കൊച്ചി: കോവിഡ് മരണങ്ങൾ നിയന്ത്രണത്തിന് വെല്ലുവിളിയാകുന്നു എന്ന വിലയിരുത്തലിനെത്തുടർന്ന് ജീവിതശൈലീരോഗങ്ങൾ പിടിച്ചുകെട്ടാനുള്ള നടപടികൾ ആരോഗ്യവകുപ്പ് ശക്തിപ്പെടുത്തുന്നു. ഇതിെൻറ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങൾ വഴിയും ജീവിതശൈലീരോഗങ്ങൾക്കുള്ള മരുന്ന് വിതരണം പുനരാരംഭിക്കാൻ തീരുമാനമായി.
ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തുേമ്പാൾ കുറവാണെങ്കിലും സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ ഉയരുന്നത് ആരോഗ്യവകുപ്പ് ആശങ്കയോടെയാണ് കാണുന്നത്. മരിക്കുന്നവരിൽ ഭൂരിഭാഗവും ജീവിതശൈലീരോഗങ്ങളുള്ള 60 വയസ്സ് പിന്നിട്ടവരാണ്.
കോവിഡ് വ്യാപനം ശക്തിപ്പെട്ടതോടെ സംസ്ഥാനത്ത് ജീവിതശൈലീ രോഗനിർണയ നടപടികൾ പ്രതിസന്ധിയിലായിരുന്നു. രോഗവ്യാപന ഭീതി മൂലം അടിയന്തര ചികിത്സ ആവശ്യമില്ലാത്തവരിൽ ഇത്തരം പരിശോധനകൾ പ്രോത്സാഹിപ്പിക്കേണ്ടെന്ന നിലപാടിലായിരുന്നു ആരോഗ്യവകുപ്പും. ആരോഗ്യ ഉപകേന്ദ്രങ്ങളിലെ ജീവിതശൈലി ക്ലിനിക്കുകളിൽ വയോധികർ എത്താൻ മടിച്ചതോടെ പ്രവർത്തനം മന്ദീഭവിച്ചു. മറ്റ് ആരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്നവരാകട്ടെ ഇതര രോഗികൾക്കൊപ്പം ക്യൂനിൽക്കുന്നത് രോഗവ്യാപന ഭീഷണിക്കും ഇടയാക്കി.
ഈ സാഹചര്യത്തിലാണ് ഉപകേന്ദ്രങ്ങളിലെ ജീവിതശൈലി ക്ലിനിക്കുകൾ പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചത്. ഇതോടൊപ്പം എല്ലാ ദിവസവും ജീവിതശൈലീരോഗങ്ങൾക്കുള്ള മരുന്നുകൾ വിതരണം ചെയ്യണമെന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കും കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കും സാമൂഹിക ആരോഗ്യകേന്ദ്രങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
ഫാർമസിസ്റ്റുകളുടെ സംഘടന ഹൈകോടതിയെ സമീപിച്ചതിനെത്തുടർന്ന് ഉപകേന്ദ്രങ്ങൾ വഴിയുള്ള മരുന്ന് വിതരണം സർക്കാർ നിർത്തിയിരിക്കുകയായിരുന്നു. കോവിഡിെൻറ സവിശേഷ സാഹചര്യം കണക്കിലെടുത്താണ് വിതരണം പുനരാരംഭിക്കാൻ സർക്കാർ പ്രത്യേക ഉത്തരവിറക്കിയത്.
ആഴ്ചയിൽ രണ്ട് ദിവസം ഈ ക്ലിനിക്കുകളിൽ രക്തസമ്മർദം, പ്രമേഹം തുടങ്ങിയവയുടെ പരിശോധനയും മരുന്ന് വിതരണവും നടക്കും. ഏതൊക്കെ ദിവസങ്ങളെന്നത് അതത് പ്രദേശത്തെ സാഹചര്യം വിലയിരുത്തി തീരുമാനിക്കും. സംസ്ഥാനത്തെ 5400ലധികം ഉപകേന്ദ്രങ്ങൾ വഴി മരുന്ന് വിതരണം ആരംഭിക്കുന്നതോടെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിൽ ജീവിതശൈലീരോഗികളുടെ തിരക്ക് നിയന്ത്രിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.