കോവിഡ്: പുതിയ വകഭേദങ്ങളില്ല; ആശങ്കപ്പെടേണ്ടെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഒമിക്രോണ്‍ വകഭേദമാണ് പടരുന്നത്. പരിശോധനകളില്‍ മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ല. കോവിഡിനൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം.

എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. കിടപ്പുരോഗികള്‍, വയോജനങ്ങള്‍ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. രണ്ടാം ഡോസ് വാക്‌സിനും കരുതൽ ഡോസുമെടുക്കാനുള്ളവർ എടുക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും കരുതൽ ഡോസ് എടുക്കണമെന്നും മന്ത്രി പറഞ്ഞു.

പുതിയ സാഹചര്യത്തിൽ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗം സംസ്ഥാനത്തെയും ജില്ലകളുടെയും കോവിഡ് സ്ഥിതി വിലയിരുത്തി. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കേസുകള്‍ കൂടുതല്‍. ആ ജില്ലകള്‍ പ്രത്യേകം ശ്രദ്ധിക്കും. രോഗലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തും. വാക്‌സിൻ വിതരണ പുരോഗതിയും ചര്‍ച്ച ചെയ്തു. കോവിഡ് കുറഞ്ഞതോടെ പലരും രണ്ടാം ഡോസ് വാക്‌സിനും കരുതൽ ഡോസും സ്വീകരിക്കാൻ വിമുഖത കാണിക്കുന്നുണ്ട്. അത് അപകടമുണ്ടാക്കും.

കോവിഡ് മരണം സംഭവിക്കുന്നവരില്‍ വാക്‌സിനെടുക്കാത്തവരുടെയും അനുബന്ധ രോഗങ്ങളുള്ളവരുടെയും എണ്ണം കൂടുതലാണ്. അനുബന്ധ രോഗങ്ങളുള്ളവര്‍ക്ക് കോവിഡ് രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ പരിശോധന നടത്തി ചികിത്സ തേടണമെന്നും യോഗം നിർദേശിച്ചു.

വാക്‌സിനെടുക്കാത്തവരുടെ കണക്ക് ശേഖരിക്കുന്നു

തിരുവനന്തപുരം: പ്രാദേശികമായി വാക്‌സിനെടുക്കാത്തവരുടെ കണക്ക് ശേഖരിക്കാനും വാക്‌സിനെടുക്കുന്നെന്ന് ഉറപ്പാക്കാനും ഫീല്‍ഡ് വര്‍ക്കര്‍മാരെ ചുമതലപ്പെടുത്താൻ തീരുമാനം. 18 വയസ്സ് മുതലുള്ള 100 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിനെടുത്തെങ്കിലും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 88 ശതമാനമാണ്.

22 ശതമാനം പേരാണ് കരുതൽ ഡോസ് എടുത്തത്. 15 മുതല്‍ 17 വയസ്സ് വരെയുള്ള 83 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസും 55 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കി. 12 മുതല്‍ 14 വയസ്സ് വരെയുള്ള 54 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 15 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കി.

Tags:    
News Summary - Covid: No new variants -Health Minister Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.