കോട്ടയം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇനി ജ്വലിക്കുന്ന ഓർമ്മ. കാനത്തിന് കേരളം യാത്രാമൊഴി നൽകി. കോട്ടയം കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ ഞായറാഴ്ച രാവിലെ 11നാണ് സംസ്കാരച്ചടങ്ങുകൾ ആരംഭിച്ചത്. വീടിന്‍റെ തെക്കുവശത്തെ പുളിമരച്ചുവട്ടിൽ പിതാവ് വി.കെ. പരമേശ്വരൻ നായർക്ക് ചിതയൊരുക്കിയ സ്ഥലത്തോട് ചേർന്നാണ് കാനത്തിനും അന്ത്യവിശ്രമം ഒരുക്കിയത്. മകൻ സന്ദീപ് ചിതക്ക് തീ കൊളുത്തി. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്.
സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. നാരായണ, ബിനോയ് വിശ്വം, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ തമിഴ്നാട്, കര്‍ണാടക സംസ്ഥാന സെക്രട്ടറിമാർ, വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നേതാക്കൾ എന്നിവർ കാനത്തിന് അന്തിമോപചാരം അര്‍പ്പിക്കാൻ ഞായറാഴ്ച വാഴൂരിലെ വസതിയിലെത്തി. പൊലീസിന്‍റെ നേതൃത്വത്തിൽ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിരുന്നു.
ശനിയാഴ്ച ഉച്ചക്ക് 2.30ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര രാത്രി വൈകിയാണ് കോട്ടയത്തെത്തിയത്. ജില്ല അതിർത്തിയായ ചങ്ങനാശ്ശേരിയിൽ സി.പി.ഐ ജില്ല സെക്രട്ടറി വി.ബി. ബിനുവിന്റെ നേതൃത്വത്തിൽ പ്രവർത്തകർ മൃതദേഹം ഏറ്റുവാങ്ങി. വൻ ജനാവലിയാണ് പ്രിയനേതാവിനെ അവസാനമായി കാണാൻ ചങ്ങനാശ്ശേരിയിലെത്തിയത്. ജില്ലയിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും വിലാപയാത്രയെ അനുഗമിച്ചു. തുടർന്ന് കുറിച്ചി, ചിങ്ങവനം, നാട്ടകം, തിരുനക്കര എന്നിവിടങ്ങളിലും നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു.
കോട്ടയം ചൊല്ലിയൊഴുക്കം റോഡിലുള്ള സി.പി.ഐ ജില്ല കമ്മിറ്റി ഓഫിസ് അങ്കണത്തിൽ മൃതദേഹം പൊതുദർശനത്തിനുവെച്ചപ്പോഴും നേതാക്കളുടെയും പ്രവർത്തകരുടെയും നീണ്ട നിരയാണ് പ്രിയനേതാവിനെ അവസാനമായി കാണാനുണ്ടായത്. രണ്ടു തവണ ജില്ല സെക്രട്ടറിയായി പ്രവർത്തിച്ച ‘പി.പി. ജോർജ് സ്മാരക’ത്തിൽ നിന്ന് പിന്നീട് കാനത്തെ വീട്ടിലേക്ക്. നൂറുകണക്കിന് പ്രവർത്തകരാണ് ഇവിടെയും മുദ്രാവാക്യങ്ങളുമായി കാത്തുനിന്നത്.
അനുശോചനയോഗം നാളെ
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നിര്യാണത്തിൽ തിങ്കളാഴ്ച കോട്ടയത്ത് അനുശോചന യോഗം നടക്കും. രാവിലെ 11ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളിൽ നടക്കുന്ന അനുശോചന യോഗത്തിൽ സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ ഉള്‍പ്പെടെ നേതാക്കൾ, മന്ത്രിമാര്‍, എം.എല്‍.എമാര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ പങ്കെടുക്കുമെന്ന് കോട്ടയം ജില്ല സെക്രട്ടറി അഡ്വ. വി.ബി. ബിനു അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കാനം രാജേന്ദ്രന്‍റെ അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളും പ്രമേഹത്തെ തുടർന്നുള്ള വൃക്കരോഗവും മൂലം കുറച്ചുനാളായി ചികിത്സയിലായിരുന്നു. പ്രമേഹം കടുത്തതോടെ വലത് പാദം അടുത്തിടെ മുറിച്ചുമാറ്റി. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പാർട്ടിയിൽ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എ.ഐ.ടി.യു.സി ദേശീയ വൈസ് പ്രസിഡന്‍റുമായിരുന്ന കാനം രാജേന്ദ്രൻ, 53 വർഷമായി പാർട്ടി സംസ്ഥാന കൗൺസിൽ അംഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.