കൊച്ചി: ദേശീയപാത നിയമപ്രകാരം റോഡ് വികസനത്തിന് ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം 2014 ഡിസംബർ 31നകം നൽകിയിട്ടില്ലെങ്കിൽ 2013ലെ നിയമ പ്രകാരം നഷ്ടപരിഹാരം പുനർനിർണയിച്ച് നൽകണമെന്ന് ഹൈകോടതി. ഏറ്റെടുത്ത ആകെ ഭൂമിയുടെ ഭൂരിപക്ഷം വരുന്ന ഉടമകൾക്കും ഈ കാലയളവിനകം നഷ്ടപരിഹാരം ലഭ്യമാക്കിയിട്ടില്ലെങ്കിൽ നേരത്തേ പണം ലഭിച്ചവർക്കടക്കം 2013ലെ നിയമ പ്രകാരം തുക നൽകാൻ അധികൃതർ ബാധ്യസ്ഥരാണെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു. കഴക്കൂട്ടം -കാരോട് ദേശീയ പാതക്ക് ഭൂമി വിട്ടുകൊടുത്ത നെയ്യാറ്റിൻകര കാഞ്ഞിരംകുളം ജോഷി മാധവൻ, കവിത എന്നിവർ ലഭിച്ച നഷ്ടപരിഹാരം മതിയായതല്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
2012 മാർച്ച് 22ലെ വിജ്ഞാപന പ്രകാരം ഏറ്റെടുത്ത ഭൂമിക്ക് 2014 ഒക്ടോബറിൽ ദേശീയപാത നിയമ പ്രകാരമുള്ള നഷ്ടപരിഹാരം ഹരജിക്കാർക്ക് അനുവദിച്ചിരുന്നു. എന്നാൽ, 2013ൽ സുതാര്യമായ സ്ഥലം ഏറ്റെടുപ്പും മതിയായ നഷ്ടപരിഹാരവും പുനരധിവാസവും സംബന്ധിച്ച നിയമം രൂപവത്കരിച്ച സാഹചര്യത്തിൽ ആ നിയമ പ്രകാരം നഷ്ടപരിഹാരം പുനർ നിർണയിച്ച് ബാക്കി തുക കൂടി അനുവദിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.
നഷ്ടപരിഹാര തുക നേരത്തേ നിശ്ചയിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കലോ നഷ്ടപരിഹാരം നൽകലോ 2014 ഡിസംബർ 31ന് ശേഷമാണ് നടന്നതെങ്കിൽ 2013 നിയമത്തിലെ 24(2) സെക്ഷൻ പ്രകാരം നഷ്ടപരിഹാരം നിർണയിച്ച് അനുവദിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഏറ്റെടുക്കുന്ന സ്ഥലത്തിെൻറ ഭൂരിപക്ഷം ഉടമകൾക്കും നഷ്ടപരിഹാരം ഈ തീയതിക്കകം കൊടുത്തിട്ടില്ലെങ്കിലും ഈ നിയമം ബാധകമാവും.
ഹരജിക്കാരടക്കം ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ച 1769ൽ 478 ഉടമകൾക്ക് മാത്രമാണ് 2014 ഡിസംബർ 31ന് മുമ്പ് നഷ്ടപരിഹാരം നൽകിയിട്ടുള്ളത്. ബാക്കിയുള്ളവർക്ക് 2017 ഡിസംബർ 28നാണ് നൽകിയത്. ഇക്കാര്യത്തിൽ ദേശീയപാത അധികൃതരുെട ഭാഗത്ത് നിന്ന് താമസം നേരിട്ടിട്ടുണ്ട്.
2014 ഡിസംബർ 31ന് ഭൂരിപക്ഷം ഭൂവുടമകൾക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ 2013 നിയമത്തിെൻറ ഒന്നാം ഷെഡ്യൂൾ പ്രകാരം ഹരജിക്കാരടക്കം എല്ലാവരുടെയും നഷ്ടപരിഹാരം രണ്ട് മാസത്തിനകം പുനർനിർണയിക്കുകയും മൂന്ന് മാസത്തിനകം നൽകുകയും വേണമെന്ന് കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.