നടുവിലിലെ തൊഴിലുറപ്പ് അഴിമതി; പണം തിരിച്ചടക്കണമെന്ന് ഓംബുഡ്‌സ്മാന്‍

ശ്രീകണ്ഠപുരം: നടുവില്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ അഴിമതിയും ക്രമക്കേടുകളും നടക്കുന്നതായ പരാതിയില്‍ പണം തിരിച്ചടക്കാൻ ഓംബുഡ്സ്മാൻ ഉത്തരവ്.

പഞ്ചായത്തംഗമുൾപ്പെടെയുള്ളവർ അനധികൃതമായി കൈപ്പറ്റിയ പണം പിഴപ്പലിശ സഹിതം തിരിച്ചടക്കാനും അഴിമതി തടയാൻ ശക്തമായ നടപടികള്‍ സ്വീകരിക്കാനുമാണ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ കെ.എം. രാമകൃഷ്ണന്‍ ഉത്തരവിട്ടത്.

നടുവില്‍ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ 28 റോഡുകളുടെ കോണ്‍ക്രീറ്റ് പ്രവൃത്തികളിൽ കരാറുകാരും ഭരണസമിതിയിലെ ചില അംഗങ്ങളും ചേര്‍ന്ന് സാമ്പത്തിക അഴിമതിയും തട്ടിപ്പും നടത്തിയെന്നായിരുന്നു പരാതി.

തൊഴില്‍ കാര്‍ഡ് ഉടമകളുടെ പേരില്‍ വ്യാജ മസ്റ്ററോള്‍ ഉണ്ടാക്കി പണിയെടുക്കാതെ വേതനം കൈപ്പറ്റിയെന്നും 22 റോഡുകളിലായി 20 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നും പൊതുപ്രവര്‍ത്തകരായ ബിജു ഓരത്തേല്‍, ജേക്കബ് പാണക്കുഴി എന്നിവര്‍ നല്‍കിയ പരാതിയിലുണ്ടായിരുന്നു.

അന്വേഷണത്തില്‍ പഞ്ചായത്തിലെ തേര്‍മല-മുത്തയംകുന്ന് റോഡ്, ഉത്തൂര്‍-ബാവുപ്പാറ റോഡ്, മുളകുവള്ളി-മുളകുവള്ളിത്തട്ട് റോഡ് ഉൾപ്പെടെയുള്ള പ്രവൃത്തികളില്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടുകള്‍ നടന്നതായി ഓംബുഡ്‌സ്മാന്‍ കണ്ടെത്തി.

പഞ്ചായത്തംഗമായ പൊട്ടന്‍പ്ലാവിലെ അലക്‌സ് ചുനയംമാക്കലിനോടാണ് അനധികൃതമായി വാങ്ങിയ വേതനമായ 592 രൂപ പിഴപ്പലിശ സഹിതം തിരിച്ചടക്കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടത്. തേര്‍മല മുത്തയംകുന്ന് റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ് നടപടി.

കഴിഞ്ഞ മാര്‍ച്ച് 23ന് തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിചെയ്തതായി പറയുന്ന സമയത്തുതന്നെ നടന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലും അലക്‌സ് പങ്കെടുത്തതായി രേഖകളുണ്ടായ സാഹചര്യത്തില്‍ ഓംബുഡ്‌സ്മാന്‍ നടത്തിയ അന്വേഷണത്തില്‍ അന്നേദിവസം അലക്‌സ് തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിചെയ്തിട്ടില്ലന്ന് തെളിഞ്ഞിരുന്നു.

തുടർന്നാണ് കൈപ്പറ്റിയ വേതനം തിരിച്ചുപിടിക്കാൻ ഉത്തരവിട്ടത്. ഇയാളുടെ മകന്‍ അലന്‍ അലക്‌സ് കൈപ്പറ്റിയ 1480 രൂപ തിരിച്ചടക്കാനും ഉത്തരവില്‍ പറയുന്നു. ഇവര്‍ക്ക് പുറമെ, പരാതിയില്‍ പരാമര്‍ശിച്ച മറ്റ് ആളുകളും അനധികൃതമായി കൈപ്പറ്റിയ വേതനം തിരിച്ചടക്കണമെന്നും തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി തടയാൻ ബന്ധപ്പെട്ട അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Tags:    
News Summary - Corruption in employment-Ombudsman to refund money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.