തിരുവനന്തപുരം: ഒരു പോളിറ്റ് ബ്യൂറോ അംഗം, നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, ഒരു മന്ത്രി, ഒരു രാജ്യസഭ എം.പി, മൂന്ന് എം.എല്‍.എമാര്‍, മൂന്ന് ജില്ല സെക്രട്ടറിമാര്‍ -ലോക്സഭ തെരഞ്ഞെടുപ്പിന് സി.പി.എം ഇക്കുറി രംഗത്തിറക്കുന്നത് കരുത്തുറ്റ നിരയെ. കഴിഞ്ഞ തവണത്തെ തിരിച്ചടിയിൽനിന്ന് തിരിച്ചുകയറാൻ സ്ഥാനാർഥി നിർണയത്തിൽ മാനദണ്ഡമായി വിജയസാധ്യത മാത്രമാണ് പരിഗണിച്ചത്. ഈ ഘട്ടത്തിൽ മുന്നോട്ടുവെക്കാൻ കഴിയുന്ന മികച്ച സ്ഥാനാർഥികളാണ് സി.പി.എം നിരയിലുള്ളത്. മന്ത്രി കെ. രാധാകൃഷ്ണനെ ആലത്തൂരിൽ പട നയിക്കാൻ ഇറക്കിയത് വിജയം ഉറപ്പിക്കാനാണ്.
പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനിലൂടെ പാലക്കാട്ട് കടുത്തപോരാട്ടത്തിനാണ് സി.പി.എം കളമൊരുക്കുന്നത്. വടകരയിൽ കെ.കെ. ശൈലജ, ആറ്റിങ്ങലിൽ വി. ജോയി എന്നീ എം.എൽ.എമാരെ ഇറക്കിയതിലൂടെ യു.ഡി.എഫിന് കടുത്തവെല്ലുവിളിയാണ് ഉയർത്തുന്നത്. കണ്ണൂരിൽ ജില്ല സെക്രട്ടറി എം.വി. ജയരാജനെ ഇറക്കിയതോടെ മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ച കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതന്നെ വീണ്ടും ഇറക്കാനുള്ള ആലോചനയിലാണ് കോൺഗ്രസ്. കാസർകോട്ട് ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ കോൺഗ്രസിലെ രാജ്മോഹൻ ഉണ്ണിത്താന് കടുത്ത വെല്ലുവിളിയാകും.
പത്തനംതിട്ടയിൽ കേന്ദ്ര കമ്മിറ്റിയംഗവും മുൻമന്ത്രിയുമായ തോമസ് ഐസക്കിന്റെ വരവും ചലനം സൃഷ്ടിച്ചിട്ടുണ്ട്. സിറ്റിങ് എം.പി ആന്റോ ആന്റണിയെ മാറ്റി മറ്റൊരാളെ പരീക്ഷിക്കാനുള്ള ആലോചന കോൺഗ്രസിലുണ്ട്. പൊന്നാനിയിൽ ലീഗ് മുൻ നേതാവ് കെ.എസ്. ഹംസയെ കൊണ്ടുവന്നത് ലീഗ് കേന്ദ്രങ്ങളിൽ അമ്പരമ്പുണ്ടാക്കുന്നുണ്ട്.
സമസ്തയുമായി അടുപ്പമുള്ള ഹംസയെ രംഗത്തിറക്കുന്നതിലൂടെ ലീഗ് വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തുകയാണ് സി.പി.എം ലക്ഷ്യം. കോഴിക്കോട്ട് എളമരം കരീം, ചാലക്കുടിയിൽ സി. രവീന്ദ്രനാഥ് എന്നീ മുതിർന്ന നേതാക്കളുടെ സാന്നിധ്യം പോരാട്ടത്തിന് അരങ്ങൊരുക്കുമെന്നും സി.പി.എം കണക്കുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.