തിരുവനന്തപുരം: വൈറസ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും കോവിഡ് പരിശോധന ഉത്തരവാദിത്തങ്ങളിൽനിന്ന് സർക്കാർ പിൻവാങ്ങുന്നു. ഒന്നും രണ്ടും തരംഗങ്ങളിൽ താഴേത്തട്ടിലുള്ള ആരോഗ്യകേന്ദ്രങ്ങളിൽ പരിശോധനസംവിധാനമൊരുക്കിയും ക്യാമ്പുകൾ സജ്ജമാക്കിയുമാണ് ആരോഗ്യവകുപ്പ് കോവിഡിനെ നേരിട്ടത്. എന്നാൽ, ഒരാഴ്ചയിലേറെയായി മൂന്നാം തരംഗം ആഞ്ഞടിക്കുമ്പോഴും സർക്കാർ ആശുപത്രികളിൽ മതിയായ പരിശോധന സംവിധാനമില്ല. നേരേത്തയുണ്ടായിരുന്നവയെല്ലാം അവസാനിപ്പിച്ചിരുന്നു. ലക്ഷണമുള്ളവർക്ക് സ്വകാര്യലാബുകളെ ആശ്രയിക്കലേ വഴിയുള്ളൂ. സർക്കാർ പ്രതിദിനം പുറത്തുവിടുന്ന പരിശോധനക്കണക്കുകളിൽ കൂടുതലും സ്വകാര്യലാബുകളിൽ നടക്കുന്നവയാണ്.
മെഡിക്കൽ കോളജുകൾക്ക് പുറെമ ജില്ല ആശുപത്രികളിലും ജനറൽ ആശുപത്രികളിലും മാത്രമാണ് കോവിഡ് പരിശോധന മുടങ്ങാതെ നടക്കുന്നത്. ഇവിടങ്ങളിലാകട്ടെ മറ്റു ചികിത്സക്ക് അഡ്മിറ്റാകുന്നവർക്കാണ് മുൻഗണന. വലിയ തിരക്കായതിനാൽ പൊതുജനങ്ങൾക്കുള്ള കൗണ്ടറുകളിലേക്ക് അടുക്കാനുമാകില്ല. പ്രാഥമികാരോഗ്യങ്ങളിലും മറ്റും പനിയുമായെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധനയാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. എവിടെ ചെയ്യണമെന്നതിൽ ഡോക്ടർമാർക്കും ഉത്തരമില്ല. സ്വകാര്യലാബുകളിൽ 500 രൂപയാണ് ആർ.ടി.പി.സി.ആറിന് നിശ്ചയിച്ചിട്ടുള്ളത്. നാലംഗ കുടുംബത്തിന് പരിശോധിക്കണമെങ്കിൽതന്നെ 2000 രൂപ വേണം.
വ്യാപനം തടയുന്നതിന്റെ പ്രധാന രീതി പരിശോധനയും ക്വാറന്റീനും ആണെന്നിരിക്കെ, സർക്കാർ ആശുപത്രിയിലെ പരിശോധന നിർത്തിെവച്ചത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിലവിൽ വാക്സിനേഷനാണ് മുൻഗണന നൽകുന്നതെന്നും താഴേത്തട്ടിലുള്ള ആശുപത്രികളിൽ വലിയ തോതിൽ ആരോഗ്യപ്രവർത്തകരുടെ കുറവുണ്ടെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ആരോഗ്യപ്രവർത്തകർ കൂടുതലായി കോവിഡ് ബാധിതരാകുന്നതും വെല്ലുവിളിയാകുന്നു. മൂന്നാം തരംഗം തീവ്രമായ ഒരാഴ്ചക്കിടെ 1697 ആരോഗ്യപ്രവർത്തകരാണ് കോവിഡ് ബാധിതരായത്.
ആന്റിജൻ പരിശോധന പുനഃസ്ഥാപിക്കണമെന്ന് കെ.ജി.എം.ഒ.എ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആർ.ടി.പി.സി.ആർ കൂടുതൽ കൃത്യമാണെങ്കിലും ഫലം ലഭിക്കാൻ വൈകുന്നത് പ്രതിരോധപ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഒമിക്രോൺ പോലെ തീവ്രവ്യാപനശേഷിയുള്ള വൈറസ് ഭീഷണിയുടെ സാഹചര്യത്തിൽ വിശേഷിച്ചും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.