സ്ഥാപിത താല്പര്യങ്ങൾക്ക് അനുസരിച്ച് വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു- കെ. കുഞ്ഞികൃഷ്ണൻ

തിരുവനന്തപുരം: ഇന്ത്യയിൽ നാളുകൾ പിന്നിടുന്തോറും മാധ്യമവിശ്വാസ്യത ഇടിയുകയാണെന്നും സ്ഥാപിതതാല്പര്യങ്ങൾക്ക് അനുസരിച്ച് വാർത്തകൾ വ്യാഖ്യാനിക്കുന്നതും റിപ്പോർട്ട് ചെയ്യുന്നതും ഇതിന് പ്രധാന കാരണമാണെന്നും ദൂരദർശൻ മുൻ അഡീഷനൽ ഡയറക്ടർ ജനറൽ കെ. കുഞ്ഞികൃഷ്ണൻ. കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ മാധ്യമദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ ഏറ്റവും വലിയ മാധ്യമരംഗവും മാധ്യമവിപണിയുമാണ് ഇന്ത്യ. ഇന്ത്യയിൽ 1,40,000 പത്രങ്ങളും 912 ചാനലുകളും ഉണ്ട്. വസ്തുതാപരിശോധനയില്ലായ്മ, സെൻസേഷണലിസത്തോടുളള അമിത താല്പര്യം, പക്ഷപാത സമീപനം, ഉറവിടത്തിന്റെ വിശ്വസനീയത പരിശോധിക്കാതിരിക്കുക തുടങ്ങിയവയാണ് നിലവിൽ ഇന്ത്യൻ മാധ്യമങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ. ബ്രേക്കിംഗ് ന്യൂസിനുളള തത്രപ്പാടിൽ വാർത്ത പ്രസിദ്ധീകരിക്കുംമുമ്പ് അതിന്റെ വസ്തുനിഷ്ഠത പരിശോധിക്കപ്പെടുന്നില്ലെന്നും മുൻകാലങ്ങളിൽ അത് കൃത്യമായി നടന്നിരുന്നുവെന്നും കെ.കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് ഫലപ്രവചനത്തിൽ ബ്രിട്ടനിലെ എക്‌സിറ്റ്‌പോൾ മാതൃക ഇന്ത്യക്കും സ്വീകരിക്കാവുന്നതാണെന്ന് ലണ്ടനിലെ പ്രമുഖ മലയാളി മാധ്യമപ്രവർത്തകൻ മണമ്പൂർ സുരേഷ് പറഞ്ഞു. ബ്രീട്ടീഷ് മാധ്യമങ്ങളുടെ സ്വഭാവത്തെ പറ്റിയാണ് മാധ്യമദിനാചരണത്തിൽ അദ്ദേഹം സംസാരിച്ചത്. എക്‌സിറ്റ് പോളുകൾ ഇലക്ഷൻ റിപ്പോർട്ടിംഗിന്റെ രസംകൊല്ലികളാണെന്ന് മുതിർന്ന ബ്രീട്ടീഷ് മാധ്യമപ്രവർത്തകൻ ഡേവിഡ് ഡിംപിൾബി പറഞ്ഞത് ടെലിവിഷൻ അവതാരകരുടെ റോൾ നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ്. 1.5 സീറ്റ് മുതൽ 7.5 സീറ്റ് വരെയാണ് എക്‌സിറ്റ്‌പോൾ ഫലത്തിൽ വ്യത്യാസമുണ്ടാകുന്നത്.

ഇത്തവണ ലേബർ പാർട്ടിക്ക് 410 സീറ്റ് ലഭിക്കുമെന്നായിരുന്നു എക്‌സിറ്റ്‌പോൾ. എന്നാൽ കിട്ടിയത് 412 സീറ്റ്. ഇത്തരത്തിൽ കൃത്യത ഉണ്ടാകുന്നത് അവിടെ സ്വീകരിച്ചിരിക്കുന്ന ശാസ്ത്രീയരീതി കൊണ്ടാണ്. തിരഞ്ഞെടുക്കപ്പെട്ട പോളിങ് ബുത്തുകളിൽ നിശ്ചിത ശതമാനം വോട്ടർമാർക്ക് പുതിയ ബാലറ്റ് പേപ്പർ നൽകി വോട്ട് രേഖപ്പെടുത്തും. വോട്ടർമാരുടെ സമ്മതത്തോടെയാണ് ഇത് ചെയ്യുന്നത്. ഓരോ ഏഴ് മിനിട്ടും ഇടവിട്ടാണ് വോട്ട് ചെയ്യിപ്പിക്കുക. എക്‌സിറ്റ്‌പോൾ ഫലം പ്രസിദ്ധീകരിക്കുന്നത് വിവിധ മാധ്യമസ്ഥാപനങ്ങളുടെ കൂട്ടായ്മയാണ്. വോട്ടെടുപ്പ് അവസാനിച്ച് എതാനും നിമിഷങ്ങൾക്കുളളിൽ എക്‌സിറ്റ് പോൾ ഫലം വരും. ഇതുകണ്ടാൽ പിന്നീട് തിരഞ്ഞെടുപ്പ് വാർത്തകൾക്കായി സമയംകളയേണ്ടതില്ലെന്നും മണമ്പൂർ സുരേഷ് പറഞ്ഞു.

കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷ വഹിച്ചു. മാധ്യമവിശ്വാസ്യത ചർച്ചയാകുമ്പോൾപോലും രണ്ടോ അതിലധികമോ പക്ഷങ്ങളുണ്ടാകുന്നുവെന്നും ഏകാഭിപ്രായത്തിലെത്താൻ കഴിയാത്ത സാഹചര്യമാണുളളതെന്നും കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി.റെജി പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകൻ പി.വി.മുരുകൻ, ഫോട്ടോജേണലിസം കോർഡിനേറ്റർ ബി.ചന്ദ്രകുമാർ, മീഡിയ ക്ലബ് കോർഡിനേറ്റർ സ്‌നെമ്യ മാഹിൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - News is reported according to vested interests - K. Kunjikrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.