തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധയെയും കോവിഡ് പ്രതിസന്ധിയെയും തുടർന്ന് ആത്മഹത്യ ചെയ്തത് 34 പേർ. രോഗഭീതിക്കുപുറെമ കോവിഡ് മൂലമുള്ള സാമ്പത്തികപ്രയാസം മൂലം ആത്മഹത്യ ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്.
രോഗഭീതി മൂലം കൂടുതൽ പേരും ജീവനൊടുക്കിയത് ഒന്നാം തരംഗ കാലത്താണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒറ്റ ദിവസം രണ്ട് ആത്മഹത്യകളിൽ കേരളം ഞെട്ടിയതും ഇക്കാലയളവിലാണ്. വിദേശങ്ങളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം രോഗഭീതിയിൽ ആത്മഹത്യചെയ്തവരുമുണ്ട്. ഒറ്റപ്പെടൽ, രോഗത്തിെൻറ ദുരിതങ്ങളും പ്രയാസവും, മരിക്കുമോ എന്ന പേടി, കോവിഡ് ന്യുമോണിയ ഭീതി, ഇനി എന്ത് ചെയ്യും എന്ന ഉത്കണ്ഠ, ഉറ്റവരെക്കുറിച്ചുള്ള ചിന്തകൾ, രോഗം പകരുമോ എന്ന ആശങ്ക എന്നിവയെല്ലാം കാരണമായിട്ടുണ്ട്.
മഹാമാരി ആളുകളുടെ ദൈനംദിന ജീവിതത്തിെൻറ താളംതെറ്റിച്ചപ്പോള് ചെറിയ ഒരു വിഭാഗത്തെ അത് മാനസികമായും ബാധിെച്ചന്നാണ് വിലയിരുത്തൽ. തൊഴിൽപരമായ പ്രതിസന്ധി, സാമ്പത്തിക അരക്ഷിതാവസ്ഥ, ചുറ്റിലും ഉയരുന്ന ആശങ്കജനകമായ വാർത്തകൾ, ജീവിതം എന്ന് പഴയപടിയാകും എന്നീ ആകുലത തുടങ്ങിയവയും ആത്മഹത്യക്ക് പ്രേരണയായി. ലോക്ഡൗണിന് ശേഷം മാനസികാരോഗ്യപ്രശ്നങ്ങളില് വർധനയുണ്ടായെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്ത് ആകെ 2020 ഏപ്രിൽ ഒന്നുമുതൽ 2021 ആഗസ്റ്റ് 31 വരെ 11142 ആത്മഹത്യകൾ ഉണ്ടായെന്നാണ് സർക്കാർ കണക്ക്. 2018 ൽ 8320 ഉം 2019 ൽ 8585 ഉം 2020 ൽ 8480 ഉം ആത്മഹത്യകളാണ് കേരളത്തിൽ ആകെയുണ്ടായിട്ടുള്ളത്.
കോവിഡ് മൂലമുള്ള മാനസികസമ്മർദങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ ടെലി കൗൺസലിങ് അടക്കം സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 33 ലക്ഷം ഫോൺകാളുകളാണ് ഹെൽപ്ലൈനിലേക്ക് എത്തിയത്. മാനസിക സമ്മർദം-14262, ഉത്കണ്ഠ-8434, വിഷാദരോഗം-890, ഉറക്കമില്ലായ്മ-7590 എന്നിവയടക്കം വിവിധ കാരണങ്ങളാൽ വിളിയെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.