കാപ്പ കേസ് പ്രതിയുടെ പാര്‍ട്ടി പ്രവേശനത്തെ ന്യായീകരിച്ച് സി.പി.എം; ആർ.എസ്.എസിന് വേണ്ടിയാണ് ശരണ്‍ ചന്ദ്രൻ കേസുകളിൽ പ്രതിയായത്

പത്തനംതിട്ട: ആർ.എസ്.എസിന് വേണ്ടിയാണ് ശരണ്‍ ചന്ദ്രൻ കേസുകളിൽ പ്രതിയായതെന്ന് സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടറി കെ.പി ഉദയഭാനു. ശരൺ യുവ​ജനമോർച്ചയുടെ മേഖല പ്രസിഡന്റായിരുന്നു. ആർ.എസ്.എസിന്റെയും സജീവപ്രവർത്തകനായിരുന്നു. അവിടെ, കൂടുതലും സംഘട്ടനങ്ങൾ ഉണ്ടായിട്ടുള്ളത് സി.പി.എമ്മും ഡി.വൈ.എഫ്.ഐയുമായിട്ടാണ്.

കാപ്പ സാമൂഹിക വിരുദ്ധർമാർക്കെതിരെ എടുക്കുന്ന വകുപ്പാണ്. കാപ്പ രണ്ട് വകുപ്പുകളുണ്ട്. കാപ്പ മൂന്നും, കാപ്പ 15ഉം. കാപ്പ 15 ഡി.ഐ.ജിയാണ് തീരുമാനിക്കുന്നത്. സ്വഭാവികമായും വിവിധ കേസുകൾ വന്നതിനാലാൽ പൊലീസ് താക്കീത് ചെയ്തിട്ടുണ്ട്. ശരൺ ആർ.എസ്.എസിലും യുവമോർച്ചയിലും നിന്നപ്പോൾ പലർക്കും പരിശുദ്ധനായിരുന്നു. ശരൺ മാത്രമല്ല, മറ്റ് നിരവധിപേരുണ്ട്. അവർ, കൂട്ടത്തോടെ തിരിച്ചറിഞ്ഞത്, അവരെ ആർ.എസ്.എസ് ക്രിമിനൽ പ്രവർത്തനത്തിനായി ഉപയോഗിക്കുകയാണെന്നാണ്. അതുകൊണ്ടാണ്, ശരൺ ചന്ദ്രൻ ഉൾപ്പെടെ സി.പി.എമ്മിന്റെ ഭാഗമായതെന്ന് ഉദയഭാനു പറഞ്ഞു.

ഇന്നലെ കുമ്പഴയിൽ വച്ച് 60 പേർക്ക് പാർട്ടിയിലേക്ക് അംഗത്വം നൽകിയ പരിപാടിയിലാണ് ശരണും പങ്കെടുത്തത്. ഇന്നലെ വൈകുന്നേരം നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് ആരോഗ്യമന്ത്രി വീണാ ജോർജാണ്. ശരണിനെ മാലയിട്ട് സി.പി.എമ്മിലേക്ക് സ്വീകരിച്ചത് പത്തനംതിട്ട ജില്ല സെക്രട്ടറി കെ.പി ഉദയഭാനുവാണ്.

പത്തനംതിട്ടയിലെ പുതുതലമുറയിലെ ഒരു സംഘം യുവാക്കൾ ഇനിമുതൽ മാനവികതയുടെ പക്ഷമായി സി.പി.എമ്മിന്റെ ഭാഗമായി പ്രവർത്തിക്കുമെന്ന അടിക്കുറിപ്പോടെ ശരണിനെ മാലയിട്ട് സ്വീകരിക്കുന്ന ചിത്രങ്ങൾ ജില്ല സെക്രട്ടറി തന്നെ സമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്. എന്നാൽ, ക്രിമിനൽ കേസിലെ പ്രതിക്ക് പാർട്ടി അംഗത്വം നൽകിയതിനെതിരെ പരമ്പരാഗത അനുയായികളിൽ നിന്നും വലിയ വിമർശനമാണ് ഉയരുന്നത്.

Tags:    
News Summary - CPM defends party entry of Kappa case accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.