ഗുരുവായൂർ: ലോക്ഡൗൺ കാലം മേലനങ്ങാ കാലം കൂടിയായതിനെ വ്യായാമത്തിലൂടെ മറികടക്കുകയാണ് ഗുരുവായൂർ ആനത്താവളത്തിലെ ആനകൾ. പൂരങ്ങളും എഴുന്നള്ളിപ്പുകളുമായി തിരക്കിലമരേണ്ട കാലത്തിനാണ് കോവിഡ് ലോക്കിട്ടത്. അതോടെ കെട്ടുംതറിയിൽ ഒതുങ്ങേണ്ടിവന്നവർ ആനത്താവളത്തിനകത്ത് പ്രഭാത സവാരിയും സായാഹ്ന സവാരിയുമൊക്കെ നടത്തിയാണ് ഇപ്പോൾ ആരോഗ്യം സംരക്ഷിക്കുന്നത്.
40 കൊമ്പന്മാരും അഞ്ച് പിടിയാനകളും രണ്ട് മോഴകളും (കൊമ്പില്ലാത്ത കൊമ്പന്മാർ) ഉൾെപ്പടെ 47 ആനകളാണ് ആനത്താവളത്തിലുള്ളത്. ഇതിൽ മുപ്പതോളം ആനകൾ പൂരം എഴുന്നള്ളിപ്പുകൾക്ക് പുറത്തു പോകുന്നവയാണ്. മദപ്പാടിലും രോഗാവസ്ഥയിലും ഉള്ളവയാണ് ശേഷിക്കുന്നവ. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകൾക്കായി കൊണ്ടുപോകുന്ന രണ്ട് ആനകൾ മാത്രമാണ് ഇപ്പോൾ ആനത്താവളത്തിന് പുറത്ത് പോകുന്നത്. നാല് ദിവസം കൂടുമ്പോഴാണ് ഈ രണ്ടാനകളുടെ ഡ്യൂട്ടി മാറുന്നത്.
ഒമ്പത് ഏക്കറോളം വിസ്തൃതിയുള്ള ആനത്താവളത്തിനകത്താണ് ആനകളുടെ നടത്തം. രാവിലെ ഒമ്പതോടെ ആനകൾ മാറി മാറി നടത്തം തുടങ്ങും. ആരോഗ്യ സ്ഥിതിയും പ്രായവും പരിഗണിച്ച് മൂന്ന് മുതൽ അഞ്ച് റൗണ്ട് വരെയാണ് നടത്തം. വിശ്രമത്തിന് ശേഷം പാപ്പാന്മാരുടെ മേൽനോട്ടത്തിൽ തേച്ച് കുളിപ്പിക്കൽ. ഭക്ഷണക്രമത്തിൽ മാറ്റമൊന്നും ഇല്ലെന്ന് ജീവധന വിദഗ്ധൻ ഡോ. കെ. വിവേക് പറഞ്ഞു.
ആനത്താവളത്തിലെ കാരണവത്തിമാരിൽ ഒരാളായ താര രോഗാവസ്ഥയിലാണെന്നതാണ് ലോക്ഡൗൺ കാലത്തെ ദുഃഖം. അവശയായി കിടപ്പിലായ താരയെ ഇപ്പോൾ ക്രെയിനിെൻറ സഹായത്താൽ ഉയർത്തി നിർത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.