തിരുവനന്തപുരം: മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട് പാലക്കാട് എക്സൈസ് ഡിവിഷന് ഓഫിസിലും മറ്റു ചില ഓഫിസുകളിലും അഴിമതി നടത്താന്‍ കൂട്ടുനിന്നെന്ന് കണ്ടെത്തിയ ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ ഉൾപ്പെടെ 14 എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മന്ത്രി എം.വി. ഗോവിന്ദന്റെ നിർദേശാനുസരണമാണ് നടപടി.
പാലക്കാട് എക്സൈസ് ഡിവിഷന് ഓഫിസില്‍ വിജിലന്‍സ് ആൻഡ് ആന്റികറപ്ഷന്‍ ബ്യൂറോ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് അനധികൃതമായി സൂക്ഷിച്ച പണം കണ്ടെത്തിയിരുന്നു.
ജോയന്റ് എക്സൈസ് കമീഷണര്‍ നടത്തിയ അന്വേഷണത്തിലും ഇക്കാര്യം ശരിവെച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ എം.എം. നാസര്‍, എസ്. സജീവ് ( എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഇ.ഇ ആൻഡ് എ.എന്‍.എസ്.എസ്), കെ. അജയന് (എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഇ.സി.ഒ, ചിറ്റൂര്‍), ഇ. രമേഷ് (എക്സൈസ് ഇന്‍സ്പെക്ടര്‍, ഇ.ആർ.ഒ, ചിറ്റൂര്‍), സെന്തില്‍കുമാര്‍ (എ.ഇ.ഐ, ഇ.ഐ ആൻഡ് ഐ.ബി, പാലക്കാട്), നൂറുദ്ദീന്‍ (ഓഫിസ് അറ്റന്‍ഡന്റ്, ഡിവിഷന് ഓഫിസ്, പാലക്കാട്), എ.എസ്. പ്രവീണ്‍കുമാര്‍ (പ്രിവന്റിവ് ഓഫിസര്‍, ഡിവിഷന് ഓഫിസ്, പാലക്കാട്), സൂരജ് (സി.ഇ.ഒ സ്പെഷല്‍ ഡ്യൂട്ടി, ഡിവിഷന് ഓഫിസ്, പാലക്കാട്), പി. സന്തോഷ് കുമാര്‍ (എ.ഇ.ഐ (ജി), ഡിവിഷന് ഓഫിസ്, പാലക്കാട്), മന്‍സൂര്‍ അലി (പ്രിവന്റിവ് ഓഫിസര്‍ (ജി) സ്പെഷല്‍ സ്ക്വാഡ് ഓഫിസ്, പാലക്കാട്), വിനായകന് (സിവില്‍ എക്സൈസ് ഓഫിസര്‍, ഇ.സി.ഒ, ചിറ്റൂര്‍), ശശികുമാര്‍ (സിവില്‍ എക്സൈസ് ഓഫിസര്‍, ഇ.ആര്.ഒ, ചിറ്റൂര്‍), പി. ഷാജി (പ്രിവന്റിവ് ഓഫിസര്‍, ഇ.ഐ ആൻഡ് ഐ.ബി, പാലക്കാട്), ശ്യാംജിത്ത് പ്രിവന്റിവ് ഓഫിസര്‍, ചിറ്റൂര്‍ റേഞ്ച് ഓഫിസ്) എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
എക്സൈസ് ഡിവിഷന് ഓഫിസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ അറ്റന്‍ഡന്റായ നൂറുദ്ദീനില്‍നിന്ന് 2,24,000 രൂപ കണ്ടെടുത്തിരുന്നു.
കള്ളുഷാപ്പ് കരാറുകാരില്‍നിന്ന് തുക വാങ്ങുന്നതിനിടെയാണ് പിടിയിലായത്. കള്ളുഷാപ്പ് കരാറുകാര്‍ ഉപയോഗിച്ചിരുന്ന വാഹനത്തില്‍നിന്ന് 7,99,600 രൂപയും കണ്ടെടുത്തു. എക്സൈസ് ഓഫിസുകളിൽ പണം നല്‍കിയതിന്റെ വിശദാംശങ്ങളടങ്ങിയ പട്ടികയും പിടിച്ചെടുത്തു. മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട് ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ലെന്നും അഴിമതിക്കാരെ തുടച്ചുനീക്കുമെന്നും മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.