മാറഞ്ചേരി (മലപ്പുറം): മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും വന്നേരി ഹയർ സെക്കൻഡറി സ്കൂളിലും നടത്തിയ രണ്ടാംഘട്ട പരിശോധനയിൽ 180 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.
ഈ മാസം ഏഴിനായിരുന്നു ഇരുസ്കൂളുകളിലുമായി 262 പേർക്ക് കോവിഡ് ബാധിച്ചത്. തുടർന്ന് മറ്റ് വിദ്യാർഥികൾക്കും അധ്യാപകർക്കുമായി നടത്തിയ പരിശോധനയിലാണ് 180 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചത്.
മാറഞ്ചേരി സ്കൂളിലെ 363 പേർക്ക് നടത്തിയ പരിശോധനയിൽ 94 വിദ്യാർഥികൾക്കും ഒരു അധ്യാപകനുമാണ് പോസിറ്റിവായത്. വന്നേരി സ്കൂളിലെ 289 പേരിൽ നടത്തിയ പരിശോധനയിൽ 82 വിദ്യാർഥികൾക്കും മൂന്ന് അധ്യാപകർക്കും പോസിറ്റിവായി. ഇതോടെ 442 പേർക്കാണ് ഇതുവരെ രണ്ട് സ്കൂളുകളിലുമായി കോവിഡ് ബാധിച്ചത്.
ആദ്യഘട്ടത്തിൽ എസ്.എസ്.എൽ.സിക്കാർക്ക് മാത്രമായിരുന്നു പരിശോധന. ബുധനാഴ്ച ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും ആദ്യഘട്ടത്തിൽ പരിശോധനയിൽ പങ്കെടുക്കാതിരുന്ന എസ്.എസ്.എൽ.സി വിദ്യാർഥികൾക്കുമാണ് പരിശോധന നടത്തിയത്. കൂടാതെ വെളിയങ്കോട് പഞ്ചായത്തിലെ അന്തർ സംസ്ഥാന തൊഴിലാളികൾ, പഞ്ചായത്ത് ജീവനക്കാർ, ബാങ്ക് ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർക്കായി നടത്തിയ സർവൈലൻസ് ടെസ്റ്റിൽ പങ്കെടുത്ത 324 പേരിൽ 42 പേർക്കും കോവിഡ് പോസിറ്റിവായി. ഇതോടെ മേഖലയിൽ വീണ്ടും ആശങ്ക ഉയർന്നിട്ടുണ്ട്. പോസിറ്റിവായവരുമായി പ്രാഥമിക സമ്പർക്കമുള്ളവരെ കണ്ടെത്താനുള്ള പരിശോധന ആരോഗ്യ വകുപ്പ് നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ലക്ഷണമുള്ളവർക്കായും പരിശോധന നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.