തിരുവനന്തപുരം: സി.പി.എമ്മിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും പിരിച്ചുവിടേണ്ട സമയമായെന്നും യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. സി.പി.ഐ മുന്നണി വിട്ട് പുറത്തുവരണമെന്നും ഹസൻ ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന് വഴിമാറിയുള്ള സി.പി.എം നേതൃത്വത്തിന്റെ സഞ്ചാരത്തിന് അണികളുടെ പിന്തുണയില്ലെന്നാണ് സി.പി.എം ജില്ല കമ്മിറ്റികളിലെ വിമർശനത്തിലൂടെ അടിവരയിടുന്നത്. പ്രതിഷേധവും സ്വന്തം നേതാക്കളോടുള്ള അവിശ്വാസവും കാരണമാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ സി.പി.എം അണികൾ തീരുമാനിച്ചതെന്നും ഹസൻ പ്രസ്താവനയിൽ പറഞ്ഞു.
നേതാക്കൾ പകർന്ന് നൽകിയ അന്ധമായ കോൺഗ്രസ് വിരോധവും സ്വന്തം നേതാക്കൾക്ക് ബി.ജെ.പി നേതാക്കളോടുള്ള അടുപ്പവും സി.പി.എം അണികളെ ബി.ജെ.പിയിലേക്ക് അടുപ്പിച്ചു.സി.പി.എമ്മിന്റെ അസ്ഥിവാരം തോണ്ടുന്ന ഗുരുതരമായ ആരോപണമാണ് സി.പി.എമ്മിന്റെ മുൻ ജില്ല കമ്മിറ്റി അംഗമായ മനുതോമസ് ഉന്നയിക്കുന്നത്. സ്വന്തം അണികളെ ബോധ്യപ്പെടുത്താനെങ്കിലും ആ ആരോപണങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രിയും എം.വി. ഗോവിന്ദനും ആർജവം കാണിക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു.
മനു തോമസിന്റെ വെളിപ്പെടുത്തലിലൂടെ സിപിഎമ്മിന്റെ അന്ത്യത്തിന് അവരുടെ ശക്തികേന്ദ്രവും ഉരുക്കുകോട്ടയുമായ കണ്ണൂരിൽ നിന്ന് തന്നെ തുടക്കം കുറിച്ചെന്ന് വ്യക്തമാണ്. സി.പി.എം നേതൃത്വത്തിന്റെ ക്രിമിനൽ, ക്വട്ടേഷൻ, മാഫിയ ബന്ധങ്ങളുടെ ഉള്ളറകളെ സംബന്ധിച്ച തുറന്ന് പറച്ചിലാണ് മുൻ ജില്ലാ കമ്മിറ്റി അംഗം കൂടിയായ മനുതോമസ് നടത്തിയിരിക്കുന്നത്. വർഷങ്ങളായി യു.ഡി.എഫ് ഇക്കാര്യം പറഞ്ഞ് കൊണ്ടിരിക്കുകയാണ് അത്. മനുതോമസിന്റെ ആരോപണത്തിലൂടെ അതിന്റെ ഭീകരത പൊതുസമൂഹത്തിന് കൂടുതൽ ബോധ്യമായി. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്ത് മുതൽ സി.പി.എം നേതാക്കൾക്ക് സ്വർണത്തോടുള്ള അഭിനിവേശം പുറത്ത് വന്നതാണ്. അത് ഒരിക്കൽക്കൂടി ഊട്ടിയുറപ്പിക്കുകയാണ് മനുതോമസ് തന്റെ ആരോപണത്തിലൂടെ.
സി.പി.എം നേതാക്കളുടെ ക്രിമിനൽ ബന്ധത്തിനും മാഫിയ, ക്വട്ടേഷൻ പ്രവർത്തനങ്ങൾക്കും മൗനാനുവാദം നൽകിയത് മുഖ്യമന്ത്രിയാണ്. സ്വന്തം മകളുടെ മാസപ്പടിയും മറ്റു ആരോപണങ്ങളെയും മറച്ചുപിടിക്കാൻ അദ്ദേഹം കാട്ടിയ അമിത താൽപര്യം കമ്മ്യൂണിസ്റ്റ് ആശയങ്ങളെ ബലി കഴിപ്പിച്ച് വഴിവിട്ട മാർഗത്തിലൂടെ സഞ്ചരിക്കാൻ സി.പി.എമ്മിന്റെ മറ്റുനേതാക്കൾക്കും പ്രചോദനമായി. പ്രകാശ് ജാവേദക്കറുമായി ചേർന്ന് സംഘപരിവാർ ശക്തികളുമായി രഹസ്യ കൂടിക്കാഴ്ചയ്ക്കും രാഷ്ട്രീയ ബാന്ധവത്തിനും എൽ.ഡി.എഫ് കൺവീനർ തന്നെ തുനിഞ്ഞത് അതിന് ഉദാഹരണം. 'എമ്പ്രാനൽപ്പം കട്ടു ഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കും' എന്ന് കുഞ്ചൻ നമ്പ്യാർ പാടിയത് സി.പി.എമ്മിന്റെ കാര്യത്തിൽ ഇപ്പോൾ അർഥവത്തായെന്നും ഹസൻ ആരോപിച്ചു.
അതേസമയം, എം.എം. ഹസന്റെ പ്രസ്താവനയെ ചിരിച്ചു കൊണ്ട് തള്ളിക്കളയുന്നു എന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. നിലവിൽ എൽ.ഡി.എഫ് വിടേണ്ട ആവശ്യം സി.പി.ഐക്കില്ലെന്നും എൽ.ഡി.എഫിനെ ശക്തിപ്പെടുത്തിക്കൊണ്ടേ സി.പി.ഐക്ക് മുന്നോട്ട് പോകാനാൻ കഴിയൂ എന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.