കോഴിക്കോട്: എലത്തൂരിൽനിന്ന് മന്ത്രി എ.കെ. ശശീന്ദ്രനെ കണ്ണൂരിേലക്കു മാറ്റി സീറ്റ് പിടിച്ചെടുക്കാനൊരുങ്ങി സി.പി.എം. 2011ൽ നിലവിൽവന്ന മണ്ഡലത്തിൽ എൻ.സി.പിയുടെ സ്ഥാനാർഥി വീണ്ടും വരുന്നതിനെതിരെ മണ്ഡലത്തിൽ സി.പി.എം പ്രവർത്തകരുടെ വികാരം ശക്തമാണ്. സംസ്ഥാനത്തുതന്നെ സി.പി.എമ്മിന് ഉറച്ച പ്രതീക്ഷയുള്ള എലത്തൂരിൽ പ്രമുഖ സ്ഥാനാർഥിയെതന്നെ രംഗത്തിറക്കാനാണ് പാർട്ടി ഒരുങ്ങുന്നത്. ടി.പി. പീതാംബരന്റെ നേതൃത്വത്തിൽ എൻ.സി.പി രാഷ്ട്രീയ ചാഞ്ചാട്ടം തുടങ്ങിയപ്പോൾതന്നെ ഇനി സീറ്റ് ഏറ്റെടുക്കണെമന്ന് സി.പി.എം കീഴ്ഘടകങ്ങളിൽ ചർച്ചയുണ്ടായിരുന്നു. പാലാ സീറ്റ് കിട്ടില്ലെന്നുറപ്പിച്ച മാണി സി. കാപ്പൻ യു.ഡി.എഫിലേക്കു പോയാൽ എൻ.സി.പിയുെട വിലപേശൽശേഷി കുറയും. ഇതോടെ സ്വന്തം നാടായ കണ്ണൂരിലേക്ക് ശശീന്ദ്രൻ കൂടുമാറേണ്ടിവരും.
1980ൽ പെരിങ്ങളത്തും 82ൽ എടക്കാടും ജയിച്ച ശശീന്ദ്രനുവേണ്ടി കണ്ണൂർ മണ്ഡലത്തിൽ കടന്നപ്പള്ളി രാമചന്ദ്രൻ ഒഴിഞ്ഞുകൊടുക്കും. കണ്ണൂർ ചൊവ്വ സ്വദേശിയായ ശശീന്ദ്രൻ 82നുശേഷം മൂന്നു തവണ എം.എൽ.എയായതും കോഴിക്കോട് ജില്ലയിൽനിന്നാണ്; 2006ൽ ബാലുശ്ശേരിയിൽനിന്നും 2011ലും 16ലും എലത്തൂരിൽ നിന്നും. പെരിങ്ങളത്തും എടക്കാടും ബാലുശ്ശേരിയിലും എലത്തൂരിലുമായി അഞ്ചു തവണ എം.എൽ.എയായപ്പോഴും മികച്ച ഭൂരിപക്ഷത്തിൽ ജയിച്ച ചരിത്രമാണ് ശശീന്ദ്രനുള്ളത്. കഴിഞ്ഞ തവണ 29,057 വോട്ടിനായിരുന്നു ജയം. മണ്ഡലം തിരിച്ചുപിടിക്കാൻ യു.ഡി.എഫ് കച്ചകെട്ടുേമ്പാൾ കണ്ണൂരിൽ ശശീന്ദ്രന് പോരാട്ടം എളുപ്പമാകില്ല.
1987ൽ കണ്ണൂരിൽ പി. ഭാസ്കരനോട് ശശീന്ദ്രൻ തോറ്റിരുന്നു. ഡി.വൈ.എഫ്.ഐ അഖിേലന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസിന് സുരക്ഷിത മണ്ഡലം തേടുന്നതിെൻറ ഭാഗമായാണ് ശശീന്ദ്രനെ മാറ്റാൻ ശ്രമം നടക്കുന്നതെന്നറിയുന്നു. 2009ൽ ലോക്സഭയിലേക്കു തോറ്റശേഷം റിയാസ് സംഘടന രംഗത്തു മാത്രം ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു. കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബിനെയും പരിഗണിക്കുന്നുണ്ടെങ്കിലും കൺസ്യൂമർഫെഡിലെ തൊഴിൽ പ്രശ്നങ്ങളുമായി ബന്ധെപ്പട്ട് സി.ഐ.ടി.യുവടക്കം ഇദ്ദേഹത്തിനെതിരാണ്. എലത്തൂരിെൻറയും ശശീന്ദ്രെൻറയും ഭാവി നിശ്ചയിക്കുന്നത് എൻ.സി.പിയിലെ തുടർരാഷ്ട്രീയ ചലനങ്ങളാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.