കൊച്ചി: സാമ്പത്തിക ഇടപാടിന്‍റെ പേരിൽ ഇ.ഡി അറസ്റ്റ് ചെയ്ത കാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റഊഫ് ഷരീഫിനെ യു.പി പൊലീസിന് കൈമാറാൻ കോടതി നിർദേശം. യു.പി മഥുര പൊലീസ് പ്രൊഡക്‌ഷൻ വാറൻറ് ഹാജരാക്കിയതിനെത്തുടർന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഈ നിർദേശം.
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് റഉൗഫ്. ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് യു.പി പൊലീസ് അവിടുത്തെ കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ മാസം 13ന് മഥുര കോടതിയിൽ റഊഫിനെ ഹാജരാക്കണമെന്ന വാറൻറുമായാണ് കോടതിയെ സമീപിച്ചത്. സമൂഹത്തിൽ വിദ്വേഷം വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ, ഇതിനുള്ള പ്രേരണ നൽകൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഹാഥറസിലേക്ക് പോയ സിദ്ദീഖ് കാപ്പനെ അടക്കം അറസ്റ്റ് ചെയ്ത അതേ കേസിലാണ് റഊഫിനെ പ്രതിയാക്കിയിരിക്കുന്നതെന്നാണ് വിവരം. റഊഫിെന്റ നിർദേശപ്രകാരമാണ് കാമ്പസ് ഫ്രണ്ട് സംഘം ഹാഥറസിലേക്ക് പോയതെന്ന് നേരത്തെ എൻേഫാഴ്സ്മെൻറ് ഡയറക്ടറേറ്റും ആരോപിച്ചിരുന്നു.
അതിനിടെ, കസ്റ്റഡിയിൽവെച്ച് ഇ.ഡി ഉദ്യോഗസ്ഥർ പത്ത് വെള്ളപേപ്പറുകളിൽ ഒപ്പിട്ട് വാങ്ങിയതായി റഊഫ് ഷരീഫ് നേരത്തെ ജഡ്ജിയെ അറിയിച്ചിരുന്നു. ഭീഷണിപ്പെടുത്തി മൊഴിയെടുത്തതായും സഹോദരനെയടക്കം യു.എ.പി.എ കേസില്‍ പ്രതിയാക്കുമെന്ന് പറഞ്ഞതായുമാണ് റഊഫ് പരാതിപ്പെട്ടത്. തുടർന്ന് ഇ.ഡി ഉദ്യോഗസ്ഥരെ ജഡ്ജി താക്കീത് ചെയ്യുകയും കസ്റ്റഡിയിലുള്ള പ്രതികളോട് ഇത്തരം പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
താൻ പറയുന്നത് എഴുതാതെ ഉദ്യോഗസ്ഥർ അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങൾ തെൻറ മൊഴിയായി എഴുതുകയാണ് ചെയ്തത്. തനിക്ക് പരിചയം പോലുമില്ലാത്ത ആളുകളുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് മൊഴി നല്കാന് നിര്‍ബന്ധിച്ചു. തെൻറ മുന്നില്‍വെച്ച് സഹോദരനെ വിളിച്ച് ഭീഷണിപ്പെടുത്തി- ജഡ്ജിയോട് റഊഫ് പരാതിപ്പെട്ടു. റഊഫിന്‍റെ അക്കൗണ്ടിലെ പണം കള്ളപ്പണമാണെന്നായിരുന്നു ഇ.ഡിയുടെ പ്രധാന ആരോപണം. എന്നാൽ, താൻ ഒമാനിൽ ട്രേഡിങ് കമ്പനി ജനറൽ മാനേജറാണെന്നും അക്കൗണ്ടിൽ വന്ന പണം കയറ്റുമതിയിലൂടെ ലഭിച്ചതാണെന്നും റഊഫ് ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.