പെരിന്തൽമണ്ണ: നഗരത്തിൽ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിെൻറ ഉടമക്കും കുന്നപ്പള്ളി വാർഡിലെ 85കാരിയായ വയോധികക്കും കോവിഡ് സ്ഥിരീകരിച്ചതോടെ പെരിന്തൽമണ്ണ നഗരസഭയിൽ കൂടുതൽ നിയന്ത്രണങ്ങൾ. വസ്ത്രവ്യാപാരിയുമായി സമ്പർക്കത്തിലേർപ്പെട്ടവരെയും വയോധികയുടെ ഭർത്താവ്, മകൻ, മരുമകൾ എന്നിവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരെയും പ്രാഥമിക അന്വേഷണം നടത്തി നഗരസഭ അടിയന്തര നടപടികൾ സ്വീകരിച്ചു.
പെരിന്തൽമണ്ണയിൽ കുന്നപ്പള്ളിയിലെ 185 വീടുകളുള്ള മുറുവത്ത് പറമ്പിൽ പുതിയ ക്ലസ്റ്റർ രൂപവത്കരിച്ച് സമ്പൂർണമായി അടച്ചിടാൻ തീരുമാനിച്ചു. നഗരത്തിലെ നാല് വസ്ത്രവ്യാപാര സ്ഥാപനങ്ങൾ 15 ദിവസം അടച്ചിടും. റോഡുകളും അടച്ചിടും. വീടുകളിൽനിന്ന് ആളുകൾ പുറത്തിറങ്ങുന്നതും സഞ്ചരിക്കുന്നതും നിരോധിച്ചു. നഗരസഭ സജ്ജമാക്കുന്ന കോവിഡ് പ്രഥമഘട്ട ചികിത്സാകേന്ദ്രത്തിൽ ഭാഗികമായി ഇതിനകം ഭൗതിക സൗകര്യമൊരുക്കി. ഇനിയും കട്ടിൽ, ബെഡ്, ബെഡ്ഷീറ്റ് എന്നിവ നൽകാൻ താൽപര്യമുള്ളവരായ സന്നദ്ധ സാമൂഹികപ്രവർത്തകരായ വ്യക്തികൾ, ക്ലബുകൾ എന്നിവർ നഗരസഭയുമായോ കൗൺസിലറുമായോ ബന്ധപ്പെട്ട് സഹായിക്കണമെന്ന് അധികൃതർ അറിയിച്ചു.
സേവനം ചെയ്യാൻ സന്നദ്ധരായ ഡോക്ടർമാർ, മെഡിക്കൽ പഠനം പൂർത്തീകരിച്ചിറങ്ങിയവർ, നഴ്സുമാർ, ജെ.എച്ച്.ഐമാർ പാരാമെഡിക്കൽ മേഖലയിലുള്ളവർ എന്നിവർ കോവിഡ് ഹെൽപ് ലൈനിൽ റിപ്പോർട്ട് ചെയ്യണം. കോവിഡ് വ്യാപനം തടയാൻ ആരോഗ്യവിഭാഗം സ്വീകരിക്കുന്ന നടപടികളോട് എല്ലാവിഭാഗം ബഹുജനങ്ങളും സഹകരിക്കണമെന്ന് നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം ആവശ്യപ്പെട്ടു.
ഹെൽപ് ഡെസ്ക് തുറന്നു
പെരിന്തൽമണ്ണ: ക്വാറൻറീൻ ദിനംപ്രതി വർധിക്കുന്നതിനാലും പുതിയ സമ്പർക്കപ്പട്ടികയിൽപെട്ടവരെ ദിനംപ്രതി നിരീക്ഷണത്തിൽ പാർപ്പിക്കാനുള്ള സൗകര്യങ്ങളൊരുക്കേണ്ടതിനാലും നഗരസഭയിൽ ഇതിനായി ഹെൽപ് ഡെസ്ക് സ്ഥാപിച്ചു. ക്വാൻറീനിൽ കഴിയുന്നവരുടെയും സമ്പർക്കത്തിലേർപ്പെട്ടവരുടെയും കണക്കുകൾ സൂക്ഷിച്ച് മോണിറ്റർ ചെയ്യാനും ബഹുജനങ്ങൾക്ക് പ്രശ്നങ്ങളും പരാതികളും ഉന്നയിക്കാനുമാണ് മൂന്ന് അംഗങ്ങളടങ്ങുന്ന ഹെൽപ് െഡസ്ക്. ഫോൺ: 8129580055, 9072953010.
മേലാറ്റൂരിലും വെട്ടത്തൂരിലും 100 പേർക്ക് വീതം സൗകര്യമൊരുക്കും
മേലാറ്റൂർ: വെട്ടത്തൂർ, മേലാറ്റൂർ ഗ്രാമപഞ്ചായത്തുകളിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലായി 200ലേറെ പേർക്ക് സൗകര്യമൊരുക്കും.
മേലാറ്റൂർ എ.എൽ.പി സ്കൂളിൽ സജ്ജീകരിക്കുന്ന സെൻററിൽ ആദ്യഘട്ടം 50 പേർക്കാണ് സൗകര്യമൊരുക്കുക. 27 റൂമും ഒരു ഹാളും ഇതിനായി സജ്ജീകരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. കമലം ചെയർപേഴ്സനായും മെഡിക്കൽ ഓഫിസർ സി.കെ. ജമീല കൺവീനറുമായുള്ള ഏഴംഗ സമിതിയാണ് ചികിത്സാകേന്ദ്രത്തിെൻറ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. വെട്ടത്തൂർ പഞ്ചായത്തിൽ കാപ്പ്, വെട്ടത്തൂർ ഹൈസ്കൂളുകളിലാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ സംവിധാനിക്കുക. ആദ്യഘട്ട പ്രവർത്തനത്തിെൻറ ഭാഗമായി വെട്ടത്തൂർ ഹൈസ്കൂളിൽ ശുചീകരണ പ്രവൃത്തികൾ ആരംഭിച്ചു.
ആവശ്യമായിവന്നാൽ മറ്റു സ്കൂളുകളിലും ഒാഡിറ്റോറിയങ്ങളിലും സെൻറർ തുടങ്ങുമെന്നും അധികൃതർ അറിയിച്ചു. പ്രവർത്തനങ്ങൾക്കായി ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്ന സമിതി രൂപവത്കരിച്ചു.
പാണ്ടിക്കാട്ട് ഐ.ആർ.ബി ക്യാമ്പിൽ കരാർ പ്രവൃത്തിക്കെത്തിയ ഡൽഹി സ്വദേശിക്ക് കോവിഡ്
പാണ്ടിക്കാട്: ക്വാറൻറീൻ ലംഘിച്ച് കടകളിൽ സാധനം വാങ്ങാൻ പുറത്തിറങ്ങിയ പാണ്ടിക്കാട് കൊളപറമ്പിലെ ഐ.ആർ.ബി ക്യാമ്പിൽ കരാർ പ്രവൃത്തിക്കെത്തിയ ഡൽഹി സ്വദേശിയായ 24കാരെൻറ പരിശോധന ഫലം പോസിറ്റിവ്. ക്യാമ്പ് അധികൃതരുടെ അനാസ്ഥയാണ് രോഗം ബാധിച്ചയാൾ ക്വാറൻറീൻ ലംഘിച്ച് പുറത്തിറങ്ങാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. ഡൽഹിയിൽനിന്ന് എത്തി കൊളപ്പറമ്പിലെ പൊലീസ് ഡിസ്പെൻസറിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ആൾക്കാണ് പോസിറ്റിവായത്. ജൂലൈ 12നാണ് രോഗബാധിതനായ ഡൽഹി സ്വദേശി കൊളപ്പറമ്പിലെത്തിയത്. ഇങ്ങനെയൊരാൾ ക്വാറൻറീനിൽ കഴിയുന്ന വിവരം ക്യാമ്പ് അധികൃതർ നാട്ടുകാരെ അറിയിച്ചിരുന്നില്ല. ഇതുമൂലമാണ് രോഗബാധിതനായ ആളെ തിരിച്ചറിയാൻ സാധിക്കാതിരുന്നതെന്നും നാട്ടുകാർ പറഞ്ഞു.
സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പിെൻറ നേതൃത്വത്തിൽ പ്രദേശത്ത് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. രോഗബാധിതനായ ആൾ സാധനം വാങ്ങിയതായി പറയപ്പെടുന്ന കട അടപ്പിക്കുകയും വ്യാപാരി ക്വാറൻറീനിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.