'ഇന്നീ ​പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതർ പിണറായി വിജയനെന്ന സഖാവ്​ തന്നെ'; ഇത് വല്ലാത്ത ജാതി തിരുവാതിരക്കളിയെന്ന്​ നെറ്റിസൺസ്​

രക്​തസാക്ഷിയുടെ ചിതയെരിഞ്ഞുതീരുംമുമ്പ് പാർട്ടി പരിപാടിയിൽ​ തിരുവാതിരക്കളി നടത്തിയ സി.പി.എമ്മിനെ പൊങ്കാലയിട്ട്​ നെറ്റിസൺസ്​. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് അരങ്ങേറിയ മെഗാ തിരുവാതിരയാണ്​ വിവാദമായത്​. മുഖ്യമന്ത്രി പിണറായി വിജയനേയും പാർട്ടിയേയും പ്രകീർത്തിച്ചുള്ള വരികളുള്ള പിട്ടിനോടൊപ്പം അരങ്ങേറിയ തിരുവാതിരക്കെതിരേ വ്യാപക പരിഹാസവും ഉയർന്നിട്ടുണ്ട്​.

മെഗാ തിരുവാതിരയിലെ വ്യക്​തി പൂജയും സവർണ്ണാഭിമുഖ്യവും സമൂഹമാധ്യമങ്ങളിലെ പാർട്ടി അനുഭാവികളെ ഉൾപ്പടെ പ്രകോപിതരാക്കിയിട്ടുണ്ട്​. തിരുവാതിരപ്പാട്ടിലെ ചില വരികൾ ഇങ്ങിനെയാണ്​. 'ഇന്നീ ​കേരളം ഭരിച്ചിടും പിണറായി വിജയനെന്ന സഖാവിന്​ നൂറ്​​ കോടി അഭിവാദ്യങ്ങൾ.

ഇന്നീ ​പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതർ പിണറായി വിജയനെന്ന സഖാവ്​ തന്നെ.

എതിരാളികൾ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം അടിപതറാതെ പോരാടിയ ധീരസഖാവാണ്​.

കേരളത്തെ ഒന്നൊന്നായി വമ്പൻ പ്രളയം വിഴു​ങ്ങിയപ്പോൾ രക്ഷയേകി പോറ്റിയി​ല്ലേ മാർക്​സിസ്​റ്റ്​ പാർട്ടി.

വലിയവനെന്നോ ചെറിയവനെന്നോ ഭേദമില്ലാതെ ജീവിതം വഴിമുട്ടി നിന്ന്​ ചോദ്യചിഹ്​നമായപ്പോൾ.

ഭക്ഷ്യ കിറ്റും ധാന്യ കിറ്റും നാടുമുഴുവൻ മുടങ്ങാതെ നൽകി രക്ഷയേകിയില്ലേ മാർക്​സിസ്​റ്റ്​ പാർട്ടി'.  ഇൗ വരികളുള്ള തിരുവാതിരക്കളിയുടെ ശകലങ്ങൾ പങ്കുവച്ചുകൊണ്ട്​ നിവരിപേർ രൂക്ഷ വിമർശനമാണ്​ ഉയർത്തുന്നത്​. ഇതെന്താ 'പിണുവാതിരയോ' എന്ന്​ പരിഹസിക്കുന്നവരും ഏറെയുണ്ട്​. അതോടൊപ്പം കോവിഡ്​ വ്യാപനം രൂക്ഷമായ സമയത്ത്​ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതി​െൻറ സാംഗത്യവും നിരവധിപേർ ചോദ്യം ചെയ്യുന്നു.


'കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് ഉടനെ തിരുവാതിര നടത്തിയത് ചട്ടവിരുദ്ധം. ശിക്ഷാർഹം

ധീരജിന്റെ ചിതയണയും മുമ്പേ ഇത്തരം ഒരു ആഘോഷ സമാനമായ പരിപാടി നടത്തിയത് തനി തോന്ന്യാസം. മാപ്പില്ല.

ഇമ്മാതിരിയൊരു സവർണ്ണ ഫ്യൂഡൽ ആഭാസം കലയുടെയും സ്ത്രീ ശാക്തീകരണത്തിന്റേയും പേര് പറഞ്ഞ് പാർട്ടിസമ്മേളനത്തിന്റെ മറവിൽ അവതരിപ്പിച്ചത് സത്യം പറഞ്ഞാൽ തനി സ്ത്രീവിരുദ്ധം. ഈ

തല്ലു കൊള്ളിത്തരത്തിന് നല്ല ചൂരൽ പ്രയോഗം തന്നെയാണ് പറ്റിയ മരുന്ന് . പുരോഗമന പ്രസ്ഥാനമായ സി.പി.എമ്മിൽ നിന്നും ഇതൊന്നുമല്ല ജനം പ്രതീക്ഷിക്കുന്നത്.

ഔചിത്യം എന്നത് പൊടി പോലുമില്ല കണ്ട് പിടിക്കാൻ . കഷ്ടം തന്നെ.

പറയാതെ വയ്യ'-ഒരാൾ സമൂഹമാധ്യമത്തിൽ കുറിച്ചു.

'ഇത് മുഷ്ക്ക് ആണ്. ധാർഷ്ട്യമാണ്. അഹങ്കാരമാണ്. തുറസ്സായ വേദികളിൽ 150 ൽ കൂടുതൽ ആളുകൾ കൂടരുത് എന്ന് തീരുമാനമെടുത്ത കോ വിഡ് അവലോകനക്കമ്മിറ്റി ത്തലവൻ്റെ സർക്കാർ എടുത്ത തീരുമാനം, എത്ര മനോഹരമായാണ് 500 ലതികം ആളുകളെ കൂട്ടി തിരുവാതിര കളിച്ച് അദ്ദേഹത്തിൻ്റെ പാർട്ടി ലംഘിക്കുന്നതെന്ന് നോക്കൂ.

ഞങ്ങളുടെ സർക്കാർ എടുക്കുന്ന തീരുമാനം ഞങ്ങൾക്ക് ബാധകമല്ലന്ന് എത്ര മനോഹരമായാണ് ആ പാർട്ടി ആടി പ്പാടി പൊതു സമൂഹത്തോട് പറയുന്നതെന്ന് നോക്കൂ'-മറ്റൊരാൾ എഴുതുന്നു.


'സി.പി.ഐ.എം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനു ബന്ധിച്ച് 550 സ്ത്രീകൾ പങ്കെടുത്ത മെഗാ തിരുവാതിര ഇന്നലെ നടന്നു. ആഹാ! കോവിഡ് പ്രോട്ടോക്കോൾ. സഖാവ് ധീരജിൻ്റെ രക്തസാക്ഷിത്വം.

ടൈമിംഗ് എന്ന് പറഞ്ഞാൽ ഇതാണ്. എത്ര മനോഹരമായ ആചാരങ്ങൾ. അല്ലെങ്കിലും സി.പി.എം. ഏറ്റെടുത്ത് നടത്തി വ്യാപിപ്പിക്കേണ്ട കലാരൂപം തന്നെയാണ് തിരുവാതിര. അക്കളിയുടെ വിമോചന മൂല്യം, രാഷ്ടീയ പ്രാധാന്യം, ചരിത്ര പ്രാധാന്യം ഒക്കെ അത് ആവശ്യപ്പെടുന്നുണ്ട്. രക്തസാക്ഷികൾ സിന്ദാബാദ്'-വിമർശനം തുടരുന്നു.


മരണവീടുകളിൽ എല്ലാവരും പാലിക്കുന്ന ചില മര്യാദകളുണ്ട്

അത് വെറും മര്യാദകൾ മാത്രമല്ല, മരിച്ചു പോയവരുടെ വിയോഗം കൊണ്ടുള്ള വേദന കൊണ്ട് നമ്മൾ മാറ്റി വക്കുന്ന ചില കാര്യങ്ങളാണ്

മരണവീടുകളിൽ ആരും തിരുവാതിര കളിക്കാറില്ല, അല്ലെങ്കിൽ വേദന കൊണ്ട് ആർക്കും തിരുവാതിര കളിയ്ക്കാൻ പോയിട്ട് ഒന്നെഴുന്നേറ്റ് നിൽക്കാൻ പോലും സാധിക്കാറില്ല

ധീരജിന്റെ ചിത കത്തി തീരും മുൻപ് തിരുവനന്തപുരത്ത് സിപിഎംകാർ തിരുവാതിര കളിച്ചത് വലിയ വേദനയുണ്ടാക്കുന്നതാണ്

മൂന്നു പ്രശ്നങ്ങളാണ് ഇതിലുള്ളത്

1 മരണവീട്ടിലെ തിരുവാതിര

2 കോവിഡ് കാലത്തുള്ള അനാവശ്യമായ ഒത്തുകൂടൽ

3 ജനാധിപത്യ മഹിളാ അസോസിയേഷൻ വേഷം കെട്ടി തിരുവാതിര കളിയ്ക്കാൻ ഇക്കാലത്തും മുതിരുന്നു എന്നത് അപമാനകരമായി തോന്നുന്നു. രാഷ്ട്രീയം പറയേണ്ട സമയത്തു തിരുവാതിര കളിക്കുന്നവർ എത്ര രാഷ്ട്രീയബോധമില്ലാത്തവരായിരിക്കും!

സഖാവ് ധീരജിനു ആദരാഞ്ജലി.


502 പേര്‍ പങ്കെടുത്ത മെഗാ തിരുവാതിരയാണ്​ സി.പി.എം സംഘടിപ്പിച്ചത്​. പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയുള്ള തിരുവാതിര കളി.

ഇ​ടു​ക്കി എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജിലുണ്ടായ സംഘർഷത്തിൽ എസ്​.എഫ്​.​െഎ പ്രവർത്തകൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ നടന്ന ആഘോഷം സി.പി.എം അണികൾക്കിടയിലും രോഷത്തിന്​ കാരണമായിട്ടുണ്ട്​.

പാറശാലയില്‍ 14ന് തുടങ്ങുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായാണ് തിരുവാതിര നടത്തിയത്. ജനാധിപത്യ മഹിള അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പൊതുപരിപാടിയില്‍ 150 പേരില്‍ കൂടരുതെന്ന നിയന്ത്രണം നിലനില്‍ക്കെ 502 പേര്‍ തിരുവാതിര കളിയുടെ ഭാഗമായി. ചെറുവാരക്കോണം സിഎസ്ഐ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന തിരുവാതിരയ്ക്ക് അത്രതന്നെ കാണികളുമെത്തി. 


Full View


Tags:    
News Summary - cpm mega thiruvathira cause social media criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.