കണ്ണൂര്‍: പാർട്ടിക്ക് തലവേദനയായ ആകാശ് തില്ലങ്കേരി വിഷയം ചർച്ച ചെയ്യാൻ സി.പി.എം അടിയന്തിര യോഗം വിളിച്ചു. എം.വി ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. തില്ലങ്കേരി ലോക്കൽ കമ്മറ്റി അംഗങ്ങളെ മുഴുവൻ യോഗത്തിന് വിളിപ്പിച്ചിട്ടുണ്ട്.
പാർട്ടിക്ക് വെല്ലുവിളി ഇല്ലാതെ പ്രശ്നം തീർക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നത്. മട്ടന്നൂർ ഏരിയ കമ്മറ്റി ഓഫീസിലാണ് യോഗം വിളിച്ചിരിക്കുന്നത്. അതിനിടെ, മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ട ആകാശ് തില്ലങ്കേരിയുടെ രണ്ട് കൂട്ടാളികൾ പിടിയിൽ.
ആകാശിന്റെ അടുത്ത സുഹൃത്തുക്കളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തിലങ്കേരി എന്നിവരാണ് പിടിയിലായത്. ഡി.വൈ.എഫ്.ഐ പ്രവർത്തകയുടെ പരാതിയിൽ ആകാശ് ഉൾപ്പടെയുള്ള മൂന്ന് പേർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം മുഴക്കുന്ന് പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് അറസ്റ്റ്. ആകാശ് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
ഡി.വൈ.എഫ്.ഐ പ്രവർത്തകയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീലചുവയോടെ സംസാരിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കഴിഞ്ഞദിവസം മുഴക്കുന്ന് പൊലീസ് കേസെടുത്തത്. ഇവരെ പിടികൂടാൻ മുഴക്കുന്ന് സി.ഐ രജീഷ് തെരുവത്ത് പീടികയുടെയും മട്ടന്നൂർ സി.ഐ എം. കൃഷ്ണന്റെയും നേതൃത്വത്തിൽ രണ്ട് സ്‌ക്വാഡിനാണ് രൂപം നൽകിയത്. കഴിഞ്ഞ ദിവസം ആകാശിന്റെ തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടിൽ കഴിഞ്ഞ രാത്രി രണ്ട് തവണ പൊലീസ് പരിശോധനക്കെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.