കൊച്ചി: സംസ്ഥാനത്ത് കോവിഡും പ്രതിരോധ നടപടിയും ശക്തമായതോടെ താൽക്കാലികമായെങ്കിലും ചിക്കൻപോക്സും എച്ച്1എൻ1ഉം പടിക്കു പുറത്തായെന്ന് കണക്കുകൾ. കോവിഡിനു മുമ്പ് പന്നിപ്പനി എന്ന എച്ച്1എൻ1 മൂലം പ്രതിവർഷം ശരാശരി 50ഉം ചിക്കൻപോക്സ് മൂലം ശരാശരി 20ഉം ആയിരുന്നു മരണം.
മുഖാവരണവും സമൂഹ അകലവും വ്യക്തിശുചിത്വ ജാഗ്രതയും ആളുകൾ പുറത്തിറങ്ങുന്നത് കുറഞ്ഞതും ശ്വാസകോശ സംബന്ധമായ രോഗങ്ങളും വായുജന്യ രോഗങ്ങളും കാര്യമായി കുറച്ചു. എച്ച്1എൻ1 മൂലം 2017ൽ 76 പേരും 2018ൽ 50 പേരും സംസ്ഥാനത്ത് മരിച്ചു. കഴിഞ്ഞ വർഷം 853 പേർക്ക് രോഗം പിടിപെട്ടു. 45 പേർ മരിച്ചു. 29,583 പേർക്കാണ് കഴിഞ്ഞവർഷം ചിക്കൻപോക്സ് പിടിപെട്ടത്. 20 പേർ മരിച്ചു. എന്നാൽ, കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട് തുടങ്ങിയ ശേഷം എച്ച്1എൻ1 മരണങ്ങളൊന്നും ഉണ്ടായിട്ടില്ല. ചിക്കൻപോക്സ് മരണം രണ്ടെണ്ണം മാത്രമാണ്. ഡെങ്കി, എലിപ്പനി രോഗികളുടെ എണ്ണവും മരണവും മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞു.
ചിക്കൻപോക്സ് ബാധിതർ ഓരോ വർഷവും കൂടിവരുകയായിരുന്നു എന്നും നിയന്ത്രണങ്ങൾ വേണ്ടത്ര ഫലപ്രദമാകാത്തതിനാൽ വെല്ലുവിളിയായിരുന്നു എന്നും പകർച്ചവ്യാധി നിയന്ത്രണ പദ്ധതി ചുമതലയുള്ള ആരോഗ്യവകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ. വി. മീനാക്ഷി 'മാധ്യമ'ത്തോട് പറഞ്ഞു. ഹോസ്റ്റലുകളും സ്കൂളുകളും അടച്ചിട്ടതും ഓഫിസുകളിലെ നിയന്ത്രണവുമാണ് ചികുൻഗുനിയ ബാധിതർ കുറയാൻ പ്രധാന കാരണം.
ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ കോവിഡ് സ്രവ പരിശോധനയിൽ എച്ച്1എൻ1 കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.