കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിലെ ആല ഗോതുരുത്തിൽ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ടാങ്കർ ലോറിയിലോ പൈപ്പ് ലൈൻ മുഖേനയോ കുടിവെള്ളം എത്തിക്കാൻ ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. പി.എ. സീതി മാസ്റ്റർ, കെ.എ. ധർമരാജൻ എന്നിവർ അഡ്വ. ടി.പി. സാജിദ്, അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖേന നൽകിയ ഹർജിയിലാണ് ഈ ഉത്തരവ്. 1981ൽ നടപ്പാക്കിയ നാട്ടിക ഫർക്ക കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ തീരമേഖലയിലെ 10 പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം നടപ്പാക്കിയത്.
ഇതിൽ ജില്ലയുടെ തെക്കേ അറ്റത്തുള്ള ആല ഗോതുരുത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഇതുസംബന്ധിച്ച് ധാരാളം നിവേദനങ്ങൾ ഗോതുരുത്ത് നിവാസികൾ കേരള വാട്ടർ അതോറിറ്റിക്കും പഞ്ചായത്തിനും നൽകിയിരുന്നു.
ഫലമില്ലാതായതോടെയാണ് ഹൈകോടതിയെ സമീപിച്ചത്. നാട്ടിക ഫർക്ക കുടിവെള്ള പദ്ധതി മുഖേന നടപ്പാക്കിയ കുടിവെള്ള പദ്ധതിയിലെ പഴയ കോൺക്രീറ്റ് പൈപ്പുകൾ കാലഹരണപ്പെട്ടതാണ് വെള്ളം കിട്ടാത്തതിന് പ്രധാനകാരണം.
ഈ പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഇതിനിടയിൽ നടത്തിയ ഇടക്കാല ഉത്തരവിലാണ് ആല ഗോതുരുത്തിൽ വെള്ളം എത്തിക്കാൻ ശ്രീനാരായണപുരം പഞ്ചായത്ത്, ജില്ല പഞ്ചായത്ത്, കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവർക്ക് ഹൈകോടതി നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.