കുട്ടനാട്: സി.പി.എം ജില്ല നേതൃത്വത്തിന്റെ സമവായ നീക്കത്തെ വെല്ലുവിളിച്ച് പാർട്ടിയിൽ ഒരുവിഭാഗം. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ജില്ല സെക്രട്ടറിയും പങ്കെടുത്ത യോഗം നടപടിക്കു നിർദേശിച്ചയാളിന്റെ നേതൃത്വത്തിൽ പോഷക സംഘടനയുടെ ശിൽപശാല സമവായ നീക്കത്തിന് പിന്നാലെ സംഘടിപ്പിച്ചതാണ് വെല്ലുവിളിയായത്. പാർട്ടി അംഗങ്ങളുടെ കൂട്ടരാജി ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ കൂടിയ കുട്ടനാട് ഏരിയ കമ്മിറ്റി യോഗത്തിൽ ജില്ല നേതൃത്വം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ) കുട്ടനാട് ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് രാമങ്കരിയിൽ ശിൽപശാല സംഘടിപ്പിച്ചത്.
പാർട്ടിയിലെ തലവടി ലോക്കൽ കമ്മിറ്റിയിൽനിന്ന് രാജിക്ക് സന്നദ്ധത അറിയിച്ചവരുടെ പ്രധാനാവശ്യം പു.ക.സ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്നു നീക്കണമെന്നായിരുന്നു. പു.ക.സ പ്രാദേശിക നേതൃത്വത്തിലോ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിലോ ഇല്ലാത്തയാളെയാണ് സി.പി.എം ഏരിയ കമ്മിറ്റിയുടെ ഒത്താശയോടെ പു.ക.സയുടെ ഏരിയ സെക്രട്ടറി സ്ഥാനത്തേക്കു കൊണ്ടുവന്നത്. ഇതിൽ പ്രതിഷേധിച്ചാണ് തലവടി നോർത്ത് ലോക്കൽ കമ്മിറ്റിയിലെ 40ഓളം അംഗങ്ങൾ രാജിവെച്ചത്.
പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഏരിയ കമ്മിറ്റി ഇദ്ദേഹത്തെ നേതൃസ്ഥാനത്തുനിന്ന് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഇതുണ്ടായില്ലെന്ന് മാത്രമല്ല വിഭാഗീയത രൂക്ഷമാകുന്ന വിധത്തിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ശിൽപശാല നടത്തുകയും ചെയ്തു. ഇദ്ദേഹം ബി.ഡി.ജെ.എസ് സംസ്ഥാന കമ്മിറ്റിയിൽ ഇപ്പോഴും തുടരുന്നതായും ആക്ഷേപമുണ്ട്. സി.പി.എമ്മിൽ ഔദ്യോഗിക വിഭാഗത്തോടൊപ്പം നിൽക്കുന്ന ജില്ല പഞ്ചായത്ത് അംഗമാണ് ശിൽപശാല ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.