സി.പി.എം പ്രവർത്തന ഫണ്ട് ശേഖരണം ഒന്നു മുതൽ

തിരുവനന്തപുരം: സി.പി.എം പ്രവർത്തന ഫണ്ട് ശേഖരണം സെപ്‌തംബർ 1 മുതൽ 14 വരെ നടക്കുമെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അറിയിച്ചു. പാർട്ടിയുടെ വിവിധ ഘടകങ്ങളുടെ ഒരുവർഷത്തെ പ്രവർത്തനത്തിന് ആവശ്യമായ ഫണ്ട് സമാഹരണം വിജയിപ്പിക്കാൻ മുഴുവൻ പാർട്ടി ഘടകങ്ങളോടും പ്രവർത്തകരോടും അഭ്യർഥിച്ചു. എല്ലാ പാർട്ടി മെമ്പർമാരും അവരുടെ കഴിവനുസരിച്ച് സംഭാവന നൽകണമെന്നും വീടുകളിലും തൊഴിൽ സ്ഥാപനങ്ങളിലും ബഹുജനങ്ങളെ നേരിട്ട് കണ്ട് ഫണ്ട് ശേഖരിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.

'ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കുന്നതിനും ബദൽ നയങ്ങൾ ഉയർത്തിപ്പിടിക്കുന്ന നയങ്ങൾക്കുവേണ്ടി പൊരുതിയും സി.പി.എം ജനപക്ഷത്ത് ഉറച്ചുനിന്നുകൊണ്ട് മുന്നോട്ടുപോവുകയാണ്. ജനക്ഷേമകരമായ പ്രവർത്തനങ്ങളിൽ ഇടപെടുന്ന പാർട്ടി എന്ന നിലയിൽ സാധാരണക്കാരയ ബഹുജനങ്ങളിൽനിന്നും ഫണ്ട് ശേഖരിച്ച് പ്രവർത്തിക്കുന്ന ശൈലിയാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നത്. ആഗോള വൽക്കരണ നയങ്ങൾക്കും കോർപ്പറേറ്റ് വൽക്കരണത്തിനുമെതിരായും വർഗീയതയ്ക്കും അഴിമതിക്കും എതിരായും പ്രവർത്തിക്കുന്നത് സി.പി.എം ആണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് എല്ലാ കാലത്തും സഹായങ്ങൾ നൽകിയിട്ടുള്ളത് ബഹുജനങ്ങളാണ്.

ഹിന്ദുത്വ- കോർപ്പറേറ്റ് അജണ്ടകൾ ശക്തമായിനടപ്പിലാക്കാൻ ബി.ജെ.പി സർക്കാർ ശ്രമിക്കുകയാണ്. ഇത്തരം നയങ്ങൾക്കെതിരായി ഉയർന്നുവരുന്ന എതിർപ്പുകളെ മറികടക്കാൻ ഹിന്ദുത്വ അജണ്ടകളും അമിതാധികാര പ്രവണതകളുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോവുകയാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും ആശയങ്ങൾ തകർക്കുന്നതിനുള്ള പദ്ധതികളും ബോധപൂർവ്വമായി രാജ്യത്ത് നടപ്പിലാക്കുകയാണ്.

രാജ്യത്തിന്റെ സ്വാശ്രയത്വത്തിനും പരമാധികാരത്തിനും അടിസ്ഥാനമായ പൊതു ആസ്‌തികളെല്ലാം കോർപ്പറേറ്റുകൾക്ക് വിറ്റുതുലയ്‌ക്കാനുള്ള പദ്ധതികളും നടപ്പിലാക്കുകയാണ്. ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ചും സ്വാതന്ത്ര്യ സമര കാലത്ത് ഉയർന്നുവന്ന ഗുണപരമായ എല്ലാ മൂല്യങ്ങളെയും തകർക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുകയാണ്. ക്ഷേമ പദ്ധതികളും പശ്ചാത്തല സൗകര്യ വികസനങ്ങളെയും തുരങ്കം വയ്ക്കുന്നതിനുള്ള പരിപാടികളും നടപ്പിലാക്കുകയാണ്.

കേന്ദ്ര സർക്കാരിന്റെ ഇത്തരം നയങ്ങൾക്കെതിരെ ബദൽ നയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സംസ്ഥാന സർക്കാർ പ്രവർത്തിക്കുകയാണ്. കേന്ദ്രം സ്വകാര്യവൽക്കരിച്ച പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുക്കുന്ന പ്രവർത്തനമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. ആരോഗ്യ വിദ്യാഭ്യാസാധി സംവിധാനങ്ങളെയെല്ലാം സർക്കാരിന്റെ ഇടപെടലുകൾ ശക്തിപ്പെടുത്തി സർക്കാർ മുന്നോട്ടുപോവുകയാണ്. ജനക്ഷേമകരമായ പ്രവർത്തനങ്ങളെ തടയുന്ന വിധം കടുത്ത അവഗണനയാണ് ധനകാര്യ മേഖലയിലുൾപ്പടെ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിച്ചുകൊണ്ട് ജനാധിപത്യ സംസ്‌കാരത്തിന്റെ പുതിയ മുഖം സംസ്ഥാനത്ത് സൃഷ്ടിക്കുകയാണ്. വൈജ്ഞാനിക സമൂഹ സൃഷ്ടിയിലൂടെ ഉൽപ്പാദനവും ഉൽപ്പാദന ക്ഷമതയും വർദ്ധിപ്പിച്ച് അവ നീതിയുക്തമായി വിതരണം ചെയ്യുന്ന പ്രവർത്തനങ്ങളിലും സർക്കാർ മുഴുകുകയാണ്. ഫണ്ടിനായി പാർട്ടി പ്രവർത്തകർ സമീപിക്കുമ്പോൾ എല്ലാ വിധ സഹായസഹകരണങ്ങളും നൽകണം' -സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർത്ഥിച്ചു.

Tags:    
News Summary - CPM fund collection from sept 1st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.