ഇതുമൂലം സംസ്ഥാനത്തെ മിക്ക കോളജുകളിലും ഇപ്പോള്‍ പഠിക്കാന്‍ കുട്ടികളില്ല. വലിയ സാമ്പത്തികഭാരം തലയിലേറ്റിയാണ് രക്ഷിതാക്കള്‍ ഇപ്പോള്‍ കുട്ടികളെ പഠിപ്പിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഉന്നതവിദ്യാഭ്യാസ മേഖല ഇത്രയും വലിയ പ്രതിസന്ധിയിലാകുന്നത്. അതീവ ഗുരുതരമായ ഈ അവസ്ഥാവിശേഷം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഹീയറിങ് കഴിഞ്ഞിട്ട് ഒരു വര്‍ഷമായെങ്കിലും ലോകായുക്ത വിധി പറയുന്നില്ല. ഹീയറിങ് പൂര്‍ത്തിയായാല്‍ 6 മാസത്തിനകം വിധി പറയണമെന്ന സുപ്രീംകോടതി നിര്‍ദേശം കേരള ലോകായുക്ത പാലിക്കുന്നില്ല. ലോകായുക്തയുടെ ചിറകരിഞ്ഞ ബില്‍ രാജ്ഭവനിലുണ്ടെങ്കിലും ഗവര്‍ണറും അനങ്ങുന്നില്ല. തൊട്ടടുത്ത കര്‍ണാടകത്തിലെ ലോകായുക്ത ഭരണകക്ഷി എം.എൽ.എയുടെ വീട്ടില്‍ കയറി കോടികളുടെ കള്ളപ്പണം പിടിച്ചെടുക്കുമ്പോള്‍ ഇവിടെയൊരു ലോകായുക്ത മുഖ്യമന്ത്രിയുടെ അഴിമതിക്ക് സംരക്ഷണം നൽകുന്നു.

കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ മരണമടഞ്ഞ പൊലീസുകാരന്‍, അന്തരിച്ച കെ.കെ രാമചന്ദ്രന്‍നായര്‍ എം.എല്‍.എ, ഉഴവൂര്‍ വിജയന്‍ എന്നിവരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ച ഭീമമായ തുക എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ്. ഇതില്‍ വ്യക്തമായ അഴിമതി ഉണ്ടെന്നു ബോധ്യപ്പെട്ടിട്ടും വിധി പറയാത്ത ലോകായുക്തയുടെ നിലപാടില്‍ ശക്തമായി അപലപിക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ നികുതി ഭീകരതയും ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള അഴിമതിയും പൊലീസ് അതിക്രമവും മറ്റും വലിയ തോതിലുള്ള ജനരോഷം ഉയര്‍ത്തിവിട്ടിരിക്കുകയാണെന്ന് കെ. സുധാകരന്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ യു.ഡി.എഫ് നിയമസഭക്ക് അകത്തും പുറത്തും നടത്തിയ സമരങ്ങളും പ്രക്ഷോഭങ്ങളും വന്‍ വിജയമായി. തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മികച്ച വിജയം നേടാനായത് ഈ പശ്ചാത്തലത്തിലാണ്. എല്‍.ഡി.എഫിന്റെ 5 സീറ്റുകളാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. സര്‍ക്കാരിനെതിരേയുള്ള ജനരോഷത്തിന്റെ പ്രതിഫലനമാണിത്.

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ മാര്‍ച്ച് 13ന് സംഘടിപ്പിക്കുന്ന രാജ്ഭവന്‍ മാര്‍ച്ച് വന്‍വിജയമാക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഇതില്‍ പങ്കെടുക്കും. തുടര്‍ന്ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വന്‍ റാലിയും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ എല്‍.ഐ.സിക്കും ദേശസാത്കൃത ബാങ്കുകളുടെ മുന്നിലും സമരം നടത്തുന്നതാണ്.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായുള്ള ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍ പരിപാടിയുടെ ഭാഗമായുള്ള ഗൃഹസന്ദര്‍ശനം വിജയകരമായി നടക്കുന്നു. ഇതിനായി 1.5 കോടി ലഘുലേഖ കെ.പി.സി.സി നല്‍കിയിട്ടുണ്ട്. കെ.പി.സി.സിയുടെ ഫണ്ട് സമാഹരണ പദ്ധതിക്കായി രൂപീകരിച്ച 138 ചലഞ്ചിന് നല്ല പ്രതികരണം ലഭിച്ചു വരികയാണ്. അത് ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചു.

ഡി.സി.സി, ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റി പുനസംഘടന സമയബന്ധിതമായി പൂര്‍ത്തിയാക്കും. പല ജില്ലകളില്‍ നിന്നുള്ള ഡി.സി.സി ഭാരവാഹികളുടെ ലിസ്റ്റ് കിട്ടിക്കഴിഞ്ഞു. ബാക്കി ജില്ലകളുടെ ലിസ്റ്റ് എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. എ.ഐ.സി.സി നിര്‍ദേശിച്ചിട്ടുള്ള സംവരണ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചു കൊണ്ടാണ് പുനഃസംഘടന പൂര്‍ത്തിയാക്കുന്നതെന്നും കെ. സുധാകരൻ വ്യക്തമാക്കി.

Tags:    
News Summary - Corruption in Brahmapuram waste plant should be thoroughly investigated -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.