കൊല്ലം: കോവിഡ് ബാധിതൻ ആദ്യം എത്തിയ കൊല്ലത്തെ മൂന്ന് ആശുപത്രികളും ഒരു ലാബും അടച്ചു. രോഗി കൊല്ലത്തെത്തിയ ശേഷം സന്ദർശിച്ച രണ്ടു സ്വകാര്യ ആശുപത്രികളും പി.എച്ച്.സിയും ലാബുമാണ് അടച്ചത്.
രോഗബാധിതനൊപ്പം വിമാനത്തിൽ വന്നവരുടെ പട്ടിക ജില്ല ഭരണകൂടം പുറത്തിറക്കി. ഇതിൽ 25 പേർ കൊല്ലം ജില്ലക്കാരാണ്. രോഗിയുമായി അടുത്തിടപഴകിയ മുപ്പതോളംപേരെ കർശന നിരീക്ഷണത്തിലാക്കി. പത്തുപേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇതിൽ കുടുംബാംഗങ്ങളും ബന്ധുക്കളും ഒരു ഓട്ടോ ഡ്രൈവറും ഉൾപ്പെടുന്നു.
മാർച്ച് 18നാണ് ഇയാൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്നത്. അവിടെനിന്നും ഒരു ചായക്കടയിലെത്തിയിരുന്നു. അവിടെയെത്തിയവരെയും ചായക്കടയിലുണ്ടായിരുന്നവരെയും നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. ഓട്ടോറിക്ഷയിൽ തമ്പാനൂരിലെത്തി അവിടെനിന്നും കെ.എസ്.ആർ.ടി.സി ബസിലാണ് കൊല്ലത്ത് എത്തിയത്. അവിടെനിന്നും വീണ്ടും ഓട്ടോറിക്ഷയിൽ വീട്ടിലെത്തുകയായിരുന്നു.
ഇവിടെനിന്നും മൂന്നു ആശുപത്രികളിലാണ് ഇദ്ദേഹം പരിശോധനക്കായി എത്തിയത്. ആശുപത്രിയിൽ ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെയും ജീവനക്കാരെയും കൂടാതെ ആ സമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നവരെയും നിരീക്ഷണത്തിലാക്കി. കൂടുതൽ പേർക്കായി പരിശോധന ആരംഭിച്ചു. രോഗി അതിനുശേഷം സന്ദർശിച്ച ഒരു സ്വകാര്യ ലാബും പൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.