നടപടിയില്ലെങ്കിൽ സഹകരണ സംഘങ്ങളിലെ ക്രമക്കേട് തുടരും -ഹൈകോടതി

കൊച്ചി: സഹകരണ സംഘങ്ങളിലെ ക്രമക്കേടുകളിൽ യഥാസമയം നടപടികളുണ്ടാകാത്തപക്ഷം തിരിമറികൾ തുടർന്നുകൊണ്ടിരിക്കുമെന്ന് ഹൈകോടതി. ക്രമക്കേട് തടയണമെങ്കിൽ ഉത്തരവാദികളായവർക്കെതിരെ നിയമനടപടി ഉറപ്പുവരുത്തണം. മാവേലിക്കര താലൂക്ക് കോഓപറേറ്റിവ് ബാങ്കിലെ 38 കോടിയുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ പരാമർശം.

ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിനെതിരെ ബാങ്ക് ജീവനക്കാരായ ടി.ആർ. ഇന്ദ്രജിത്, ജി. സന്തോഷ് കുമാർ തുടങ്ങിയവർ നൽകിയ ഹരജിയാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്. പ്രതികൾക്കും അന്നത്തെ മാനേജിങ് കമ്മിറ്റിയംഗങ്ങൾക്കുമെതിരെ സ്വീകരിച്ച നിയമ നടപടികൾ വ്യക്തമാക്കി ജോയന്റ് രജിസ്ട്രാർ സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചു. മാവേലിക്കര അസിസ്റ്റന്റ് രജിസ്ട്രാർ സ്വീകരിച്ച റിക്കവറി നടപടികളുൾപ്പെടെ അറിയിക്കണം. ഹൈകോടതിയുടെ ഉത്തരവില്ലാതെ മാനേജിങ് കമ്മിറ്റിയംഗങ്ങൾ ബാങ്കിൽനിന്ന് വേതനം കൈപ്പറ്റരുതെന്നും നിർദേശിച്ചിട്ടുണ്ട്. മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിലെ തട്ടിപ്പ് 2016ലാണ് പുറത്തുവന്നത്. ആറുവർഷം കഴിഞ്ഞിട്ടും കുറ്റക്കാർക്കെതിരെ എന്തു നടപടിയെടുത്തുവെന്നതിന് രേഖകളൊന്നുമില്ലെന്നും സഹകരണ ബാങ്ക് നൽകിയ ആർബിട്രേഷൻ കേസിന്റെ സ്ഥിതി എന്താണെന്ന് രേഖകളിലില്ലെന്നും കോടതി കുറ്റപ്പെടുത്തി.

തുടർന്നാണ് ജോ. രജിസ്ട്രാർ സത്യവാങ്മൂലം നൽകാൻ നിർദേശിച്ചത്. തട്ടിപ്പുകേസിൽ സമഗ്ര റിപ്പോർട്ട് നൽകാൻ സർക്കാർ സമയം തേടി. തുടർന്ന് ഹരജി ആഗസ്റ്റ് 22ലേക്ക് മാറ്റി.

Tags:    
News Summary - corruption in cooperative sector will continue If no action is taken says High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.