ചേർത്തല: കഞ്ഞിക്കുഴി കൂറ്റുവേലിയിൽ ഒരേക്കറോളം നിലംനികത്തി എന്നാരോപിച്ച് എ.ഐ.വൈ.എഫ് പ്രവർത്തകർ കുത്തിയ കൊടി സി.പി.ഐ മണ്ഡലം സെക്രട്ടറി ഊരിയ സംഭവത്തിൽ സെക്രട്ടറിക്കെതിരെ നടപടിയെടുത്തേക്കും.ചേർത്തല തെക്ക് മണ്ഡലം സെക്രട്ടറി കെ.ബി. വിമൽ റോയിക്കെതിരെയാണ് നടപടി സ്വീകരിക്കുക. നിലംനികത്തുന്നില്ലെന്ന നേതാക്കളുടെ വാദങ്ങൾക്കെതിരെ റവന്യൂ വകുപ്പും രംഗത്തുണ്ട്.
നിലംനികത്തുന്നത് തടഞ്ഞുകൊണ്ട് വില്ലേജ് ഓഫിസർ സ്റ്റോപ് മെമ്മോ നൽകിയ സ്ഥലത്താണ് കൊടികുത്തിയത്. സി.പി.ഐ മണ്ഡലം സെക്രട്ടറി കൊടി ഊരിയതോടെ സംഭവം രൂക്ഷമായി. ഇതിന് ബദലായി യുവജനപ്രസ്ഥാനം സെക്രട്ടറിയെ വെല്ലുവിളിച്ച് വീണ്ടും കൊടികുത്തി. സംഭവം വീണ്ടും വിവാദമായതോടെ യുവജന പ്രസ്ഥാനത്തിന്റെ നടപടി സി.പി.ഐയിലും എ.ഐ.വൈ.എഫിലും വലിയ വിള്ളൽ ഉണ്ടാക്കി.
ഇരുകൂട്ടരെയും അനുനയിപ്പിക്കാൻ ജില്ല നേതൃത്വം ഇടപെട്ടെങ്കിലും നടന്നില്ല. ഇതുമായി ബന്ധപ്പെട്ട് സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അഡ്വ. എം.കെ. ഉത്തമന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മണ്ഡലം സെക്രട്ടറി പാർട്ടിക്ക് അപവാദം ഉണ്ടാക്കിയെന്നും എ.ഐ.വൈ.എഫിന്റ നിലപാടാണ് ശരിയെന്നും പാർട്ടി ജില്ല നേതൃയോഗം വിലയിരുത്തിയിരുന്നു. ഇതിനെതിരെയാണ് മണ്ഡലം സെക്രട്ടറി കെ.ബി. ബിമൽ റോയിക്കെതിരെ നടപടിക്ക് സാധ്യത ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.