മാധ്യമപ്രവർത്തകന്‍റെ കൊലപാതകം: നേരിട്ട് ഹാജരാകാൻ ശ്രീറാമിന് കോടതിയുടെ അന്ത്യശാസനം

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ അടുത്ത മാസം 12ന് നേരിട്ട് ഹാജരാവണമെന്ന് തിരുവനന്തപുരം ഫസ്​റ്റ്​ ക്ലാസ്​ ജുഡീഷ്യൽ കോടതിയുടെ അന്ത്യശാസനം. മൂന്ന് പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഒന്നാം പ്രതിയായ ശ്രീറാം ഹാജരാവാത്ത സാഹചര്യത്തിലാണ് കോടതി അന്ത്യശാസനം നൽകിയത്. രണ്ടാം പ്രതി വഫ ഫിറോസ് കോടതിയിൽ നേരിട്ട് ഹാജരായി ജാമ്യമെടുത്തിരുന്നു.

ശ്രീറാം വെങ്കട്ടരാമൻ മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ച് മാധ്യമപ്രവർത്തകനായ കെ.എം ബഷീറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. മദ്യലഹരിയിലായിരുന്ന ശ്രീറാമാണ് വാഹനമോടിച്ചതെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടും കേസ് എടുക്കാൻ ആദ്യം പൊലീസ് തയാറായിരുന്നില്ല. ലഹരിപരിശോധനക്ക് വിധേയനാകാതെ സ്വകാര്യ ആശുപത്രിയില്‍  പ്രവേശിക്കുകയായിരുന്നു ഇദ്ദേഹം.

വാഹനം ഓടിച്ചത് താനല്ല സുഹൃത്ത് വഫ ഫിറോസ് ആയിരുന്നെന്ന മൊഴിയും കേസില്‍ നിന്ന് രക്ഷപ്പെടാനായി ശ്രീറാം ആദ്യ ഘട്ടത്തില്‍ നല്‍കിയിരുന്നു. എന്നാൽ വഫ തന്നെ ഇക്കാര്യം നിഷേധിച്ചു. അന്ന് നടന്നതൊന്നും തനിക്ക് ഓർമയില്ലെന്നും മറവിരോഗമാണെന്നും ശ്രീറാം മൊഴി നല്‍കിയിരുന്നു.

കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടറാമിനെ സര്‍വീസില്‍ തിരിച്ചെടുത്ത സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.