തിരുവനന്തപുരം: കേരളത്തിലെ കോവിഡ് മരണങ്ങളുടെ കണക്ക് വർധിക്കുന്നു. വ്യാഴാഴ്ച വരെയുള്ള കണക്ക് പ്രകാരം 43,946 കോവിഡ് മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതുവരെ ലഭിച്ച 35,152 അപ്പീല്‍ അപേക്ഷകളിൽ 29,223 എണ്ണം തീർപ്പാക്കാനുണ്ട്. ഇതുകൂടി ഉൾപ്പെടുത്തുമ്പോൾ ഞെട്ടിക്കുന്ന കണക്കാകും.
ചികിത്സയിലുള്ളവർ കുറയുമ്പോഴും കോവിഡ് മരണങ്ങൾ വർധിക്കുന്നത് ആശങ്കയോടെയാണ് ആരോഗ്യമേഖല കാണുന്നത്. കോവിഡിനെ തുടക്കം മുതൽ തളച്ചുവെന്ന കേരളത്തിെൻറ വാദംകൂടി ഇതുവഴി പൊളിയുകയാണ്. പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് പരിഗണിച്ച 284 മരണങ്ങളടക്കം വ്യാഴാഴ്ച മാത്രം 320 മരണമാണ് കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചത്. പഴയ മരണങ്ങൾ കൂടി ചേർത്ത് 10 ദിവസത്തിനിടെ 2019 മരണം റിപ്പോർട്ട് ചെയ്തു. വാക്സിനേഷൻ ഇത്ര മുന്നേറിയിട്ടും ഗൗരവത്തോടെ പരിശോധിക്കേണ്ട നിലയിലാണ് മരണസംഖ്യ.
തിരുവനന്തപുരത്ത് മാത്രം ബുധനാഴ്ച 57 പേരാണ് മരിച്ചത്. കൊല്ലത്തും എറണാകുളത്തും 13ഉം ഇടുക്കിയിൽ 10ഉം മരണം. ബുധനാഴ്ച പുതിയ കോവിഡ് രോഗികൾ 4006 മാത്രമാണ്. മാസങ്ങൾക്കുശേഷം ബുധനാഴ്ചയാണ് മരണം 100 കടന്നത്. 125 മരണമാണ് അന്ന് സ്ഥിരീകരിച്ചത്. പ്രതിദിനം ശരാശരി 40ന് മുകളിൽ മരണം ഇപ്പോഴുമുണ്ട്. 10 ദിവസത്തിനിടെ 444 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1575 പഴയ മരണവും റിപ്പോർട്ട് ചെയ്തു. മൊത്തം മരണസംഖ്യ 43,626 ആയതോടെ മരണക്കണക്കിൽ വൻ കുതിപ്പുണ്ടായി. മരണക്കണക്കിൽ കേരളത്തിന് മുകളിൽ മഹാരാഷ്ട്ര മാത്രമാണുള്ളത്.
ശേഷിക്കുന്ന അപ്പീൽ കൂടി പരിഗണിക്കുന്നതോടെ മുക്കാൽ ലക്ഷത്തിനടുത്തേക്ക് മരണക്കണക്ക് കുതിക്കും. ആദ്യ ഡോസ് വാക്സിനേഷൻ 97 ശതമാനവും രണ്ടാം ഡോസ് 72 ശതമാനവും ആയിരിക്കെയാണ് മരണം ഭീതി വിതയ്ക്കുന്നത്. വെൻറിലേറ്ററുകളിൽ 223 പേരും ഐ.സി.യുകളിൽ 546 പേരും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.