കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനായിരിക്കും ജയസാധ്യതയെന്ന് സി.പി.ഐ. സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവിൽ കോട്ടയത്ത് നിന്നുള്ള സി.കെ ശശിധരൻ സമർപ്പിച്ച റിപ്പോർട്ടിലാണ് തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പരാമർശമുള്ളത്. എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന്റെ പരാജയം നേരിയ വോട്ടിനായിരിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പിൽ വെള്ളിയാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ഉപതെരഞ്ഞെടുപ്പിൽ അവസാന കണക്ക് പ്രകാരം 72.86 ശതമാനമാണ് പോളിങ്. മണ്ഡലത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ച ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണിത്. തെരഞ്ഞെടുപ്പ് ദിനത്തിലെ കണക്ക് പ്രകാരം പോളിങ് 72.91 ശതമാനമായിരുന്നു.
2021ൽ 74.84 ശതമാനം പോളിങ്ങാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞതവണത്തെക്കാൾ 1.98 ശതമാനം കുറവ്. മഴയും വോട്ടർമാരായ വിദ്യാർഥികൾ ഉൾപ്പെടെ കുറേ പേർ സ്ഥലത്തില്ലാതിരുന്നതുമാണ് പോളിങ് കുറയാൻ കാരണമായി കരുതുന്നത്. ആകെ 1,76,412 വോട്ടർമാരിൽ 1,28,535 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
86,131 പുരുഷന്മാരിൽ 64,078 പേരും 90,277 സ്ത്രീകളിൽ 64,455 പേരും നാലു ട്രാൻസ്ജെൻഡർമാരിൽ രണ്ടുപേരും വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പ് ദിനത്തിനു മുമ്പ് പോസ്റ്റൽ ബാലറ്റ് മുഖേന 2491 അസന്നിഹിത വോട്ടർമാർ (80 വയസ്സിനു മുകളിലുള്ളവർ, ഭിന്നശേഷിക്കാർ) വോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.