കോവിഡ് ഭീതി അൽപം അകന്നതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഒാരോന്നായി തുറന്നുതുടങ്ങി. പറമ്പിക്കുളം, മൂന്നാർ എന്നിവിടങ്ങളിൽ നിബന്ധനകളോടെ പ്രവേശന അനുമതിയും നൽകി. എങ്കിലും കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ജാഗ്രത വേണമെന്ന് ഒാർമിപ്പിക്കുകയാണ് അധികൃതർ. ഒരു വർഷത്തോളമാകുന്നു കൂട്ടിലടച്ചതുപോലെ എല്ലാവരും വീടുകളിലേക്ക് ഒതുങ്ങിയിട്ട്. ഇൗ കാലയളവിലെ മാനസിക പിരിമുറുക്കങ്ങൾക്ക് അയവുവരുത്താൻ യാത്ര അനിവാര്യവുമാണ്. അൽപം ജാഗ്രതയോടെയാകാം വിനോദ യാത്രകളും.
സ്ഥലം തെരഞ്ഞെടുക്കുേമ്പാൾ തിരക്കുള്ളവ ഒഴിവാക്കുന്നതാണ് നല്ലത്. സുരക്ഷിതമായി പോയി വരാനാവുന്ന സ്ഥലത്തേക്കാകണം യാത്ര. കേരളത്തിന് പുറത്തേക്ക് അൽപം കൂടി കാത്തിരിക്കാം. കേരളത്തിൽതന്നെ കാണാൻ ധാരാളം സ്ഥലമുണ്ട്. ഹിൽസ്റ്റേഷനുകളോ കുമരകംപോലുള്ളവയോ വനം വികസന കോർപറേഷൻ പദ്ധതികളോ റിസോർട്ടുകളോ ഒക്കെയാണ് കൂടുതൽ സുരക്ഷിതം.
മുൻകൂട്ടി പ്ലാൻ ചെയ്യണം. ദിവസങ്ങളോളം ചെലവഴിക്കുന്നവയാണെങ്കിൽ താമസസ്ഥലവും മറ്റും ബുക്ക് ചെയ്യണം. എത്തിയശേഷം താമസം അന്വേഷിക്കുന്നത് റിസ്ക് കൂട്ടും. കുടുംബവുമൊത്താണെങ്കിൽ പ്രത്യേകിച്ചും. കോവിഡ് കാലത്ത് റേറ്റുകൾ കുറച്ച റിസോർട്ടുകളും താമസസ്ഥലങ്ങളും ഒരുപാടുണ്ട്. ഇൻറർനെറ്റിൽ പരതിയാൽ അവ കണ്ടെത്താനാകും.
കൈക്കുഞ്ഞുങ്ങളുമായി യാത്ര ഒഴിവാക്കണം. കുഞ്ഞുങ്ങളെയും പ്രായമായവരെയും മറ്റു അസുഖ ബാധിതരെയും ആളുകൾ കൂടുന്നിത്ത് കൊണ്ടുപോകാതിരിക്കുന്നതാണ് നല്ലത്. അവരെ യാത്രയിൽ കൂടെക്കൂട്ടുന്നുണ്ടെങ്കിൽ അധിക കരുതൽ നൽകാൻ ശ്രദ്ധിക്കണം. കൂടുതൽ പേരുമായി അടുത്തിടപഴകാൻ അനുവദിക്കരുത്. ഗ്ലൗസ്, മാസ്ക് കൃത്യമായി ധരിപ്പിക്കണം. സാനിറ്റൈസർ ശീലമാക്കണം. എവിടെയും വണ്ടിനിർത്തി എന്തും വാങ്ങി കഴിച്ച രീതി ഒഴിവാക്കണം.
കഴിയുന്നതും സ്വന്തം വാഹനത്തിൽ തന്നെയാകണം യാത്ര. പരമാവധി പൊതു വാഹനങ്ങൾ ഒഴിവാക്കണം. കാറിലും മറ്റുമാണെങ്കിൽ വഴിയിൽ കഴിക്കാനുള്ളവ കൈയിൽ കരുതാം. വെള്ളവും വണ്ടിയിലെടുത്ത് വെക്കാം. കടകളിൽനിന്നോ മറ്റോ എന്തെങ്കിലും വാങ്ങാനുണ്ടെങ്കിൽ കുഞ്ഞുങ്ങളെയും പ്രായമായവരെയും വാഹനത്തിൽതന്നെ ഇരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.