തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്‍റെ മറവില്‍ സുരക്ഷ ഉപകരണങ്ങള്‍ വാങ്ങിയതില്‍ 1600 കോടി രൂപയുടെ അഴിമതി നടന്നതായി പി.സി. വിഷ്ണുനാഥ് എം.എല്‍.എ നിയമസഭയില്‍ ആരോപിച്ചു. നന്ദി പ്രമേയത്തിന്മേലുള്ള ചര്‍ച്ചക്കിടയിലാണ് വിഷ്ണുനാഥ് ഒന്നാം പിണറായി സര്‍ക്കാറിന്‍റെ കാലത്ത് നടന്ന കോവിഡ് പ്രതിരോധത്തിലെ അഴിമതി സഭയില്‍ ഉന്നയിച്ചത്.
കേരള മെഡിക്കല്‍ സർവിസ് കോര്‍പറേഷന്‍ ലിമിറ്റഡ് വഴി നടന്ന ഇടപാടിലാണ് കോടികളുടെ അഴിമതി നടന്നത്. 2020 മാര്‍ച്ച് 29ന് പി.പി.ഇ കിറ്റ് വാങ്ങുന്നതിന് ഒരേദിവസം രണ്ട് വ്യത്യസ്ത കമ്പനികള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതില്‍ ആയിരം രൂപയോളം വ്യത്യാസം വന്നു. 500 രൂപക്ക് കെറോണ്‍ എന്ന കമ്പനിക്ക് പി.പി.ഇ കിറ്റ് വാങ്ങുന്നതിന് ഓര്‍ഡര്‍ നല്‍കിയ അന്നേദിവസം തന്നെ മറ്റൊരു കമ്പനിക്ക് 1550 രൂപക്ക് ഓര്‍ഡര്‍ നല്‍കി. മഹാരാഷ്ട്രയില്‍ 2014ല്‍ നിര്‍ത്തലാക്കിയ സാന്‍ ഫാര്‍മ എന്ന കമ്പനി അയച്ച ഇ-മെയില്‍ പ്രകാരമാണ് 1550 രൂപയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങുന്നതിന് സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയത്.
പരമാവധി ഏഴുരൂപ സര്‍ക്കാര്‍ തന്നെ വില നിശ്ചയിച്ച ഗ്ലൗസിന് 12 രൂപ നൽകിയാണ് അഗ്രേറ്റ ഏവിയോണ്‍ എന്ന കമ്പനിയില്‍നിന്നും വാങ്ങാൻ തീരുമാനിച്ചത്. ഒരു കോടി ഗ്ലൗസ് വാങ്ങുന്നതിനായിരുന്നു ഓർഡർ. എന്നാല്‍ 40 ലക്ഷം ഗ്ലൗസുകള്‍ മാത്രമേ കമ്പനിക്ക് നല്‍കാനായുള്ളൂ. ഗോഡൗണില്‍ കെട്ടിക്കിടന്ന ബാക്കി വന്ന 60 ലക്ഷം ഗ്ലൗസ് 10 രൂപക്ക് നല്‍കാനായി കമ്പനി എം.ഡി നിർദേശിച്ചു. എന്നാൽ ഇപ്പോഴത്തെ ആരോഗ്യമന്ത്രി ഈ നിർദേശം തടയുകയായിരുന്നു.
ആവശ്യത്തിന് ഗ്ലൗസ് അഗ്രേറ്റ ഏവിയോണ്‍ കമ്പനി ആദ്യം ലഭ്യമാകാത്തതുകൊണ്ട് ഏഴു രൂപക്ക് കേരളത്തിലെ രണ്ട് കമ്പനികളില്‍നിന്നു ഗ്ലൗസ് വാങ്ങുകയും ചെയ്തു. 1500 രൂപ മുതല്‍ 2000 രൂപവരെ ലഭ്യമാകുന്ന ഇന്‍ഫ്രാറെഡ് തെർമോമീറ്റര്‍ 5390 രൂപയ്ക്കാണ് തൃശൂര്‍ സര്‍ജിക്കല്‍ എന്ന കമ്പനിയില്‍നിന്നു വാങ്ങിയത്. സര്‍ക്കാര്‍ കരാര്‍ നല്‍കിയ കമ്പനികളെല്ലാം ഓര്‍ഡര്‍ ലഭിക്കുന്നതിന് നാല് മാസം മുമ്പ് തട്ടിക്കൂട്ടിയതാണെന്നും വിഷ്ണുനാഥ് ആരോപിച്ചു. അഴിമതികളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. േഅഴിമതി ആരോപണങ്ങള്‍ 2020ല്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചതാണെന്ന വ്യക്തമല്ലാത്ത മറുപടിയാണ് ആരോഗ്യമന്ത്രി നല്‍കിയത്. ധനകാര്യ വകുപ്പ് ഇതിനെപ്പറ്റി അന്വേഷിക്കുകയാണെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.