കോഴിക്കോട്: റോഡിൽ കുഴഞ്ഞുവീഴുന്നവർ അവിടെ കിടന്ന് മരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. കോഴിക്കോട് അടുത്ത ദിവസങ്ങളിലായി നാലുപേരാണ് ഇങ്ങനെ മരിച്ചത്. കോവിഡ് ആയതിനാൽ കണ്ടുനിൽക്കുന്നവർ വീണുകിടക്കുന്നവരെ അകലം പാലിച്ച് നോക്കിനിൽക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ആംബുലൻസോ ആരോഗ്യപ്രവർത്തകരോ എത്തുേമ്പാഴേക്കും കുഴഞ്ഞുവീണയാൾ മരിച്ചിട്ടുണ്ടാവും. ഏറ്റവുമൊടുവിൽ എരഞ്ഞിപ്പാലം മിനിബൈപാസിൽ റോഡിൽ കിടന്ന് തളർന്ന് മരിച്ചത് ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തകനായി ഒാടിനടക്കുന്ന അഷ്റഫ് കാപ്പാട് എന്ന പൊതുപ്രവർത്തകനാണ്.
കഴിഞ്ഞ ദിവസം അജ്ഞാതൻ ചെറൂട്ടി റോഡ് ജങ്ഷന് സമീപം കുഴഞ്ഞുവീണ് ഒരു മണിക്കൂറിലേറെയാണ് റോഡിൽ കിടന്ന് മരിച്ചത്. മൂഴിക്കൽ സ്വദേശി കഴിഞ്ഞ മാസം അവസാനം മിഠായിതെരുവിൽ കുഴഞ്ഞുവീണ് മരിച്ചു. വൈകിയാണ് അദ്ദേഹത്തെയും ആശുപത്രിയിൽ എത്തിച്ചത്. പന്തീരാങ്കാവിലും സമാനസംഭവമുണ്ടായി. 108 ആംബുലൻസിനെ വിളിച്ചാലും എത്താൻ വൈകുന്നു എന്നാണ് സംഭവസ്ഥലങ്ങളിലെ നാട്ടുകാർ പറയുന്നത്. പൊലീസ് സ്ഥലത്തെത്തിയാലും ആംബുലൻസിനെ കാത്തുനിൽക്കുന്ന അവസ്ഥയുണ്ട്.
കോവിഡ് പകരുമെന്ന ഭീതിയാണ് ഇൗ സാഹചര്യം സൃഷ്ടിക്കുന്നത്. അതേസമയം, ഇൗ മാനുഷികപ്രശ്നം എങ്ങനെ പരിഹരിക്കണമെന്ന് സർക്കാർ മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന ആവശ്യമുയരുന്നുണ്ട്. അതേസമയം, കരിപ്പൂർ വിമാനദുരന്തമുണ്ടായപ്പോൾ കൊണ്ടോട്ടിയിലെ ജനങ്ങൾ കോവിഡ് ഭീതിമറന്ന് രക്ഷാപ്രവർത്തനം നടത്തിയതിനാലാണ് നൂറുകണക്കിന് യാത്രക്കാരെ രക്ഷിക്കാനായത്.
എരഞ്ഞിപ്പാലം ബൈപാസിൽ റോഡരികിൽ രക്ഷാപ്രവർത്തകൻ തളർന്നുകിടന്നത് ആംബുലൻസ് സ്റ്റാൻഡിെൻറ മുന്നിലായിരുന്നു. തൊട്ടടുത്താണ് ബേബി മെമ്മോറിയൽ ആശുപത്രി. നാട്ടുകാർ ചുറ്റും കൂടിനിന്നതല്ലാതെ അഷ്റഫിനെ ആശുപത്രിയിലെത്തിക്കാൻ നടപടിയുണ്ടായില്ല എന്ന് പരാതിയുയർന്നിട്ടുണ്ട്. അഷ്റഫിനെ അറിയുന്ന കാപ്പാട് സ്വദേശികളായ രണ്ടു പേരാണ് ആശുപത്രിയിൽ എത്തിച്ചത്. കോവിഡ് പരിേശാധനയിൽ അഷ്റഫിന് നെഗറ്റിവ് ഫലമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.