തിരുവനന്തപുരം: ലോക്ഡൗൺ കാലത്തെ കെ.എസ്.ഇ.ബിയുടെ അനിയന്ത്രിത വൈദ്യുതിചാർജ് വർധന തിരുത്താൻ മുഖ്യമന്ത്രിയും സർക്കാറും ഇടപെടണമെന്നാവശ്യപ്പെട്ട് സി.പി.െഎ. ബില്ലിനെ കുറിച്ച് ഉയർന്ന പരാതി പരിഹരിക്കാനും തെറ്റ് തിരുത്താനും സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നിർവാഹകസമിതി പ്രമേയം പാസാക്കി.
നിർവാഹകസമിതിയിൽ തുകവർധനെക്കതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ‘ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്‍ നല്കിയ നടപടിയെ എന്ത് ന്യായം പറഞ്ഞാലും അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രി അടിയന്തരമായി വിഷയത്തില്‍ ഇടപെടണം. വൈദ്യുതി ബോര്‍ഡ് ഉപഭോക്താക്കള്‍ക്ക് നല്കിയ ബില്ലിനെക്കുറിച്ച് വ്യാപകമായ പരാതിയാണ്. ഉപയോഗിക്കാത്ത വൈദ്യുതിക്ക് ഉയര്‍ന്ന നിരക്കില്‍ പണം ഈടാക്കാന്‍ കെ.എസ്.ഇ.ബി ശ്രമിക്കുന്നു എന്നാണ് പ്രധാന ആക്ഷേപം.
നാലുമാസം ഉപയോഗിച്ച വൈദ്യുതിയുടെ യൂനിറ്റ് കണക്കാക്കി ശരാശരിയെടുത്ത് ബില്‍ നല്‍കിയെന്നാണ് ബോര്‍ഡ് വിശദീകരണം. ബോര്‍ഡിെൻറ വിശദീകരണത്തിൽ ഉപഭോക്താക്കള്‍ തൃപ്തരെല്ലന്ന് വ്യക്തമാക്കിയ പ്രമേയം ‘കേരളത്തിലെ പ്രതിപക്ഷവും ബി.ജെ.പിയും ഇത് പ്രചാരണായുധമാക്കി സമരരംഗത്താണെ’ന്നും സർക്കാറിന് മുന്നറിയിപ്പ് നൽകി. നിർവാഹകസമിതിയിൽ മുൻമന്ത്രി സി. ദിവാകരൻ തെൻറ വീട്ടിൽ 20,000 രൂപയുടെ ബില്ല് വന്നത് ചൂണ്ടിക്കാട്ടിയാണ് പ്രശ്നം ഉന്നയിച്ചത്. ഭൂരിപക്ഷവും ബോർഡ് നിലപാടിനെ വിമർശിച്ചു.
മന്ത്രിസഭയുടെ പരിഗണനക്ക് ഇൗ വിഷയം വന്നുവെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. പക്ഷേ വകുപ്പുമന്ത്രി എം.എം. മണി ചികിത്സയിൽ ആയതിനാൽ ചർച്ച ചെയ്യാതെ മാറ്റിയെന്നും വിശദീകരിച്ചു. കോവിഡ് കാലത്ത് ജനം വലിയ ദുരന്തമാണ് അനുഭവിക്കുന്നത്. തീരുമാനങ്ങൾ എടുക്കുേമ്പാൾ ഇതുകൂടി കണക്കിലെടുക്കണമെന്നും ആവശ്യമുയർന്നു. തുടർന്നാണ് യോഗത്തിെൻറ വികാരം പരസ്യപ്പെടുത്തി പ്രമേയം പാസാക്കിയത്.
മന്ത്രിസഭയിൽ ഉന്നയിച്ച് സി.പി.െഎ മന്ത്രിമാർ
തിരുവനന്തപുരം: അമിത വൈദ്യുതി ബിൽ മന്ത്രിസഭ യോഗത്തിൽ ഉന്നയിച്ച് സി.പി.െഎ മന്ത്രിമാർ. ഇക്കാര്യത്തിൽ ജനങ്ങളിൽ വൻ പ്രതിഷേധമുണ്ടെന്നും മന്ത്രിസഭ ചർച്ച ചെയ്യണമെന്നുമായിരുന്നു ആവശ്യം. വൈദ്യുതി മന്ത്രി എം.എം. മണി യോഗത്തിൽ ഉണ്ടായിരുന്നില്ല. മന്ത്രി കൂടി പെങ്കടുക്കുന്ന യോഗത്തിൽ ഉന്നയിച്ചാൽ ചർച്ച ചെയ്യാമെന്ന വിശദീകരണമാണ് മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടായത്. സി.പി.െഎ തീരുമാനപ്രകാരമാണ് മന്ത്രിമാർ വിഷയം ഉന്നയിച്ചത്.
അതേസമയം, റീഡിങ് വൈകിയതിനാല്‍ ചുരുക്കം ചില ഉപഭോക്താക്കളുടെ സ്ലാബ് മാറിയിട്ടുെണ്ടന്നും ഇത്തരം പരാതികൾ പരിഹരിക്കുമെന്നും വൈദ്യുതി ബോർഡ് അറിയിച്ചു. കൂടിയ തുക അടച്ചിട്ടുണ്ടെങ്കില്‍ അടുത്ത ബില്ലില്‍ കുറക്കും. പൂട്ടിക്കിടന്ന വീടുകളില്‍ ശരാശരി കണക്കാക്കി ബില്‍ നല്‍കിയിരുന്നു. ഈ പരാതികൾ പരിഹരിക്കാനുള്ള നടപടി ബോർഡ് ആരംഭിച്ചു. ബില്‍ കൂടുതല്‍ ലളിതമാക്കാനും മലയാളത്തില്‍കൂടി ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ലഭിച്ച ബിൽ പ്രകാരം പണമടക്കാൻ കൂടുതല്‍ തവണകള്‍ അനുവദിക്കുമെന്നും ബോർഡ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.