തിരുവനന്തപുരം: കൊല്ലം സംസ്ഥാന സമ്മേളനത്തിന് പിന്നാലെ, അതൃപ്തി പരസ്യമാക്കി പാർട്ടിയെ പ്രതിരോധത്തിലാക്കിയ പത്തനംതിട്ടയിലെ എ. പത്മകുമാറിനെതിരെ നടപടിയുണ്ടാകുമെന്ന് വ്യക്തമായ സൂചന നൽകി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിക്കകത്ത് പറയേണ്ട കാര്യങ്ങൾ പരസ്യമായി പറയുന്നത് സംഘടനപരമായി തെറ്റായ നിലപാടാണെന്നും ആ നിലപാട് സ്വീകരിച്ചവർ ആരൊക്കെയാണെങ്കിലും സംഘടന നിലപാട് സ്വീകരിക്കുമെന്നും ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ആരെന്ന പ്രശ്നമില്ല. എത്ര വർഷം പ്രവർത്തിച്ചു എന്നതല്ല മെറിറ്റും മൂല്യവുമാണ് കമ്മിറ്റികളിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ മാനദണ്ഡമാക്കുന്നത്. കമ്മിറ്റികളിൽ പഴയ നേതാക്കളും പുതിയ നേതാക്കളും വേണം. ഈ രണ്ടു വിഭാഗങ്ങളും ചേർന്നുള്ള കൂട്ടായ നേതൃത്വമെന്നതാണ് പാർട്ടി കാഴ്ചപ്പാട്. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ‘മെറിറ്റും മൂല്യവും’ അടിസ്ഥാനപ്പെടുത്തി നവീകരിക്കുക എന്ന സമീപനമാണ് ബ്രാഞ്ച് മുതൽ സംസ്ഥാന തലം വരെയുള്ള കമ്മിറ്റികളിൽ സ്വീകരിച്ചത്.
52 വർഷം പ്രവർത്തിച്ച ആൾക്ക് മെറിറ്റും മൂല്യവും തിരിച്ചറിഞ്ഞില്ലെങ്കിൽ അത് ആരുടെ തെറ്റാണന്ന ചോദ്യത്തിന് അത് ഓരോരുത്തരും തിരിച്ചറിയേണ്ട കാര്യമാണെന്നായിരുന്നു മറുപടി. ഇക്കാര്യങ്ങളിൽ എല്ലാവർക്കും കൂട്ടായി ബോധ്യമുണ്ടാവുകയാണ് വേണ്ടത്. ബോധ്യപ്പെടാത്തവരെ പാർട്ടി ബോധ്യപ്പെടുത്തും. പി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താത്തതിനെ കുറിച്ച ചോദ്യത്തിന് ആളെ നോക്കിയല്ല നിലപാട് സ്വീകരിക്കുന്നതെന്നായിരുന്നു വിശദീകരണം.
പി. ജയരാജനെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താത്ത വിഷയത്തിൽ ജനങ്ങൾക്കും പാർട്ടിക്കും കൃത്യമായ ബോധ്യമുണ്ട്. പ്രശ്നങ്ങളൊന്നും ശേഷിക്കുന്നില്ല, അതെല്ലാം തീർത്താണ് മുന്നോട്ടുപോകുന്നത്. ഉയർന്ന കമ്മിറ്റികളിലേക്ക് വരുന്നതിന് പ്രായപരിധി മാനദണ്ഡമല്ല എന്ന് താൻ പറഞ്ഞിട്ടില്ല. സമ്മേളനത്തിൽ തന്നെ പറ്റി വന്ന വാർത്ത അസംബന്ധമായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.
എം. സ്വരാജിനെ കുറിച്ച പാർട്ടി റിപ്പോർട്ടിലെ പരാമർശവും ഗോവിന്ദൻ സ്ഥിരീകരിച്ചു. അവൈലബിൾ യോഗങ്ങളിൽ കൂടുതൽ പങ്കെടുക്കണമെന്നുള്ളതുകൊണ്ടാണ് അങ്ങനെയൊരു പരാമർശം ഉൾപ്പെട്ടത്. പാർട്ടിയിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും ഇനിയും അവൈലബിൾ കമ്മിറ്റികളിലെല്ലാം പങ്കെടുക്കണമെന്നും പറയുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.