അടൂർ: സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടറിയായി കെ.പി. ഉദയഭാനുവിെന വീണ്ടും തെരഞ്ഞെടുത്തു. 34 അംഗ ജില്ല കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. അഞ്ചുപേർ പുതുമുഖങ്ങളാണ്. ആരോഗ്യമന്ത്രി വീണ ജോർജ്, കോൺഗ്രസ് വിട്ടുവന്ന പീലിപ്പോസ് തോമസ് എന്നിവർ ജില്ല കമ്മിറ്റിയിലെത്തി. മൂന്നാം തവണയാണ് ഉദയഭാനു സെക്രട്ടറിയാകുന്നത്. ജില്ല കമ്മിറ്റി അംഗസംഖ്യ 33ൽനിന്ന് 34 ആയി ഉയർത്തി. ഇരവിപേരൂർ ഏരിയ സെക്രട്ടറിയെന്ന നിലയിലാണ് പീലിപ്പോസ് തോമസ് ജില്ല കമ്മിറ്റിയിൽ എത്തിയത്. അടൂർ മുൻ ഏരിയ സെക്രട്ടറി, താലൂക്ക് സെക്രട്ടറി, കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറി, ദീർഘകാലം ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡൻറ് എന്നീ ചുമതലകളിൽനിന്ന് 2015ലാണ് കെ.പി. ഉദയഭാനു സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്.
സെക്രേട്ടറിയറ്റ് അംഗങ്ങളുടെ അംഗബലം ഒമ്പതിൽനിന്ന് പത്തായി ഉയർന്നു. പി.ജെ. അജയകുമാർ, എ. പത്മകുമാർ, ടി.ഡി. ബൈജു, പി.ബി. ഹർഷകുമാർ, ആർ. സനൽകുമാർ, രാജു എബ്രഹാം, ഓമല്ലൂർ ശങ്കരൻ, നിർമല ദേവി, പി.ആർ. പ്രസാദ് എന്നിവരാണ് സെക്രേട്ടറിയറ്റ് അംഗങ്ങൾ. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പുറമെ കേന്ദ്ര-സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാണ് ജില്ല കമ്മിറ്റി അംഗങ്ങളെയും സെക്രട്ടറിയെയും തെരഞ്ഞെടുത്തത്.
തിരൂർ: സി.പി.എം മലപ്പുറം ജില്ല സെക്രട്ടറിയായി ഇ.എൻ. മോഹൻദാസ് തുടരും. രണ്ടാം തവണയാണ് 69കാരനായ ഇദ്ദേഹം ജില്ല സെക്രട്ടറി സ്ഥാനത്തെത്തുന്നത്. തിരൂരിൽ മൂന്ന് ദിവസമായി നടന്ന സമ്മേളനത്തിൽ ഐകകണ്ഠ്യേനയായിരുന്നു തെരഞ്ഞെടുപ്പ്. 38 അംഗ ജില്ല കമ്മിറ്റിയിൽ എട്ടുപേർ പുതുമുഖങ്ങളാണ്. ആറുപേരെ ഒഴിവാക്കി.
പ്രായാധിക്യത്തെ തുടർന്ന് പി.പി. വാസുദേവൻ, ടി.കെ. ഹംസ, ടി.പി. ജോർജ് എന്നിവരും പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിെൻറ ഭാഗമായി ഐ.ടി. നജീബ്, സി.എച്ച്. ആഷിക്ക്, അസൈൻ കാരാട്ട് എന്നിവരുമാണ് പുറത്തുപോയത്.
പി.കെ. മുബഷിർ, കെ. ശ്യാം പ്രസാദ്, ഇ. സിന്ധു, ഇ.കെ. ആയിഷ, ടി. സത്യൻ, ടി. രവീന്ദ്രൻ, എം.പി. അലവി, കെ. മജ്നു എന്നിവരാണ് പുതുതായി ഉൾപ്പെട്ടവർ. 2007ൽ മണ്ണഴി എ.യു.പി സ്കൂൾ പ്രധാനാധ്യാപകനായി വിരമിച്ച മോഹൻദാസ് 11 വർഷം മലപ്പുറം ഏരിയ സെക്രട്ടറിയായിരുന്നു. എസ്.എഫ്.ഐ ജില്ല ജോ. സെക്രട്ടറിയും ഏറനാട് താലൂക്ക് സെക്രട്ടറിയുമായിരുന്നു. ഡി.വൈ.എഫ്.ഐ പ്രഥമ ജില്ല പ്രസിഡൻറായിരുന്നു.
ദേശാഭിമാനി മലപ്പുറം യൂനിറ്റ് മാനേജർ, റെയ്ഡ്കോ വൈസ് ചെയർമാൻ, കോഡൂർ സഹകരണ ബാങ്ക് പ്രസിഡൻറ്, ജില്ല സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഇന്ത്യനൂരിലെ എടയാട്ട് നെടുമ്പുറത്തെ പരേതരായ വേലുനായരുടെയും പാറുക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ. റിട്ട. അധ്യാപിക കെ. ഗീത. മക്കൾ: ഡോ. ദിവ്യ (കോട്ടക്കൽ ആര്യവൈദ്യശാല), ധ്യാൻ മോഹൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.