കണ്ണൂർ: 'ചെഗുവേരയുടെ ചിത്രം കൈയ്യിലും നെഞ്ചിലും പച്ചക്കുത്തിയും ചെങ്കൊടിപിടിച്ച് സെൽഫി എടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയുമല്ല കമ്മ്യൂണിസ്റ്റാകേണ്ടത് എന്ന മിനിമം ബോധ്യം ഇവരിൽ എത്തിക്കാൻ നിർഭാഗ്യവശാൽ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞില്ല..... രാമനാട്ടുകര സ്വർണ്ണക്കടത്തുകേസിൽ സി.പി.എം ബന്ധമുള്ള ക്വട്ടേഷൻ സംഘാംഗങ്ങൾ ഉൾപ്പെട്ട പശ്ചാത്തലത്തിൽ സി.പി.എമ്മിനെതിരെ ഒളിയമ്പുമായി സി.പി.ഐ മുഖപത്രത്തിൽ ലേഖനം. 'നൈതിക രാഷ്ട്രീയത്തിെൻറ പ്രസക്തിയും ക്രമിനൽവൽക്കരണവും'എന്ന തലക്കെട്ടിലാണ് വെള്ളിയാഴ്ച ഇറങ്ങിയ 'ജനയുഗം'പത്രത്തിൽ ലേഖനം പ്രസിദ്ധീകരിച്ചത്. സി.പി.ഐ കണ്ണൂർ ജില്ല സെക്രട്ടറി അഡ്വ. പി. സന്തോഷ് കുമാറാണ് ലേഖനം എഴുതിയിരിക്കുന്നത്. ഒരുവേള പാർട്ടിക്കോ നേതൃത്വത്തിനോ ഇത്തരം വളർന്നുവരുന്ന ക്വട്ടേഷൻ സംഘാംഗങ്ങളെ നിയന്ത്രിക്കാനോ തിരുത്താനോ സാധിച്ചില്ലെന്നും ലേഖകൻ ചൂണ്ടിക്കാട്ടുന്നു. അസാധാരണമായ വിധത്തിൽ രാഷ്ട്രീയത്തിൽ വർധിച്ചുവരുന്ന ക്രമിനിൽവത്കരണത്തെ സംബന്ധിച്ചുള്ള വിശദമായ കുറിപ്പാണ് ലേഖനം. സംസ്ഥാനത്തെ ബി.ജെ.പി ഘടകത്തെ നിശിതമായി വിമർശിച്ച് തുടങ്ങുന്ന എഴുത്തിൽ സി.പി.എമ്മിെൻറ നിലവിലെ നേതൃത്വത്തിനെതിരെയും ഒളിയമ്പുകൾ എയ്യുകയാണ്.
കള്ളക്കടത്ത് -ക്വട്ടേഷൻ സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ള, അതിൽ പ്രതികളാക്കപ്പെടുന്ന യുവാക്കൾ, ഇടതുരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി കുറച്ചുകാലമെങ്കിലും പ്രവർത്തിച്ചിരുന്നവരായിരുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണെന്ന് സന്തോഷ് കുമാർ ചൂണ്ടിക്കാട്ടുന്നു.
'കണ്ണൂരിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളന്നുവന്ന ചരിത്രം അല്ല അവരെ ഉത്തേജിപ്പിക്കുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്. ഏത് വഴിയിലൂടെയും പണം ഉണ്ടക്കാനും ആഡംബര ജീവിതം നയിക്കാനും സോഷ്യൽമീഡിയയിൽ വലിയൊരു ആരാധക വൃന്ദത്തെ ഉണ്ടാക്കാനും വിപരീതവേഷം സൃഷ്ടിച്ച് 'ആണത്തഭാഷണങ്ങൾ'നടത്താനും സ്വന്തം പാർട്ടിയെ അതിസമർഥമായി ഉപയോഗപ്പെടുത്താനുമാണ് ഇവർ ചെയ്തത്. മാഫിയ പ്രവർത്തനങ്ങളെ തള്ളിപറഞ്ഞ നേതാക്കളെ വെല്ലുവിളിക്കാനും അവർക്ക് മടിയുണ്ടായിരുന്നില്ല. ഈയൊരു മാറ്റം ഏതൊരു ഇടതുപക്ഷ പ്രസ്ഥാനത്തിെൻറയും ഭാവിക്ക് അപകടമുണ്ടാക്കുന്ന ലക്ഷണങ്ങളാണ് എന്ന് സ്വയം വിമർശനപരമായി ഉർക്കൊള്ളമെന്നും' ലേഖനത്തിൽ പാർട്ടി നേതൃത്വത്തിന് മുന്നറിയിപ്പ് നൽകുന്നുണ്ട്.
ആകാശ് തില്ലങ്കേരിയെ പോലെയുള്ള ഇത്തരം ക്വട്ടേഷൻ സംഘാംഗങ്ങൾക്ക് പാർട്ടിയുടെ ചിറകിലേറി സമൂഹമാധ്യമങ്ങളിൽ കിട്ടുന്ന വൻ സ്വീകാര്യതയോട് സി.പി.എം ജാഗ്രത പുലർത്തണമെന്നും പറയുന്നു. 'തില്ലങ്കരിയുടെ ചരിത്ര പൈതൃകം പ്രശസ്തമാക്കിയ ഉത്തമ കമ്മ്യൂണിസ്റ്റ് ആയി ക്രിമിനൽ കേസിലെ പ്രതികളെ ആടയാളപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകൾക്ക്പോലും ലഭിക്കുന്ന വൻ സ്വീകാര്യത ഇടതുപക്ഷം വളരെ ജാഗ്രതയോടെ കൈകാര്യ ചെയ്യേണ്ട ഒന്നാണ്'.
കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിെൻറ സ്വഭാവത്തിൽ വന്നിട്ടുള്ള മാറ്റം ക്രിനിനൽവത്കണണത്തിെൻറ ഭാഗമാണെന്നും കുറിപ്പിൽ വിലയിരുത്തുന്നു. 'മുൻകാലങ്ങളിൽ രാഷ്ട്രീയ പ്രശ്നങ്ങളിൽ പ്രതിരോധം തീർത്തിരുന്നത് അതതു പ്രദേശത്തെ പ്രധാന പ്രവർത്തകർ ആയിരുന്നെങ്കിൽ, ഇപ്പോൾ അത് പുറത്തുളള സംഘങ്ങളിലേക്ക് മൈമാറ്റം ചെയ്യപ്പെട്ടു' എന വരികളിൽ പാർട്ടിക്ക് ക്വട്ടേഷൻ സംഘാംഗങ്ങളുമായുള്ള ബന്ധമാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും രാഷ്ട്രീയ പാർട്ടികളുടെ തലവേദനയായി ഇത്തരം സംഘങ്ങൾ പിന്നീട് മാറുന്നു. ക്രിമിനൽ പ്രവർത്തനവും കൊലപാതകവും ക്വട്ടേഷനും പൊട്ടിക്കലും നടത്തിയല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥനങ്ങൾ ഈ മണ്ണിൽ വളർന്നതെന്നും എഴുത്തിൽ സൂചിപ്പിക്കുന്നുണ്ട്.
'നമ്മുക്കിടയിൽ പ്രവർത്തിക്കുന്നവർ കേസിൽ പ്രതികളാകുേമ്പാൾ മാത്രമല്ല ജാഗ്രത കാണിക്കേണ്ടത്. നിതാന്തമായ ശ്രദ്ധയും, കരുതലും, സ്വയം വിമർശനവും ഓരോ പാർട്ടി ഘടകങ്ങൾക്കും എപ്പോഴും ആവശ്യമാണ്' എന്നും പാർട്ടിയെ ഓർമപ്പെടുത്തുന്ന വരികളോടെയാണ് ലേഖനം അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.