മലപ്പുറം: ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. സന്ദീപ് വാര്യരുടെ ഫോട്ടോക്കൊപ്പം സ്വാഗതം ബ്രോ...എന്ന് കുറിച്ചാണ് മുനവ്വറലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്. നിരവധിയാളുകളാണ് പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. ബഹറിൽ മുസല്ലയിട്ട് നിസ്കരിച്ചാലും സംഘിയെ നമ്പരുതെന്നാണ് ഒരാൾ പോസ്റ്റിന് താഴെ കുറിച്ചത്. രാജവെമ്പാലകളുടെ രാജാവാണ് സന്ദീപ് വാര്യരെന്ന് മറ്റൊരാളും കുറിച്ചു. ഇനി ആർ.എസ്.എസ് പ്രവർത്തനവും കോൺഗ്രസ് പ്രവർത്തനവും ഒരുമിച്ച് കൊണ്ടുപോകാമെന്നായിരുന്നു മറ്റൊരാളുടെ പരിഹാസം.
ഇടതുപക്ഷത്തേക്കെന്ന അഭ്യൂഹം ശക്തമായതിനിടെയാണ് സന്ദീപ് വാര്യർ അപ്രതീക്ഷിതമായി കോൺഗ്രസിൽ ചേർന്നത്. സന്ദീപുമായി ദിവസങ്ങളായി രഹസ്യ ചർച്ച നടത്തിവരികയായിരുന്നവെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിട്ടുണ്ട്. പാലക്കാട് നടന്ന വാർത്ത സമ്മേളനത്തിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുടെ നേതൃത്വത്തിൽ, കോൺഗ്രസ് നേതാക്കൾ സന്ദീപിനെ ഷാളണിയിച്ച് പാർട്ടിയിലേക്ക് ക്ഷണിച്ചു.
പാർട്ടി തനിക്ക് അർഹമായ പരിഗണന നൽകിയിട്ടില്ലെന്നും ബി.ജെ.പി വെറുപ്പ് ഉൽപാദിപ്പിക്കുന്ന ഫാക്ടറിയാണെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. ജനാധിപത്യത്തെ പാടെ അപമാനിക്കുന്ന ഒരു ഫാക്ടറിയിൽ ശ്വാസംമുട്ടി കഴിയേണ്ട അവസ്ഥയായിരുന്നു തനിക്ക്. മുഖ്യമന്ത്രിയുമായി ചേർന്ന് ബി.ജെ.പി. അഡ്ജസ്റ്റ്മെന്‍റ് രാഷ്ട്രീയം കളിക്കുന്നു.
അതിനെതിരെ പ്രതികരിച്ചതാണ് തനിക്കുനേരെ നടപടി സ്വീകരിക്കാൻ കാരണമായത്. മതം തിരഞ്ഞ് പ്രചാരണം നടത്താൻ കഴിയില്ല. സ്നേഹത്തിന്‍റെ കടയിൽ അംഗത്വമെടുക്കുകയാണെന്നും വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും കോട്ടയിൽനിന്ന് പുറത്തുവന്നതിന്‍റെ സന്തോഷത്തിലാണ് താനെന്നും സന്ദീപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.