തിരുവനന്തപുരം: ജെസ്‌ന കേസിൽ തുടരന്വേഷണം നടത്താൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്. ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് നൽകിയ ഹരജിലാണ് വിധി.
ജെസ്നയ്ക്ക് എന്തു സംഭവിച്ചു എന്ന് കണ്ടെത്താനായിട്ടില്ലെന്ന സി.ബി.ഐ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നായിരുന്നു ജയിംസ് ജോസഫിന്‍റെ ഹരജി. താൻ സ്വന്തം നിലക്ക് നടത്തിയ അന്വേഷണത്തിൽ ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. പിതാവ് ഹാജരാക്കിയ തെളിവുകളും കേസ് ഡയറിയും ഒത്തുനോക്കി പിതാവ് ചൂണ്ടിക്കാട്ടിയ തെളിവുകൾ സി.ബി.ഐ പരിശോധിച്ചില്ലെന്ന് വ്യക്തമായതോടെയാണ് ഉത്തരവ്. താൻ നൽകിയ തെളിവുകളിൽ ആറ് മാസമെങ്കിലും സി.ബി.ഐ അന്വേഷിക്കണമെന്നും ഒന്നും കണ്ടെത്താനാവുന്നില്ലെങ്കിൽ തെളിയാത്ത കേസായി തള്ളാമെന്നും ജയിംസ് ജോസഫ് കോടതിയെ അറിയിച്ചു.
രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസിയായ സി.ബി.ഐ അവസാനിപ്പിക്കാനാവശ്യപ്പെട്ട കേസിൽ അവർ വിട്ടുപോയ തെളിവുകൾ കണ്ടെത്തി കോടതിയിൽനിന്ന് തുടരന്വേഷണവിധി നേടിയെന്ന സവിശേഷതയും ഈ കേസിനുണ്ട്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും അഞ്ച് വർഷം അന്വേഷിച്ചിട്ടും കണ്ടെത്താനാവാത്ത തെളിവുകളാണ് ജയിംസ് ജോസഫ് കോടതിയിൽ സമർപ്പിച്ചത്. 2018 മാര്‍ച്ച് 22നാണ് പത്തനംതിട്ട മുക്കോട്ടുത്തറയിൽനിന്ന് ജെസ്നയെ കാണാതായത്. സ്വന്തം വീട്ടിൽനിന്ന് അച്ഛന്റെ സഹോദരിയുടെ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് ഓട്ടോയിൽപോയ ജെസ്നയെ കാണാതാകുകയായിരുന്നു.
- ജസ്‌നയുമായി രഹസ്യമായി അടുപ്പം സ്ഥാപിച്ച അഞ്ജാത സുഹൃത്തുണ്ട്
- ജസ്‌ന രഹസ്യമായി വ്യാഴാഴ്ച പ്രാർഥനക്ക് പോയിരുന്ന സ്ഥലം കണ്ടെത്തി
-ഈ കേന്ദ്രത്തിൽ വെച്ചാണ് ജസ്ന യുവാവിനെ പരിചയപ്പെട്ടത്
- ജസ്‌നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്
-അജ്ഞാത സുഹൃത്തിൽനിന്ന് ജസ്ന ഗർഭിണിയാകാൻ സാധ്യതയുണ്ട്
- കാണാതായതിന്റെ തലേദിവസം ജസ്‌നക്കുണ്ടായ അമിത രക്തസ്രാവത്തിന്റെ കാരണം ഗർഭമാണെന്ന് സംശയിക്കുന്നു
- ജസ്ന ഉപേക്ഷിച്ചുപോയ വസ്ത്രങ്ങളിൽ കണ്ടെത്തിയ അമിത രക്തക്കറ ആർത്തവത്തിന്‍റേതല്ല, ഗർഭകാലത്തേതായിരിക്കാം
- ജസ്ന കൊല്ലപ്പെട്ടിരിക്കാം, അതിനുപിന്നിൽ അജ്ഞാത സുഹൃത്തിന് പങ്കുണ്ടാവാം
-അജ്ഞാത സുഹൃത്തിന്‍റെ ഫോട്ടോ അടക്കം ഡിജിറ്റല്‍ തെളിവുകളുണ്ട്
-മുക്കൂട്ടുതറയിലെ വീട്ടിൽനിന്ന് ഇറങ്ങി മുണ്ടക്കയത്ത് എത്തുന്നതിന് മുമ്പ് തന്നെ ജസ്നക്ക് എന്തോ സംഭവിച്ചിരിക്കാം
-കാണാതാകുന്ന ദിവസം ജെസ്നയുടെ കൈയിലുണ്ടായിരുന്ന 60,000 രൂപയുടെ ഉറവിടം കണ്ടെത്തണം
-ജെസ്നയുടെ കൂട്ടുകാരെ വിശദമായി ചോദ്യംചെയ്യണം
2018 മാര്‍ച്ച് 22നാണ് മുക്കൂട്ടുതറയില്‍നിന്ന് കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമനിക് കോളജിലെ രണ്ടാംവര്‍ഷ വിദ്യാർഥിയായ ജെസ്നയെ കാണാതായത്. അന്വേഷണ പുരോഗതിയില്ലെന്ന് കാണിച്ച് ക്രിസ്ത്യന്‍ അലയന്‍സ് ആൻഹഡ് സോഷ്യല്‍ ആക്ഷന്‍ സംഘടന ഹൈകോടതിയെ സമീപിച്ചതോടെയാണ് 2021 ഫെബ്രുവരിയിൽ കേസ് സി.ബി.ഐക്ക് വിട്ടത്. ജെസ്ന ഓട്ടോയില്‍ മുക്കൂട്ടുത്തറയിലും ബസില്‍ എരുമേലിയിലും എത്തിയതായി സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പിന്നീട് എന്തുസംഭവിച്ചുവെന്നുള്ള കാര്യമാണ് ദുരൂഹമായി തുടരുന്നത്.
ജെസ്നയുടെ തിരോധാനത്തിന് പിന്നിൽ തീവ്രവാദസംഘങ്ങൾക്ക് പങ്കുള്ളതായോ, മതപരിവർത്തനം നടത്തിയതായോ കണ്ടെത്താനായില്ലെന്ന് സി.ബി.ഐ കോടതിയിൽ അറിയിച്ചിരുന്നു. ജസ്ന മരിച്ചെന്ന് സ്ഥാപിക്കാവുന്ന തെളിവുകളും ലഭിച്ചില്ല. കേരളത്തിനകത്തും പുറത്തുമുള്ള മതപരിവർത്തന കേന്ദ്രങ്ങളിൽ പരിശോധിച്ചു. തമിഴ്നാട്ടിലും, മുംബൈയിലും നടന്ന അസ്വാഭാവിക മരണങ്ങൾ അന്വേഷിച്ചു. ജെസ്നയുടെ ആൺ സുഹൃത്തിനെയും പിതാവിനെയും ബ്രയിൻ മാപ്പിങ്ങിന് വിധേയമാക്കി. ജസ്ന സമൂഹ മാധ്യമങ്ങളിൽ സജീവമല്ലായിരുന്നു. സ്മാർട്ട് ഫോൺ ഉപയോഗിച്ചിട്ടില്ല -സി.ബി.ഐ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.