മലപ്പുറം: കൈകൂലി നല്‍കാത്തതിനാല്‍ കെട്ടിടനിര്‍മാണ അനുമതി നിഷേധിക്കുന്നുവെന്ന പരാതിയില്‍ വഴിക്കടവ് പഞ്ചായത്ത് ഓഫിസിലെ ക്ളര്‍ക്കിനെ മലപ്പുറം വിജിലന്‍സ് അറസ്റ്റ് ചെയ്തു. പോത്തുകല്ല് സ്വദേശി പി.ആര്‍. പ്രവീണിനെയാണ് മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പി കെ. സലീം, സി.ഐ ആര്‍. അശോകന്‍ എന്നിവര്‍ അറസ്റ്റ് ചെയ്തത്.
എട്ടുമാസം മുമ്പ് ഇയാള്‍ക്കെതിരെ ലഭിച്ച പരാതിയില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രദേശവാസിയായ വ്യക്തി പഞ്ചായത്തില്‍ നല്‍കിയ കെട്ടിട നിര്‍മാണ അപേക്ഷയില്‍ പഞ്ചായത്ത് സെക്രട്ടറിയും ക്ളര്‍ക്കും ഫീല്‍ഡ് പരിശോധന നടത്തി. എന്നാല്‍, അനുമതി നല്‍കണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടു. കൈക്കൂലി നല്‍കാന്‍ തയാറാവാത്തതിനെ തുടര്‍ന്ന് സ്ഥലം വീണ്ടും സന്ദര്‍ശിച്ച് നേരത്തേ തയാറാക്കിയ റിപ്പോര്‍ട്ട് തിരുത്തി അനുമതി നിഷേധിക്കുകയും ചെയ്തു. ഇതിനെതിരെ അപേക്ഷകന്‍ മലപ്പുറം വിജിലന്‍സിന് പരാതി നല്‍കി.
പ്രാഥമിക അന്വേഷണത്തില്‍ പരാതി സത്യമാണെന്ന് മനസ്സിലായതിനെ തുടര്‍ന്ന് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണ കാലയളവില്‍ പഞ്ചായത്ത് സെക്രട്ടറിയെയും ക്ളര്‍ക്കിനെയും സ്ഥലം മാറ്റാനും നിര്‍ദേശം നല്‍കി. ഇതുപ്രകാരം സെക്രട്ടറിയെ വയനാട്ടിലേക്ക് മാറ്റി. ക്ളര്‍ക്കായ പ്രവീണിനെ പാലക്കാട്ടേക്ക് മാറ്റാന്‍ തീരുമാനിച്ചെങ്കിലും ഉന്നത ഇടപടലിലൂടെ ഇയാള്‍ തീരുമാനം മരവിപ്പിച്ചു. ഇതിനിടെ പരാതിക്കാരന്‍ കെട്ടിട നിര്‍മാണ അനുമതിക്ക് ഡി.ഡി.പിയെ സമീപിക്കുകയും അനുകൂല തീരുമാനം നേടിയെടുക്കുകയും ചെയ്തു. എന്നാല്‍, ഇതുവരെ പഞ്ചായത്ത് അപേക്ഷകന് കെട്ടിട നിര്‍മാണ അനുമതി നല്‍കിയില്ല. ഇതേതുടര്‍ന്ന് ഇദ്ദേഹം വീണ്ടും വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.